മീഡിയവണ്‍ വിലക്കിന് സുപ്രീം കോടതിയുടെ സ്റ്റേ; ചാനലിന് പഴയ പോലെ പ്രവര്‍ത്തനം തുടരാമെന്ന് കോടതി

മീഡിയവണ്‍ വിലക്കിന് സുപ്രീം കോടതിയുടെ സ്റ്റേ; ചാനലിന് പഴയ പോലെ പ്രവര്‍ത്തനം തുടരാമെന്ന് കോടതി
Published on

മീഡിയവണ്‍ സംപ്രേഷണ വിലക്ക് ശരിവെച്ച ഹൈക്കോടതി ഉത്തരവിന് സ്റ്റേ പ്രഖ്യാപിച്ച് സുപ്രീം കോടതി. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനും ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് വിക്രംനാഥ് എന്നിവര്‍ അടങ്ങുന്ന ബെഞ്ചിന്റേതാണ് വിധി. ചാനലിന് പഴയതു പോലെ സംപ്രേഷണം തുടരാമെന്നും കോടതി പറഞ്ഞു. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് എന്താണെന്ന് അറിയാന്‍ ഹര്‍ജിക്കാര്‍ക്ക് അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി.

മാര്‍ച്ച് 10നാണ് സുപ്രീം കോടതി മീഡിയവണിന്റെ ഹര്‍ജിയില്‍ വാദം കേട്ടത്. ചൊവ്വാഴ്ച കേസ് വിശദമായ വാദത്തിന് മാറ്റുകയായിരുന്നു.

സംപ്രേഷണാവകാശം വിലക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ മീഡിയവണ്‍ നല്‍കിയ ഹര്‍ജിയില്‍ കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസയച്ചിരുന്നു. ചാനല്‍ വിലക്കുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാനും കേന്ദ്രത്തോട് കോടതി ആവശ്യപ്പെട്ടിരുന്നു.

മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് നല്‍കിയ ഹര്‍ജിക്ക് പിന്നാലെ കേരള പത്രപ്രവര്‍ത്തക യൂണിയനുവേണ്ടി ജനറല്‍ സെക്രട്ടറി ഇ.എസ് സുഭാഷും ചാനലിലെ ജീവനക്കാര്‍ക്കുവേണ്ടി എഡിറ്റര്‍ പ്രമോദ് രാമനും കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ അവസരം നല്‍കാതെ തൊഴില്‍ നിഷേധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് കെ.യു.ഡബ്ല്യു.ജെ നല്‍കിയ ഹര്‍ജി ചൂണ്ടിക്കാട്ടുന്നു.

ജനുവരി 31ന് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജികള്‍ ഹൈക്കോടതി തള്ളിയിരുന്നു. കേന്ദ്രസര്‍ക്കാര്‍ നടപടി ശരിവച്ച സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് ബെഞ്ച് വ്യക്തമാക്കുകയും ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിവിധ രഹസ്യാന്വേഷണ ഏജന്‍സികളില്‍നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചാനലിന് വിലക്കേര്‍പ്പെടുത്തിയിരുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in