‘പ്രണയം നടിച്ച് പെണ്‍കുട്ടികളെ മതംമാറ്റി തീവ്രവാദത്തിന് ഉപയോഗിക്കുന്നു’; ലൗ ജിഹാദ് ആരോപണത്തില്‍ സ്വരം കടുപ്പിച്ച് സിറോ മലബാര്‍ സഭ
ലൗ ജിഹാദ് ആരോപണത്തില്‍ ഉറച്ച് സിറോ മലബാര്‍ സഭ. പ്രണയം നടിച്ച് പെണ്‍കുട്ടികളെ മതം മാറ്റി തീവ്രവാദത്തിന് ഉപയോഗിക്കുന്നുണ്ടെന്നും ഭരണകൂട ജാഗ്രത അനിവാര്യമാണെന്നും പരാമര്‍ശിച്ച് കത്തോലിക്കാ മെത്രാന്‍ സമിതി രംഗത്ത്. വീഡിയോ സന്ദേശത്തിലൂടെയാണ് ലൗ ജിഹാദ് ആരോപണം സഭ ആവര്‍ത്തിക്കുന്നത്. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാദര്‍ വര്‍ഗീസ് വള്ളിക്കാട്ടാണ് വീഡിയോ സന്ദേശത്തിലൂടെ സഭയുടെ നിലപാട് ആവര്‍ത്തിച്ചിരിക്കുന്നത്.
കേരളത്തില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളില്‍ ചിലര്‍ വിദേശരാജ്യങ്ങളില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളിലേക്ക് എത്തിപ്പെടുന്നതിനെ കുറിച്ച് സമഗ്രമായ അന്വേഷണം ആവശ്യമാണ്. ഈ പ്രശ്‌നത്തില്‍ നാളിതുവരെ കാര്യക്ഷമമായ അന്വേഷണം നടന്നിട്ടില്ല. പ്രതീക്ഷിക്കുന്ന പോലെ നിഷ്പക്ഷമല്ല കാര്യങ്ങള്‍. ലൗജിഹാദിനെ തമസ്‌കരിക്കുന്ന നിലപാടാണ് രാഷ്ട്രീയ നേതൃത്വങ്ങളുടേത്. അവര്‍ മുന്‍കൂട്ടി ചില നിലപാടുകളെടുത്തിട്ടുണ്ട്. അതിനെ മറികടന്ന് പോകാന്‍ പൊലീസിനോ അന്വേഷണ ഏജന്‍സികള്‍ക്കോ സാധിക്കുന്നില്ലെന്നും കത്തോലിക്കാ സഭ ആരോപിക്കുന്നു.
ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമിട്ട് സംസ്ഥാനത്ത് ലൗ ജിഹാദ് നടക്കുന്നുവെന്ന് രണ്ടാഴ്ച മുന്‍പ് ചേര്‍ന്ന സിറോ മലബാര്‍ സഭാ സിനഡ് പ്രമേയത്തിലൂടെ ആരോപിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ സഭയില്‍ നിന്നുതന്നെ വിമര്‍ശനമുയര്‍ന്നു. സഭ സംഘപരിവാര്‍ വാദം ഏറ്റെടുത്തെന്ന ആരോപണം ശക്തമായി. ഇതോടെ സഭ നിലപാട് മയപ്പെടുത്തി വിശദീകരണക്കുറിപ്പ് ഇറക്കിയിരുന്നു. എന്നാല്‍ വിഷയത്തില്‍ സ്വരം കടുപ്പിച്ച് വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് മെത്രാന്‍ സമിതി.