കെ.ടി. ജലീലിന്റെ പരാതിയില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്‌ന സുരേഷ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. കെ.ടി. ജലീലും പൊലീസും ചേര്‍ന്നുണ്ടാക്കിയതാണ് ഗൂഢാലോചന കേസെന്ന് ആരോപിച്ചാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
കോടതിയില്‍ ജലീല്‍ അടക്കമുള്ളവരുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മൊഴി നല്‍കിയതിലുള്ള വിരോധമാണ് പരാതി നല്‍കിയതിന് പിന്നില്‍. ഭീഷണിപ്പെടുത്തി രഹസ്യമൊഴിയിലെ വസ്തുത പുറത്ത് വരുന്നത് തടയുക എന്നതാണ് കേസിന് പിന്നിലെ ലക്ഷ്യമെന്നും സ്വപ്‌ന ഹര്‍ജിയില്‍ പറയുന്നു.
തനിക്കെതിരായ കേസ് നിയമപരമായി നിലനില്‍ക്കില്ലെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു. പൊലീസും ഗൂഢാലോചനയുടെ ഭാഗമായി. മുഖ്യമന്ത്രി പിണറായി വിജയന്‍, ഭാര്യ കമല, മകള്‍ വീണ, മുന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, കെ.ടി.ജലീല്‍, നളിനി നെറ്റോ, എം.ശിവശങ്കര്‍ എന്നിവരടക്കമുള്ളവര്‍ക്കെതിരെയാണ് സ്വപ്‌ന രഹസ്യമൊഴി നല്‍കിയത്. കോണ്‍സുലേറ്റ് കേന്ദ്രീകരിച്ച് നടന്ന നിരവധി സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നാണ് സ്വപ്‌നയുടെ മൊഴി.
അതേസമയം പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് സ്വപ്‌ന നല്‍കിയ ഹര്‍ജി പിന്‍വലിച്ചു. പൊലീസ് സുരക്ഷയ്ക്ക് പകരം എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് തനിക്ക് സുരക്ഷിതത്വം ഒരുക്കണമെന്നാണ് സ്വപ്‌നയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടത്.
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് സ്വപ്‌ന സുരക്ഷ സംബന്ധിച്ച ഹര്‍ജി നല്‍കിയത്.