മദ്യം ഇനി ഓണ്‍ലൈനിലും ലഭിക്കും; സ്വിഗ്ഗിയും സൊമാറ്റോയും പദ്ധതി പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്

മദ്യം ഇനി ഓണ്‍ലൈനിലും ലഭിക്കും; സ്വിഗ്ഗിയും സൊമാറ്റോയും പദ്ധതി പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്
Published on

മദ്യത്തിന്റെ ഹോം ഡെലിവറി നടത്താന്‍ സ്വിഗ്ഗിയും സൊമാറ്റോയും അടക്കമുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. കേരളം, തമിഴ്‌നാട്, ന്യൂ ഡല്‍ഹി, കര്‍ണാടക, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ ഈ സൗകര്യം ലഭ്യമാക്കാനുള്ള പദ്ധതികള്‍ സ്വിഗ്ഗിയും സൊമാറ്റോയും ബിഗ്ബാസ്‌കറ്റും തയ്യാറാക്കി വരികയാണെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒഡിഷയിലും പശ്ചിമബംഗാളിലും മാത്രമാണ് നിലവില്‍ മദ്യത്തിന്റെ ഓണ്‍ലൈന്‍ വിതരണത്തിന് അനുമതിയുള്ളത്. മറ്റു സംസ്ഥാനങ്ങളിലും ഓണ്‍ലൈന്‍ വഴി മദ്യ വിതരണം നടത്താനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുകയാണ് കമ്പനികള്‍. മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, അസം എന്നീ സംസ്ഥാനങ്ങളില്‍ കോവിഡ് ലോക്ക്ഡൗണ്‍ സമയത്ത് ഓണ്‍ലൈന്‍ വഴി മദ്യവിതരണം നടത്തിയിരുന്നുവെങ്കിലും കര്‍ശനമായ നിയന്ത്രണങ്ങളോടെയായിരുന്നു ഇത് നടപ്പാക്കിയത്.

ആദ്യഘട്ടത്തില്‍ ബിയറും വൈനും അടക്കമുള്ള ആല്‍ക്കഹോള്‍ അളവ് കുറഞ്ഞവയായിരിക്കും വിതരണം ചെയ്യുക. ഭക്ഷണത്തിനൊപ്പമുള്ള കുറഞ്ഞയളവിലുള്ള മദ്യപാനം ജനങ്ങള്‍ക്കിടയില്‍ വ്യാപകമാകുന്നതും സ്ത്രീകള്‍ക്കും പ്രായമായവര്‍ക്കും മദ്യ ഔട്ട്‌ലെറ്റുകളില്‍ നിന്നുണ്ടാകുന്ന മോശം അനുഭവങ്ങളുമൊക്കെയാണ് ഹോം ഡെലിവറി വ്യാപിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന് കമ്പനി പ്രതിനിധികള്‍ പറയുന്നു. ഓണ്‍ലൈനില്‍ മദ്യം വില്‍ക്കുന്നതിലൂടെ വാങ്ങുന്നവരുടെ പ്രായപരിധി ഉറപ്പാക്കാനും എക്‌സൈസ് നിയന്ത്രണങ്ങള്‍ അനുസരിച്ചുള്ള സമയ ക്ലിപ്തത പാലിക്കാനും സാധിക്കുമെന്ന് സ്വിഗ്ഗി കോര്‍പറേറ്റ് അഫയേഴ്‌സ് വൈസ് പ്രസിഡന്റ് ദിന്‍കര്‍ വസിഷ്ഠ് പറഞ്ഞു.

മദ്യത്തിന്റെ ഓണ്‍ലൈന്‍ വില്‍പന അനുവദിക്കുന്നത് ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമാകുമെന്നും സാമ്പത്തിക വളര്‍ച്ചയ്ക്ക് അത് സഹായകരമാകുമെന്നും പബ് ചെയിനായ ദി ബിയര്‍ കഫേയുടെ ചീഫ് എക്‌സിക്യൂട്ടീവ് രാഹുല്‍ സിങ് പറഞ്ഞു. ഒഡിഷയിലും പശ്ചിമ ബംഗാളിലും ഓണ്‍ലൈന്‍ വില്‍പന അനുവദിച്ചതിലൂടെ വില്‍പനയില്‍ 20 മുതല്‍ 30 ശതമാനം വരെ വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്നാണ് കണക്കുകള്‍.

Related Stories

No stories found.
logo
The Cue
www.thecue.in