ഇടമലക്കുടിയില്‍ കോവിഡ് സ്ഥിരീകരിച്ചതിന് കാരണം ഡീന്‍ കുര്യാക്കോസ് എംപിയും വ്ളോഗര്‍ സുജിത് ഭക്തനും നടത്തിയ യാത്രയാണെന്ന ആരോപണത്തിൽ പ്രതികരിച്ച് സുജിത് ഭക്തന്. ഇടമലക്കുടിയില്‍ നടന്ന ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണിക്കപ്പെട്ട അതിഥിയായാണ് അവിടെ പോയതെന്നും ആരോപണം വാസ്തവ വിരുദ്ധവും രാഷ്ട്രീയ പ്രേരിതവുമാണെന്നും സുജിത് ഭക്തന്‍ പ്രതികരിച്ചു.
സുജിത് ഭക്തന്റെ പ്രതികരണം
കോവിഡ് പരിശോധനയ്ക്ക് ശേഷമായിരുന്നു യാത്ര. സംഘത്തില്‍ ഉള്‍പ്പെട്ട ആര്‍ക്കും യാത്രയുടെ ഒരുമാസം മുന്‍പോ യാത്രക്ക് ശേഷമോ രോഗം വന്നിട്ടില്ല. ഇടമലക്കുടി യാത്രയില്‍ താനും എംപി ഡീന്‍ കുര്യാക്കോസും എല്ലാ സുരക്ഷാമാനദണ്ഡങ്ങളും പാലിച്ചിരുന്നു. പുറത്ത് നിന്ന് അനേകം ആളുകള്‍ അവിടെ വരുന്നുണ്ട്. പക്ഷേ തങ്ങള്‍ വീഡിയോ ഇട്ടതുകൊണ്ടു മാത്രമാണ് ഇപ്പോള്‍ വിവാദങ്ങൾ ഉയരുന്നത്.
അവിടെ പോയി വന്ന ആര്‍ക്കും കോവിഡ് ബാധിച്ചിട്ടില്ല. അതുകൊണ്ട് തങ്ങളാണ് കോവിഡ് കൊടുത്തതെന്ന് അംഗീകരിക്കാനാകില്ല. താന്‍ സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനാണ്, സ്ഥലം എംപി വിളിച്ചപ്പോള്‍ പോവുക മാത്രമാണ് ചെയ്തത്. ഒരു വ്യക്തിയെ മാത്രം ചൂണ്ടിക്കാണിച്ച് ക്രൂശിക്കുന്നത് തെറ്റായ നടപടിയാണ്.
ഒന്നരവര്‍ഷമായി കൊവിഡ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത സംസ്ഥാനത്തെ ഏക ആദിവാസി ഗ്രാമമായ ഇടമലക്കുടിയിൽ ഇന്നലെയായിരുന്നു രണ്ട് പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇരുപ്പ്ക്കല്ല് ഊരിലെ നാൽപതുകാരി, ഇടലിപ്പാറ ഊരിലെ ഇരുപത്തിനാലുകാരൻ എന്നിവർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. വീട്ടമ്മയ്ക്ക് മറ്റ് ശാരീരിക പ്രശ്നങ്ങളെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ പരിശോധന നടത്തിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. മൂന്നാറിലെ സ്വകാര്യ ആശുപത്രിയില്‍ പരിശോധന നടത്തിയപ്പോഴാണ് ഇരുപത്തിനാലുകാരന് രോഗം സ്ഥിരീകരിച്ചത്.
മാസ്‌ക് ധരിക്കാതെ എം.പി ഡീന്‍ കുര്യാക്കോസും സംഘവും സുജിത് ഭക്തനൊപ്പം ഇടമലക്കുടിയില്‍ നില്‍ക്കുന്ന ചിത്രങ്ങൾ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത ആദിവാസി ഗ്രാമത്തിലേക്ക് പരിശോധന നടത്താതെയും കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെയും എം.പി യാത്ര നടത്തിയതില്‍ അന്വേഷണം വേണമെന്ന് സിപിഐ പ്രാദേശിക നേതൃത്വവും ആവശ്യപ്പെട്ടിരുന്നു. എം.പിക്കൊപ്പം ഉല്ലാസയാത്രയെന്നാണ് സുജിത് ഭക്തന്‍ ടെക് ട്രാവല്‍ ഈറ്റ് എന്ന വ്ലോഗില്‍ ആദ്യം തലക്കെട്ട് നല്‍കിയതെന്നും വിവാദമായതോടെ തലക്കെട്ട് മാറ്റിയെന്നും ഇവര്‍ ആരോപിച്ചിരുന്നു.