മുല്ലപ്പെരിയാറിലെ ബേബിഡാം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മരങ്ങള്‍ മുറിക്കാനുള്ള ഉത്തരവ് കേരളം മരവിപ്പിച്ചതിനെ വിമര്‍ശിച്ച് തമിഴ്‌നാട് ജലവിഭവ വകുപ്പ് മന്ത്രി എസ്.ദുരൈമുരുകന്‍. നീക്കം ചെയ്യേണ്ട മരങ്ങള്‍ പ്രത്യേകമായി നമ്പറിട്ട് വിശദമായ ഉത്തരവാണ് ലഭിച്ചത്. ഉത്തരവിറങ്ങിയത് മന്ത്രിമാര്‍ അറിയാതെയാണെന്നത് വിശ്വസിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു.
സുപ്രധാനമായ ഒരു തീരുമാനം ഉദ്യോഗസ്ഥന്‍ മാത്രം എടുക്കുന്നത് എങ്ങനെയാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും അറിഞ്ഞില്ലെങ്കില്‍ എന്തുഭരണമാണ് കേരളത്തില്‍ നടക്കുന്നത്. ഉത്തരവ് മരവിപ്പിച്ചതിന്റെ പേരില്‍ കേരളവുമായി ഏറ്റുമുട്ടലിനില്ലെന്നും തമിഴ്‌നാട് മന്ത്രി വ്യക്തമാക്കി.
മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയാക്കുമെന്ന്, ജലനിരപ്പ് ഉയര്‍ത്താത്തതിലെ ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് സംസാരിക്കവെ മന്ത്രി ദുരൈമുരുകന്‍ പറഞ്ഞു. നവംബര്‍ 30ന് ജലനിരപ്പ് 142 അടിയിലെത്തുമെന്നാണ് പ്രഖ്യാപനം. മുല്ലപ്പെരിയാറില്‍ കാര്യങ്ങള്‍ സുപ്രീംകോടതി പറയുന്നത് അനുസരിച്ചാണ് നടക്കുകയെന്നും അദ്ദേഹം പറഞ്ഞു.