‘ചന്ദ്രനില്‍ പോകാനുള്ള സാങ്കേതിക വിദ്യയുണ്ടായിട്ടും കുട്ടിയെ രക്ഷിക്കാന്‍ ഒരു മെഷീനില്ലേ’; പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ

‘ചന്ദ്രനില്‍ പോകാനുള്ള സാങ്കേതിക വിദ്യയുണ്ടായിട്ടും കുട്ടിയെ രക്ഷിക്കാന്‍ ഒരു മെഷീനില്ലേ’; പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ

Published on

തമിഴ്നാട് തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടുവയസ്സുകാരനെ രക്ഷിക്കാന്‍ കഴിയാതിരുന്നതില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. വെള്ളിയാഴ്ച വൈകീട്ട് വീടിന് സമീപത്തെ കുഴല്‍ക്കിണറില്‍ വീണ സുജിത്തിനെ രക്ഷിക്കാന്‍ മൂന്ന് ദിവസം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനും കഴിഞ്ഞിരുന്നില്ല. ഒടുവില്‍ തിങ്കളാഴ്ച രാത്രി 10.30 ഓടെ കുഴല്‍ കിണറില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ മരണം സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ 4.25 ഓടുകൂടിയാണ് കുട്ടിയുടെ മൃതദേഹം പുറത്തെടുക്കാനായത്. അഴുകി തുടങ്ങിയ ശരീരം ഭാഗങ്ങളായിട്ടാണ് പുറത്തെടുത്തത്.

‘ചന്ദ്രനില്‍ പോകാനുള്ള സാങ്കേതിക വിദ്യയുണ്ടായിട്ടും കുട്ടിയെ രക്ഷിക്കാന്‍ ഒരു മെഷീനില്ലേ’; പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ
തീവ്ര രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കിയത് പാറ തുരക്കാനെടുത്ത കാലതാമസം; സുജിത്തിന്റെ മൃതദേഹം പുറത്തെടുക്കാനായത് ഘട്ടം ഘട്ടമായി 

കുട്ടിയെ രക്ഷിക്കാനോ ജീവന്‍ രക്ഷിക്കാനോ പര്യാപ്തമായ സാങ്കേതിക വിദ്യകളൊന്നും നിലവില്‍ ഇല്ല എന്നതാണ് സോഷ്യല്‍ മീഡിയയിലെ പ്രതിഷേധത്തിന് കാരണം. രണ്ട് വര്‍ഷം മുന്‍പ് പുറത്തിറങ്ങിയ നയന്‍താര നായികയായ തമിഴ് ചിത്രമായ ‘അര’ത്തിലെ സംഭാഷണങ്ങളും രംഗങ്ങലും ചൂണ്ടിക്കാട്ടിയാണ് പലരും പ്രതികരിക്കുന്നത്. കുഴല്‍ക്കിണറില്‍ വീണ പെണ്‍കുട്ടിയെ രക്ഷിക്കുന്നതിനെ ആസ്പദമാക്കി ഗോപി നൈനാര്‍ ഒരുക്കിയ ചിത്രമായിരുന്നു ‘അരം’.

‘അരം’ എന്ന ചിത്രത്തില്‍ കുട്ടിയെ രക്ഷിക്കാന്‍ വേണ്ടി രക്ഷാപ്രവര്‍ത്തകര്‍ കയര്‍ കുരുക്കിട്ട് കിണറ്റിലേക്കിറക്കുന്നുണ്ട്. ഇതിനെ കളിയാക്കിക്കൊണ്ട് ചിത്രത്തിലെ ഒരു കഥാപാത്രം ഉന്നയിക്കുന്ന ചോദ്യങ്ങളും ട്വിറ്ററില്‍ ആളുകള്‍ ഷെയര്‍ ചെയ്യുന്നു. ചന്ദ്രനില്‍ എത്താനുള്ള സാങ്കേതിക വിദ്യകളുണ്ടായിട്ടും ഇന്നും കുഴല്‍ക്കിണറില്‍ വീണ കുട്ടികളെ രക്ഷപെടുത്താനുള്ള സംവിധാനം ഒന്നുമില്ലെ എന്നതാണ് സോഷ്യല്‍ മീഡിയയില്‍ ഉന്നയിക്കപ്പെടുന്ന പ്രധാന ചോദ്യം.

തിരുച്ചിറപ്പള്ളിയില്‍ കുട്ടിയെ രക്ഷിക്കാനായി റോബോട്ടിക് സംവിധാനങ്ങള്‍ അടക്കം ഉപയോഗിച്ചെങ്കിലും അതിനൊന്നും ലക്ഷ്യം കാണാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് പരമ്പരാഗതമായ സമാന്തരമായി കുഴിയെടുത്ത് കുട്ടിയെ രക്ഷിക്കാനായിരുന്നു ശ്രമിച്ചത്. എന്നാല്‍ പാറയും ഇടയ്ക്കിടെ പെയ്ത മഴയും ഇതിന്റെ വേഗത കുറച്ചു. ആദ്യം 26 അടിയില്‍ തങ്ങി നിന്നിരുന്ന കുട്ടി പിന്നീട് 85 അടി താഴ്ചയിലേക്ക് വീഴുകയും ചെയ്തു.

ഈ വര്‍ഷം ഇതുവരെ ഏഴ് കുഴല്‍കിണര്‍ അപകടങ്ങള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഉപേക്ഷിക്കപ്പെട്ട എല്ലാ കുഴല്‍ക്കിണറും മൂടണം എന്നാണ് നവംബര്‍ 28, 2018ലെ സുപ്രീംകോടതി ഉത്തരവ് നിലനില്‍ക്കെ തന്നെയാണ് അപകടങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.

ശാസ്ത്ര മേളകളിലടക്കം നിരവധി തവണ എന്‍ജിനീയറിങ്ങ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടുന്നവര്‍ രക്ഷാപ്രവര്‍ത്തനമാര്‍ഗങ്ങളുടെ ആശയം മുന്നോട്ട് വച്ചിട്ടുണ്ടെങ്കിലും അതൊന്നും പ്രായോഗികമാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ കഴിഞ്ഞിട്ടില്ല. ഓരോ തവണ സംഭവം ആവര്‍ത്തിക്കുമ്പോഴും എന്ത് നടപടി സ്വീകരിക്കണമെന്ന് അറിയാതെ കുഴങ്ങുകയാണ് സംവിധാനങ്ങള്‍ പലപ്പോഴും. അതുകൊണ്ട് തന്നെ സുജിത്തിന് വേണ്ടി പ്രാര്‍ഥിക്കാം എന്ന ഹാഷ്ടാഗുകള്‍ ഇടുന്നതിന് പകരം ഇനിയെങ്കിലും സുജിത്തിന് വേണ്ടി പ്രവര്‍ത്തിക്കാം എന്നാണ് പലരും കുറിയ്ക്കുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

logo
The Cue
www.thecue.in