എറണാകുളം കടങ്ങല്ലൂരില്‍ നാണയം വിഴുങ്ങിയ മൂന്ന് വയസ്സുകാരന്‍ ചികിത്സ കിട്ടാതെ മരിച്ചതായി കുടുംബം. ശനിയാഴ്ച രാവിലെ നാണയം വിഴുങ്ങിയ കുട്ടിയെ മൂന്ന് സര്‍ക്കാര്‍ ആശുപത്രികളിലെത്തിച്ചെങ്കിലും ചികിത്സ കിട്ടിയില്ലെന്നാണ് പരാതി. പഴവും ചോറും നല്‍കിയാല്‍ വയറിളകി നാണയം പുറത്ത് വരുമെന്ന് ആശുപത്രിയില്‍ നിന്നും അറിയിച്ചു. തുടര്‍ന്ന് വീട്ടിലേക്ക് മടക്കി കൊണ്ടു വരികയായിരുന്നുവെന്നാണ് കുടുംബം പറയുന്നത്.
കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും എത്തിയതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ തയ്യാറായില്ലെന്നാണ് ആരോപണം. ആലുവ സര്‍ക്കാര്‍ ആശുപത്രിയിലായിരുന്നു കുട്ടിയെ ആദ്യം എത്തിച്ചത്. എറണാകുളം ജനറല്‍ ആശുപത്രിയിലും ആലപ്പുഴ മെഡിക്കല്‍ കോളേജിലും കുട്ടിയെ കൊണ്ടുപോയി. പഴവും ചോറും നല്‍കിയാല്‍ നാണയം പുറത്ത് വരുമെന്ന് നിര്‍ദേശിച്ച് മടക്കിയയച്ചു.കണ്ടെയെന്‍മെന്റ് സോണില്‍ നിന്നും വന്നതിനാല്‍ പ്രവേശിപ്പിക്കാനാവില്ലെന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്.ഇന്നലെ രാത്രിയാണ് കുട്ടി മരിച്ചത്.
ആലുവ ജനറല്‍ ആശുപത്രിയില്‍ പീഡിയാട്രിക് സര്‍ജന്‍ ഇല്ലായിരുന്നുവെന്നാണ് അധികൃതരുടെ വിശദീകരണം. എക്‌സേറെ എടുത്തുരുന്നു. കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നാണോയെന്ന് അന്വേഷിച്ചില്ലെന്നുമാണ് ആശുപത്രി സൂപ്രണ്ട് മാധ്യമങ്ങളെ അറിയിച്ചത്.
ചെറുകുടലില്‍ നിന്നും നാണയം എടുക്കാനുള്ള സൗകര്യം ഇല്ലായിരുന്നുവെന്ന് എറണാകുളം ജനറല്‍ ആശുപത്രി അധികൃതരും പറയുന്നു. ഗാസ്‌ട്രോ സര്‍ജറി ചെയ്യാനുള്ള സൗകര്യമില്ല. അതിനാലാണ് മടക്കിയതെന്നാണ് വിശദീകരണം.