ലാവ്‌ലിന്‍ കേസ് വീണ്ടും മാറ്റി; സി.ബി.ഐക്ക് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം

ലാവ്‌ലിന്‍ കേസ് വീണ്ടും മാറ്റി; സി.ബി.ഐക്ക് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം
Published on

ലാവ്‌ലിന്‍ കേസ് സംബന്ധിച്ച കൂടുതല്‍ രേഖകള്‍ നല്‍കാന്‍ വീണ്ടും സാവകാശം ആവശ്യപ്പെട്ട് സി.ബി.ഐ. ആവശ്യത്തെ തുടര്‍ന്ന് സുപ്രീംകോടതി കേസ് വീണ്ടും മാറ്റിവെച്ചു. തുടര്‍ച്ചയായി കേസ് മാറ്റിവെയ്ക്കാന്‍ സി.ബി.ഐ ആവശ്യപ്പെടുന്നതില്‍ ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ ബെഞ്ച് അതൃപ്തി അറിയിച്ചു. ജനുവരി ഏഴിനകം രേഖകള്‍ സമര്‍പ്പിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശം നല്‍കി.

മുഖ്യമന്ത്രി പിണറായി വിജയനെ അടക്കം കേസില്‍ വെറുതേ വിട്ട കേരള ഹൈക്കോടതി വിധിക്ക് എതിരെയായിരുന്നു സി.ബി.ഐയുടെ അപ്പീല്‍. രണ്ട് കോടതികള്‍ ഒരേ തീരുമാനം എടുത്ത കേസില്‍ ശക്തമായ വാദങ്ങളുമായി സി.ബി.ഐ വരണമെന്ന് കേസ് പരിഗണിച്ചപ്പോള്‍ ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ കോടതി നേരത്തെ പറഞ്ഞിരുന്നു.

ഒക്ടോബര്‍ എട്ടിന് കേസില്‍ വാദം കേട്ടപ്പോള്‍, സി.ബി.ഐക്ക് പറയാനുള്ളതെല്ലാം ഒരു കുറിപ്പായി സമര്‍പ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. 2017 ഒക്ടോബര്‍ 27നാണ് കേസ് ആദ്യം സുപ്രീംകോടതി പരിഗണിച്ചത്. അതിനുശേഷം പല കാരണങ്ങളാല്‍ 17 തവണ കേസ് മാറ്റിവെച്ചിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

2017 ഓഗസ്റ്റ് 23നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്‍ ഊര്‍ജ സെക്രട്ടറി കെ.മോഹനചന്ദ്രന്‍, മുന്‍ ഊര്‍ജ ജോയിന്റ് സെക്രട്ടറി എ.ഫ്രാന്‍സിസ് എന്നിവരെയും കേരള ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്. ഇതിനെതിരെയാണ് സിബിഐ അപ്പീല്‍ നല്‍കിയത്. ഹൈക്കോടതി നടപടി വിവേചനപരമെന്ന് ചൂണ്ടിക്കാട്ടി പ്രതിപ്പട്ടികയില്‍ തുടരുന്ന കസ്തൂരി രങ്ക അയ്യര്‍, ആര്‍ ശിവദാസന്‍, കെ ജി രാജശേഖരന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയും സുപ്രിംകോടതിയിലുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in