സ്‌കൂളുകളില്‍ ഹിജാബ് നിരോധിച്ച വിഷയത്തില്‍ കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാരിന് നോട്ടീസ് അയച്ച് സുപ്രീം കോടതി. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ശരിവെച്ച കര്‍ണാടകയിലെ ഹൈക്കോടതി വിധിയെ ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതി നടപടി.
സെപ്തംബര്‍ അഞ്ചിനാണ് കേസില്‍ അടുത്ത വാദം കേള്‍ക്കല്‍. ജസ്റ്റിസ് ഹേമന്ത് ഗുപ്തയും സുധന്‍ഷു ധൂലിയയുമടങ്ങിയ ബെഞ്ച് ആണ് നോട്ടീസ് അയച്ചത്.
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 പ്രകാരം, ഹിജാബ് ധരിക്കുന്നത് അനിവാര്യമായ മതപരമായ ആചാരത്തിന്റെ ഭഗമല്ലെന്നായിരുന്നു ഹൈക്കോടതി വിധി. ഇതിനെതിരെ നിരവധി ഹര്‍ജികളാണ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.
കര്‍ണാടക ഉഡുപ്പിയിലെ പ്രീയൂണിവേഴ്‌സിറ്റി കോളേജുകളില്‍ പഠിക്കുന്ന നിരവധി മുസ്ലീം പെണ്‍കുട്ടികള്‍ ക്ലാസ് മുറികളില്‍ ഹിജാബ് ധരിക്കാനുള്ള അവകാശം ആവശ്യപ്പെട്ടുകൊണ്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ നേരത്തെ കര്‍ണാടക ഹൈക്കോടതി തള്ളിയിരുന്നു.