ഹലാലിനെതിരെ പറഞ്ഞിട്ടില്ല; ഹൈന്ദവ വര്‍ഗീയ വാദികള്‍ ആസൂത്രിതമായി കെട്ടിച്ചമച്ച വിവാദമെന്ന് സുനില്‍ പി ഇളയിടം

ഹലാലിനെതിരെ പറഞ്ഞിട്ടില്ല; ഹൈന്ദവ വര്‍ഗീയ വാദികള്‍ ആസൂത്രിതമായി കെട്ടിച്ചമച്ച വിവാദമെന്ന് സുനില്‍ പി ഇളയിടം
Published on

അധ്യാപകനും ചിന്തകനുമായ സുനില്‍ പി ഇളയിടം ഹലാല്‍ ഭക്ഷണരീതി പ്രാകൃതമെന്ന് പറഞ്ഞുവെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളും ചിത്രങ്ങളും വ്യാജം. അദ്ദേഹം തന്നെയാണ് തന്റെ പേരും ചിത്രവും ഉപയോഗിച്ച് ഹലാല്‍ ഭക്ഷണത്തിനെതിരെ പ്രചരണം നടക്കുന്നുവെന്നത് ശ്രദ്ധയില്‍പ്പെട്ടുവെന്നും അത് വര്‍ഗീയവാദികള്‍ കെട്ടിച്ചമച്ച വ്യാജ പ്രചരണമാണെന്നും പറഞ്ഞത്.

''മതത്തിന്റെ പേരിലുള്ള വേര്‍തിരിവുണ്ടാക്കാനുള്ള ഭക്ഷണരീതിയാണ് ഹലാല്‍. തിരുത്തേണ്ടത് തിരുത്തപ്പെടണം,'' എന്ന രീതിയില്‍ സുനില്‍ പി ഇളയിടം സംസാരിച്ചുവെന്ന രീതിയിലായിരുന്നു പ്രചരണം.

സമൂഹത്തില്‍ മതവിദ്വേഷവും വര്‍ഗീയമായ ചേരിതിരിവും സൃഷ്ടിക്കാന്‍ ഹൈന്ദവ വര്‍ഗീയവാദികള്‍ ആസൂത്രിതമായി കെട്ടിച്ചമച്ച വിവാദമാണ് ഹലാല്‍ ഭക്ഷണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്നിട്ടുള്ളതെന്നും സുനില്‍ പി ഇളയിടം കൂട്ടിച്ചേര്‍ത്തു.

സുനില്‍ പി ഇളയിടം പറഞ്ഞത്

എന്റെ ചിത്രവും പേരും ഉപയോഗിച്ച് ഇത്തരമൊരു പോസ്റ്റ് പ്രചരിക്കുന്നതായി അറിഞ്ഞു. ഇത് വ്യാജമാണ്. വര്‍ഗീയ വാദികള്‍ കെട്ടിച്ചമച്ചതായിരിക്കും ഇതെന്ന് ഊഹിക്കുന്നു. ബന്ധപ്പെട്ടവര്‍ക്ക് ഇത് സംബന്ധിച്ച് പരാതി നല്‍കുന്നതാണ്.

സമൂഹത്തില്‍ മതവിദ്വേഷവും വര്‍ഗീയമായ ചേരിതിരിവും സൃഷ്ടിക്കാന്‍ ഹൈന്ദവ വര്‍ഗീയവാദികള്‍ ആസൂത്രിതമായി കെട്ടിച്ചമച്ച വിവാദമാണ് ഹലാല്‍ ഭക്ഷണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്നിട്ടുള്ളത്.

മുസ്ലീം ജനതയെ അപരവത്കരിക്കാനുള്ള വര്‍ഗീയ വാദികളുടെ ഗൂഢാലോചനയാണ് അതിനു പിന്നില്‍. മതത്തിന്റെ പേരില്‍ വെറുപ്പ് വിതയ്ക്കാനും സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാനുമുള്ള നീചമായ ശ്രമമല്ലാതെ മറ്റൊരു താത്പര്യവും അതിലില്ല. ജനാധിപത്യവാദികളായ മുഴുവന്‍ ആളുകളും ഒത്തുചേര്‍ന്ന് ആ ഗൂഢാലോചനയെ എതിര്‍ത്തു തോല്‍പ്പിക്കണം.

Related Stories

No stories found.
logo
The Cue
www.thecue.in