മഹാരാഷ്ട്രയില്‍ നാളെ വിശ്വാസ വോട്ടെടുപ്പ്; തത്സമയം സംപ്രേഷണം ചെയ്യണമെന്നും സുപ്രീം കോടതി
മഹാരാഷ്ട്രയില്‍ ഫഡ്‌നാവിസ് സര്‍ക്കാര്‍ ബുധനാഴ്ച ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രീംകോടതി. വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നും രഹസ്യ ബാലറ്റ് പാടില്ലെന്നും നിര്‍ദേശം നല്‍കി. രണ്ടാഴ്ചത്തെ സമയം വേണമെന്ന ബിജെപിയുടെ ആവശ്യം കോടതി തള്ളി. ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെതാണ് വിധി.
24 മണിക്കൂറിനുള്ളില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് ശിവസേന, എന്‍ സി പി, കോണ്‍ഗ്രസ് സഖ്യം അടിയന്തര ഹര്‍ജി നല്‍കുകയായിരുന്നു. ഗവര്‍ണര്‍ 14 ദിവസം അനുവദിച്ചിട്ടുണ്ടെന്നായിരുന്നു ബിജെപിയുടെ വാദം. 170 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നവകാശപ്പെട്ട് ഫഡ്‌നവിസ് നല്‍കിയ കത്തും സര്‍ക്കാരുണ്ടാക്കാനായി ഗവര്‍ണര്‍ ക്ഷണിച്ച കത്തും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഇന്നലെ കോടതിയില്‍ ഹാജരാക്കിയിരുന്നു. ബിജെപിയുടെ 105 അംഗങ്ങളും എന്‍സിപിയുടെ 54ഉം 11 സ്വതന്ത്രരും ഒപ്പമുണ്ടെന്നായിരുന്നു ബിജെപിയുടെ വാദം.
രാഷ്ട്രീയ വിജയമാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. ആത്മാഭിമാനമുണ്ടെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അമിത്ഷായ്ക്കും കനത്ത പ്രഹരമേറ്റിരിക്കുകയാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.