ശ്വേത മേനോനും കുക്കു പരമേശ്വരനും രാജിവെച്ചു, ഐ.സിയെ നോക്കുകുത്തി ആക്കിയതില്‍ പ്രതിഷേധം

ശ്വേത മേനോനും കുക്കു പരമേശ്വരനും രാജിവെച്ചു, ഐ.സിയെ നോക്കുകുത്തി ആക്കിയതില്‍ പ്രതിഷേധം
Published on

താര സംഘടനയായ അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സമിതിയില്‍ (ഐ.സി.സി) നിന്നും നടിമാരായ ശ്വേത മേനോനും കുക്കു പരമേശ്വരനും രാജിവെച്ചു. ഐ.സി ചെയര്‍പേഴ്‌സണാണ് ശ്വേത മേനോന്‍.

ഇരുവരും അമ്മയില്‍ തുടരുമെന്നും അറിയിച്ചു. നിലവില്‍ അമ്മയുടെ വൈസ് പ്രസിഡന്റുമാരില്‍ ഒരാളാണ് ശ്വേത.

കഴിഞ്ഞ ദിവസം നടി മാലാ പാര്‍വതിയും ഐ.സിയില്‍ നിന്ന് രാജിവെച്ചിരുന്നു. ബലാത്സംഗ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട വിജയ് ബാബു സ്വമേധയാ മാറിനില്‍ക്കുന്നു എന്നാണ് അമ്മയുടെ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇത് തെറ്റായ സന്ദേശമാണ് നല്‍കുന്നത്. ഐസിസി അംഗം എന്ന നിലയില്‍ ഇത് അംഗീകരിക്കാനാകില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് മാലാ പാര്‍വതി രാജി നല്‍കിയത്. അതേസമയം അമ്മയില്‍ തുടരുമെന്നും അവര്‍ അറിയിച്ചിട്ടുണ്ട്.

അമ്മയുടെ എക്‌സിക്യൂട്ടീവ് അംഗമായ നടന്‍ വിജയ് ബാബുവിനെതിരായ ബലാത്സംഗ പരാതിയ്ക്ക് പിന്നാലെയാണ് അമ്മയിലെ ഐസിസി ചേര്‍ന്നത്. ഏപ്രില്‍ 27ന് ചേര്‍ന്ന യോഗത്തില്‍, വിജയ്ബാബുവിനെതിരെ പരാതി നല്‍കിയ പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയത് നിയമലംഘനമാണെന്ന് ഐസിസി കണ്ടെത്തിയിരുന്നു. എന്നാല്‍ വിജയ് ബാബു സ്വമേധയാ മാറി നില്‍ക്കുന്നു എന്ന് പറയുന്നത് സംഘടനയുടെ അച്ചടക്ക നടപടിയല്ലെന്നും അമ്മയുടെ വാര്‍ത്താക്കുറിപ്പ് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും മാലാ പാര്‍വതി തിങ്കളാഴ്ച മാധ്യമങ്ങളോട് സംസാരിക്കവെ വ്യക്തമാക്കിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in