നാര്‍ക്കോട്ടിക് ജിഹാദ് വിവാദത്തില്‍ പാലാ ബിഷപ്പിനൊപ്പം ഒറ്റക്കെട്ടായി നിലകൊള്ളുമെന്ന് സിറോ മലബാര്‍ സഭ. ബിഷപ്പിനെ ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടക്കുന്നു. ഇത്തരം ശ്രമങ്ങളില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്മാറണമെന്നും സിറോ മലബാര്‍ സഭ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ പറഞ്ഞു.
ബിഷപ്പ് പറഞ്ഞതിന്റെ ഉദ്ദേശശുദ്ധി വ്യക്തമായിട്ടും നടപടി സ്വീകരിക്കണമെന്ന മുറവിളി ആസൂത്രിതമാണ്. കുറ്റപ്പെടുത്താനുള്ള നീക്കങ്ങള്‍ തുടര്‍ന്നാല്‍ ബിഷപ്പിനൊപ്പം ഒറ്റക്കെട്ടായി നിലകൊള്ളും പ്രസ്താവനയില്‍ പറയുന്നു.
പാലാ ബിഷപ്പ് നടത്തിയത് സഭാ വിശ്വാസികള്‍ക്കുള്ള പ്രസംഗമായിരുന്നു, പൊതുജനത്തിനുവേണ്ടിയുള്ള ഒരു പ്രസ്താവനയായിരുന്നില്ല. ചില രാഷ്ട്രീയ നേതാക്കളും മാധ്യമങ്ങളും പ്രസ്ഥാനങ്ങളും അവരുടെ ഇടപെടലുകളിലൂടെ പിതാവിന്റെ പ്രസംഗത്തെ രണ്ടു മതങ്ങള്‍ തമ്മിലുള്ള പ്രശ്നമായി അവതരിപ്പിച്ചു. ഈ തെറ്റായ അവതരണമാണു വിവാദങ്ങള്‍ക്കും ഫലരഹിതമായ ചര്‍ച്ചകള്‍ക്കും കാരണമായതെന്നും പ്രസ്താവയില്‍ ആരോപിക്കുന്നുണ്ട്.