‘ഷെബി മകനെ പോലെ, സ്‌കൂള്‍ വിട്ടുപോയിട്ടും ഇപ്പോഴും വരും; ‘സ്‌നേഹസെല്‍ഫി’യിലെ സീമ ടീച്ചര്‍ പറയുന്നു
'ഷെബി (ഷെബീര്‍) എനിക്ക് വിദ്യാര്‍ത്ഥിയല്ല, മകനെ പോലെയാണ്. ഏതൊരമ്മയ്ക്കും മക്കളോട് തോന്നുംപോലെയുള്ള വാത്സല്യമാണ്. അവിടെ ഞങ്ങള്‍ അധ്യാപികയും വിദ്യാര്‍ത്ഥിയും മാത്രമല്ല. സ്‌കൂള്‍ വിട്ടുപോയിട്ടും അധ്യാപകരെ കാണാന്‍ അവന്‍ ഇപ്പോഴും വരും. ഞങ്ങളോട് കഥപറയും, കൂട്ടുകൂടും. സഹായിക്കാനെത്തും. ഭിന്നശേഷിക്കാരനായ വിദ്യാര്‍ത്ഥിയുടെ 'സങ്കല്‍പ്പ സെല്‍ഫി'യില്‍ അത്രമേല്‍ സ്വാഭാവികമായി പോസ് ചെയ്ത്, സ്‌നേഹ സെല്‍ഫിയാക്കിയ സീമ ടീച്ചര്‍ ദ ക്യുവിനോട് പറഞ്ഞു. കനിവുണര്‍ത്തുന്ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
അസ്ലം എന്ന അധ്യാപകന്‍ രണ്ട് വര്‍ഷം മുന്‍പ് പകര്‍ത്തിയ ചിത്രം കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്കില്‍ പങ്കുവെയ്ക്കുകയായിരുന്നു. മലപ്പുറം ജില്ലയിലെ വള്ളത്തോള്‍ എയുപി സ്‌കൂളില്‍ നിന്ന് പകര്‍ത്തിയതാണ് ആ വാത്സല്യനിമിഷം. ഈ സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ ഷെബി വിരലുകള്‍ ഫോണാക്കി അവന്റെ സീമ ടീച്ചറെ സെല്‍ഫിക്ക് ക്ഷണിച്ചപ്പോള്‍ നിറചിരിയുമായി അവര്‍ നിന്നു. സാമൂഹ്യശാസ്ത്രം അധ്യാപികയായ സീമയ്ക്കിത് ആ സമയത്ത് അവനെ സന്തോഷിപ്പിക്കാനുള്ള കേവല നേരംപോക്കായിരുന്നില്ല. അതിനാലാണ് ആ ചിത്രം ജീവന്‍ തുടിക്കുന്നതായത്. വാത്സല്യനിറവോടെ കുനിഞ്ഞ് ചുമലൊതുക്കി ഫോണായി പരിണാമപ്പെട്ട അവന്റെ വിരലുകളിലെ ക്യാമറയിലേക്ക് നോക്കി ടീച്ചര്‍ അതിനൊത്തുനിന്നു. ആരുടെയും കണ്ണുകളെ പിടിച്ചെടുക്കുന്ന ചിത്രമായി അസ്ലം മാസ്റ്റര്‍ അത് പകര്‍ത്തി.
രണ്ട് വര്‍ഷം മുന്‍പ് സ്‌കൂളിലെ ഒരു യാത്രയയപ്പ് ചടങ്ങിന് എത്തിയതായിരുന്നു അസ്ലം മാസ്റ്റര്‍. ചടങ്ങിന്റെ ഫോട്ടോ പകര്‍ത്താന്‍ ക്യാമറയുമായാണ് മാഷ് വന്നത്. കയ്യിലെ ക്യാമറ കണ്ടപ്പോള്‍ ഷെബിക്ക് കൗതുകം, അവന്‍ അത് വിശദമായി പരിശോധിച്ചു. തുടര്‍ന്ന് സെല്‍ഫിയെടുക്കാനായി ഇടതുകൈ ഉയര്‍ത്തി വിരലുകള്‍ മൊബൈലാക്കി. തുടര്‍ന്ന് ടീച്ചറെ സെല്‍ഫിയിലേക്ക് ക്ഷണിക്കുകയായിരുന്നു. ആ നിമിഷത്തെ സ്വാഭാവികത കൃത്രിമമായി ഒരുക്കിയതല്ലെന്ന് സീമ ടീച്ചര്‍ വ്യക്തമാക്കുന്നു. ഷെബി സാധാരണ പോസ് ചെയ്യാന്‍ ആവശ്യപ്പെടുമ്പോള്‍ ചെയ്യുന്ന പോലെ നിന്നതാണെന്നും അവര്‍ പറയുന്നു. സീമയുടെ അയല്‍പക്കത്താണ് ഷെബിയുടെ വീട്. അതിനാല്‍ അവന് ടീച്ചറെ മുന്‍പേ അറിയാം.
അസ്ലം മാസ്റ്ററുടെ പോസ്റ്റ്
‘സീമ എന്നാണ് അവന്‍ പലപ്പോഴും വിളിക്കാറ്. എന്നെ മാത്രമല്ല മറ്റ് അധ്യാപകരെയും അവന്‍ പേര് വിളിക്കാറുണ്ട്. അവന്റെ സന്തോഷത്തിന് വേണ്ടി എല്ലാറ്റിനും നിന്നുകൊടുക്കാറുണ്ട്. അതിന് മുന്‍പും അവന്‍ എന്നെ നിര്‍ത്തി സെല്‍ഫിയെടുത്തിട്ടുണ്ട്. ശരിയായില്ലെങ്കില്‍ അവന്‍ വീണ്ടും എടുപ്പിക്കും. മൊബൈലില്ലെങ്കിലും അത്രമേല്‍ സൂക്ഷ്മതയോടെയാണ് അവന്‍ അത് ചെയ്യാറ്’.
സീമ മോഹന്‍
തന്നോടുമാത്രമല്ല മറ്റ് അധ്യാപകരോടും അവന് വലിയ അടുപ്പമാണ്. സ്‌കൂള്‍ വിട്ടുപോയിട്ടും ഇപ്പോഴും വരുന്നത് അതുകൊണ്ടാണ്. അവന് ഇവിടെ വല്ലാത്തൊരു സുരക്ഷിതത്വ ബോധം അനുഭവപ്പെടുന്നുണ്ട്. ഇന്നലെയും അവന്‍ സ്‌കൂളില്‍ വന്നിരുന്നു. വള്ളത്തോള്‍ എയുപിയില്‍ ഇതുപോലെ രണ്ട് കുട്ടികള്‍ വേറെയുമുണ്ടെന്നും ടീച്ചര്‍ പറയുന്നു. അതിലൊരു പെണ്‍കുട്ടി സീമയുടെ ക്ലാസിലാണ്. വേറെ ക്ലാസിലേക്ക് പോകുമ്പോള്‍ അവള്‍ ടീച്ചറെ അനുഗമിക്കും. ആ ക്ലാസില്‍ വന്നിരിക്കും. സീമയുടെ പിന്നില്‍ നിന്ന് മാറില്ല.അധ്യാപകരും അനധ്യാപകരും വിദ്യാര്‍ത്ഥികളും അവരെ പ്രോത്സാഹിപ്പിക്കുകയും അവരുടെ സന്തോഷത്തിനായി ഇടപഴകുകയും ചെയ്യാറുണ്ട്. മുതിര്‍ന്നവരെക്കാളും പക്വതയോടെ മറ്റുകുട്ടികള്‍ ഇടപഴകുന്നത് അത്ഭുതപ്പെടുത്താറുണ്ടെന്നും സീമ പറയുന്നു.
ഭിന്നശേഷിക്കാരെ ഉള്‍ക്കൊള്ളാനുള്ള മനസ്സുണ്ടാകണമെന്ന് ടീച്ചര്‍ ഓര്‍മ്മപ്പെടുത്തുന്നു. അവരെ അംഗീകരിക്കുകയും ഭാവമാറ്റങ്ങളെ ശ്രദ്ധാപൂര്‍വ്വം ഉള്‍ക്കൊള്ളുകയും വേണം. പരിമിതികള്‍ ഉണ്ടെന്ന മുന്‍വിധിയോടെ ഒരിക്കലും സമീപിക്കരുത്. നമ്മുടെ ഭാഗത്തുനിന്നുണ്ടാകുന്ന ചെറിയ പെരുമാറ്റ വൈകല്യം പോലും അവര്‍ക്ക് ഉള്‍ക്കൊള്ളാനോ സ്വീകരിക്കാനോ സാധിച്ചെന്ന് വരില്ല. പരിമിതികളില്‍ തളച്ചിടാതെ അവരെ അത്രമേല്‍ ചേര്‍ത്തുപിടിക്കുകയാണ് വേണ്ടതെന്നും ഈ സാമൂഹ്യശാസ്ത്രം അധ്യാപിക വ്യക്തമാക്കുന്നു.
രണ്ട് വര്‍ഷം മുന്‍പത്തെ ഒരു ചിത്രം പോസ്റ്റ് ചെയ്യുന്നുണ്ടെന്ന് മാഷ് പറഞ്ഞിരുന്നു. ഏതാണെന്ന് ചോദിച്ചപ്പോള്‍ സസ്‌പെന്‍സ് ആയിരിക്കട്ടെ എന്നായിരുന്നു മറുപടി. കുഴപ്പമുള്ളതല്ലെന്ന് മാത്രമാണ് പറഞ്ഞത്. ഏതായിരിക്കുമെന്ന് ചിന്തിച്ചിട്ട് പിടികിട്ടിയതുമില്ല. ഇതായിരുന്നു ചിത്രമെന്ന് പോസ്റ്റ് ചെയ്തപ്പോഴാണ് മനസ്സിലായത്. അസ്ലം മാഷിന്റെ നല്ല കുറിപ്പോടെ ചിത്രം വന്നപ്പോള്‍ നിരവധി പേരിലേക്കെത്തി. ഫോട്ടോ കണ്ട് നിരവധി പേര്‍ വിളിച്ചു.
സീമ മോഹന്‍
2006 ലാണ് സീമ സ്‌കൂളില്‍ അധ്യാപികയായി പ്രവേശിച്ചത്. ഇതേ സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥിയാണ്. അമ്മ ചന്ദ്രിക ഇതേ സ്‌കൂളിലെ പ്രധാനാധ്യാപികയായിരുന്നു. പ്ലസ്ടുവിലും ഏഴാം ക്ലാസിലും പഠിക്കുന്ന മക്കളുണ്ട്. ഭര്‍ത്താവ് മോഹന്‍ കുമാര്‍ എന്‍ട്രന്‍സ് പരിശീലന സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു.