ആവര്‍ത്തിച്ച് പറഞ്ഞിട്ടും കേട്ടില്ല, സാമൂഹിക അകലം പാലിക്കാതെ അണികള്‍; പരിപാടി ഉപേക്ഷിച്ച് സുരേഷ് ഗോപി മടങ്ങി

ആവര്‍ത്തിച്ച് പറഞ്ഞിട്ടും കേട്ടില്ല, സാമൂഹിക അകലം പാലിക്കാതെ അണികള്‍; പരിപാടി ഉപേക്ഷിച്ച് സുരേഷ് ഗോപി മടങ്ങി
Published on

അണികള്‍ സാമൂഹിക അകലം പാലിക്കാത്തതിനെ തുടര്‍ന്ന് കൊട്ടാരക്കരയില്‍ സംഘടിപ്പിച്ച തെങ്ങിന്‍ തൈ വിതരണ പരിപാടി ഉപേക്ഷിച്ച് സുരേഷ് ഗോപി എം.പി മടങ്ങി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തിന്റെ ഭാഗമായി, ഞായറാഴ്ച ഉച്ചകഴിഞ്ഞ് മാര്‍ത്തോമ്മാ ജൂബിലി മന്ദിരം ഹാളിലായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്.

ബി.ജെ.പിയുടെ സ്മൃതികേരം പദ്ധതിയില്‍ 71 പേര്‍ക്ക് തെങ്ങിന്‍ തൈകള്‍ നല്‍കാനാണ് സുരേഷ് ഗോപി എത്തിയത്. എം.പി കാറില്‍ നിന്നിറങ്ങിയത് മുതല്‍ പ്രവര്‍ത്തകരും നേതാക്കളും തിക്കും തിരക്കും കൂട്ടി. സാമൂഹിക അകലം പാലിച്ച് അകന്ന് നില്‍ക്കാന്‍ സുരേഷ് ഗോപി പല തവണ ആവശ്യപ്പെട്ടെങ്കിലും അനുസരിച്ചില്ല. കാലം ചെയ്ത ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പൊലീത്തയുടെ പേരില്‍ ജൂബിലി മന്ദിരം വളപ്പില്‍ ഓര്‍മ്മമരമായി തെങ്ങിന്‍ തൈ നട്ട് പരിപാടി തുടങ്ങി.

തുടര്‍ന്ന് ജൂബിലി മന്ദിരം ഹാളില്‍ പൊതു ചടങ്ങിനിടെ പ്രവര്‍ത്തകര്‍ വീണ്ടും തിക്കും തിരക്കുമുണ്ടാക്കി. ഇതിനിടെ ഭിന്നശേഷിക്കാരായ 2 പേര്‍ക്ക് സുരേഷ് ഗോപി തെങ്ങിന്‍ തൈ വിതരണം ചെയ്തു. സാമൂഹിക അകലം പാലിക്കാനും സീറ്റുകളിലിരിക്കാനും സുരേഷ് ഗോപി വീണ്ടും അണികളോട് ആവശ്യപ്പെട്ടു. വേദിയിലുണ്ടായിരുന്നു നേതാക്കളും ഇക്കാര്യം മൈക്കിലൂടെ ആവര്‍ത്തിച്ചുവെങ്കിലും അണികള്‍ അനുസരിച്ചില്ല. ഇതോടെയാണ് വേദിയില്‍ കയറാനോ പ്രസംഗിക്കാനോ നില്‍ക്കാതെ സുരേഷ് ഗോപി മടങ്ങിയത്. ബി.ജെ.പി ജില്ലാ പ്രസിഡന്റ് ഉള്‍പ്പടെ പരിപാടിയില്‍ പങ്കെടുത്തിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in