'ദേശസുരക്ഷ പറഞ്ഞ് ഒഴിഞ്ഞുമാറാനാകില്ല'; പെഗാസസില്‍ കേന്ദ്രത്തിന് തിരിച്ചടി, സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം

'ദേശസുരക്ഷ പറഞ്ഞ് ഒഴിഞ്ഞുമാറാനാകില്ല'; പെഗാസസില്‍ കേന്ദ്രത്തിന് തിരിച്ചടി, സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം
Published on

ഇസ്രയേല്‍ ചാര സോഫ്റ്റ്‌വെയറായ പെഗസസ് ഉപയോഗിച്ച് ഫോണ്‍ ചോര്‍ത്തിയെന്ന ആരോപണങ്ങള്‍ പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ രൂപീകരിച്ച് സുപ്രീംകോടതി. കോടതിയുടെ മേല്‍നോട്ടത്തിലാകും അന്വേഷണം. ജസ്റ്റിസ് ആര്‍.വി.രവീനന്ദ്രന്റെ നേതൃത്വത്തിലുള്ള സമിതിയാകും കേസ് അന്വേഷിക്കുകയെന്നും സുപ്രീംകോടതി വ്യക്തമാക്കി. വിദഗ്ധസമിതി കേന്ദ്രസര്‍ക്കാര്‍ രൂപീകരിക്കാം എന്ന ആവശ്യം സുപ്രീംകോടതി തള്ളുകയായിരുന്നു.

സാങ്കേതിക രംഗത്തെ വിദഗ്ധരും സമിതിയില്‍ അംഗമായിരിക്കും. റോ മുന്‍ മേധാവി അലോക് ജോഷി, ഡോ. സുദീപ് ഒബ്രോയ്, ഡോ. നവീന്‍ കുമാര്‍ ചൗധരി (ഡീന്‍, നാഷനല്‍ ഫോറന്‍സിക് സയന്‍സ് യൂണിവേഴ്സിറ്റി), ഡോ.പി. പ്രഭാകരന്‍( കൊല്ലം അമൃത വിശ്വവിദ്യാലയം സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ് പ്രഫസര്‍), ഡോ. അശ്വിന്‍ അനില്‍ ഗുമസ്തെ( മുംബൈ ഐഐടി പ്രഫസര്‍) എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.

ചീഫ് ജസ്റ്റിസ് എന്‍.വി.രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പറഞ്ഞത്. എട്ട് ആഴ്ചയ്ക്ക് ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കോടതിയുടെ നിര്‍ദേശം. ഭരണഘടനാ തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനാണ് ശ്രമമെന്ന് കോടതി അറിയിച്ചു. രാഷ്ട്രീയവിവാദങ്ങളില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ല, സ്വകാര്യത കാത്തുസൂക്ഷിക്കണം. നടപടിയെടുക്കാന്‍ സര്‍ക്കാരിന് ആവശ്യമായ സമയം നല്‍കി. ദേശസുരക്ഷ പറഞ്ഞ് എല്ലാ ആരോപണങ്ങളില്‍നിന്നും സര്‍ക്കാരിന് ഒഴിഞ്ഞുമാറാനാകില്ല. ദേശസുരക്ഷ ഹനിക്കുന്ന സാങ്കേതിക വിദ്യ വേണോയെന്ന് സര്‍ക്കാര്‍ തീരുമാനിക്കണമെന്നും കോടതി പറഞ്ഞു.

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച് സുപ്രീംകോടതിയിലെ സിറ്റിങ് ജഡ്ജിയുടെയോ വിരമിച്ച ജഡ്ജിയുടെയോ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന മാധ്യപ്രവര്‍ത്തകരായ എന്‍. റാമും ശശികുമാറും രാജ്യസഭാംഗമായ ജോണ്‍ ബ്രിട്ടാസും നല്‍കിയ ഹര്‍ജിയിലാണ് വിധി.

Related Stories

No stories found.
logo
The Cue
www.thecue.in