സുശാന്തിന്റെ മരണം : സിനിമാ നിരൂപകന്‍ രാജീവ് മസന്ദിന്റെ മൊഴിയെടുത്ത് അന്വേഷണസംഘം

സുശാന്തിന്റെ മരണം : സിനിമാ നിരൂപകന്‍ രാജീവ് മസന്ദിന്റെ മൊഴിയെടുത്ത് അന്വേഷണസംഘം
Published on

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന പൊലീസ് സംഘം പ്രശസ്ത സിനിമാ നിരൂപകന്‍ രാജീവ് മസന്ദിന്റെ മൊഴിയെടുത്തു. ചൊവ്വാഴ്ച ഉച്ചയോടെ ഇദ്ദേഹത്തെ ബാന്ദ്ര പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. ഹാജരാകാനായി അന്വേഷണസംഘം നേരത്തേ നോട്ടീസ് നല്‍കിയിരുന്നു. ദിവസങ്ങളായി ചലച്ചിത്ര രംഗത്തും പുറത്തുമുള്ളവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിവരികയാണ്. സുശാന്തിനെ ചികിത്സിച്ച സൈക്കോളജിസ്റ്റിന്റെയും മറ്റ് മൂന്ന് സൈക്യാട്രിസ്റ്റുമാരുടെയും മൊഴി കഴിഞ്ഞദിവസം എടുത്തിരുന്നു. ഇതുവരെ 36 പേരില്‍ നിന്നാണ് വിവരങ്ങള്‍ തേടിയത്. സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലി, കാസ്റ്റിംഗ് ഡയറക്ടര്‍ മുകേഷ് ഛബ്ര, ആദിത്യ ചോപ്ര, നടി സഞ്ജന സാംഘി, രാജ്പുത്തിന്റെ സുഹൃത്ത് സന്ദീപ് സിംഗ്, റിയ ചക്രബൊര്‍തി, തുടങ്ങിയവരുടെ മൊഴിയെടുക്കല്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

സുശാന്തിന്റെ മരണം : സിനിമാ നിരൂപകന്‍ രാജീവ് മസന്ദിന്റെ മൊഴിയെടുത്ത് അന്വേഷണസംഘം
സുശാന്ത് മരുന്ന് നിര്‍ത്തിയിരുന്നു, ദിശയുടെ മരണശേഷം കടുത്ത വിഷാദത്തിലായെന്നും പൊലീസ്

ജൂണ്‍ 14 ന് ബാന്ദ്രയിലെ ഫ്‌ളാറ്റില്‍ സുശാന്തിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നടന്‍ കടുത്ത വിഷാദത്തിന്റെ പിടിയിലായിരുന്നുവെന്ന് സുഹൃത്തുക്കളും ബന്ധുക്കളും മൊഴി നല്‍കിയിട്ടുണ്ട്. ഇടക്കാലത്ത് സുശാന്ത് മരുന്ന് നിര്‍ത്തിയിരുന്നതായും ദിശ സാലിയന്റെ മരണത്തോടെ മനസ്സ് കൂടുതല്‍ ഉലഞ്ഞെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. നടനുമായി ബന്ധപ്പെട്ട ടാലന്റ് മാനേജ്‌മെന്റ് കംപനിയിലെ ജീവനക്കാരിയായിരുന്നു ദിശ. യുവതിയെ ജൂണ്‍ 9 ന് ഫ്‌ളാറ്റ് സമുച്ചയത്തിന്റെ 14ാം നിലയില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ശേഷം സുശാന്തിനെയും ദിശയെയും ബന്ധപ്പെടുത്തി നിരവധി പ്രചരണങ്ങളുണ്ടാവുകയും ചെയ്തിരുന്നു. ഇതാകാം അദ്ദേഹം കൂടുതല്‍ അസ്വസ്ഥനാകാന്‍ കാരണമെന്നും സൂചനയുണ്ട്.

പ്രതികൂലമായ എന്തുകാര്യമുണ്ടാകുമ്പോഴും സുശാന്ത് പെട്ടെന്ന് അസ്വസ്ഥനാകാറുണ്ടായിരുന്നുവെന്ന് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കള്‍ പൊലീസിനോട് വ്യക്തമാക്കിയിരുന്നു. ഏതെങ്കിലും പ്രത്യേക കേന്ദ്രങ്ങള്‍ ആസൂത്രിതമായി സുശാന്തിനെതിരെ പ്രചരണങ്ങള്‍ നടത്തിയിരുന്നോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പിആര്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവരെയും ബോളിവുഡുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ന്യൂസ് പോര്‍ട്ടല്‍ ജീവനക്കാരെയും ടാലന്റ് മാനേജര്‍മാരെയും കാസ്റ്റിംഗ് മാനേജര്‍മാരെയും അന്വേഷണസംഘം ഇതിനകം ചോദ്യം ചെയ്തിട്ടുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in