‘അനധികൃത കെട്ടിടങ്ങളുടെ പട്ടിക നല്‍കണം’; ചീഫ് സെക്രട്ടറിയോട് സുപ്രീംകോടതി
കേരളത്തില്‍ തീരദേശ നിയമം ലംഘിച്ച് നിര്‍മിച്ച കെട്ടിടങ്ങളുടെയും അനധികൃത കയ്യേറ്റങ്ങളുടെയും പട്ടിക ആറാഴ്ചയ്ക്കകം സമര്‍പ്പിക്കാന്‍ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം. സംസ്ഥാനത്തെ അനധികൃത കയ്യേറ്റങ്ങള്‍ സംബന്ധിച്ച മേജര്‍ രവിയുടെ കോടതി അലക്ഷ്യ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. തീരദേശ പരിപാലന നിയമം ലംഘിച്ച് കേരളത്തില്‍ നിര്‍മിച്ച മുഴുവന്‍ കെട്ടിടങ്ങളുടെയും പട്ടിക കോടതിക്ക് കൈമാറുന്നില്ലെന്ന് കാണിച്ചായിരുന്നു മേജര്‍ രവി ഹര്‍ജി നല്‍കിയത്.
ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. വിഷയം അതീവ ഗുരുതരമാണെന്ന് ജസ്റ്റിസ് അരുണ്‍മിശ്ര പ്രതികരിച്ചു. മാര്‍ച്ച് 23നാണ് കേസ് വീണ്ടും പരിഗണിക്കുക.
മരടിലെ ഫ്‌ളാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരവും മറ്റും നിശ്ചയിക്കാന്‍ ജില്ലാ ജഡ്ജി അധ്യക്ഷനായ സിവില്‍ കോടതി വേണമെന്ന ആവശ്യവും കോടതി പരിഗണിച്ചിരുന്നു. മരടിലെ ഫ്‌ളാറ്റുകള്‍ പണിയാന്‍ അനുമതി നല്‍കിയ ഹര്‍ജിയിലും സംസ്ഥാന സര്‍ക്കാരിന് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.