നമ്മളാലാവുന്നത് ചെയ്യണമെന്ന് തോന്നി, ആടിനെ വിറ്റ് കുറച്ച് പേര്‍ക്ക് അരിയും നൂറ് രൂപയും കൊടുത്തു: സുബൈദാ ബീവി

Vaccine Challenge
Vaccine Challenge
Published on

താനും ഭര്‍ത്താവും ഒരു ഡോസ് വാക്സിനെടുത്തെന്നും, ചുറ്റുമുള്ള ബുദ്ധിമുട്ടുകള്‍ കാണുമ്പോള്‍ നമ്മളാല്‍ ആവുന്നത് ചെയ്യണം എന്ന് തോന്നി അങ്ങനെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തതെന്ന് കൊല്ലം സ്വദേശി സുബൈദാ ബീവി. സര്‍ക്കാര്‍ സൗജന്യ വാക്‌സിന്‍ നല്‍കുമ്പോഴുണ്ടാകുന്ന അധിക ബാധ്യത കുറക്കാനുള്ള വാക്‌സിന്‍ ചലഞ്ചിന്റെ ഭാഗമായി സുബൈദാ ബീവി ദുരിതാശ്വാസ നിധിയിലേക്ക് 5000 രൂപ നല്‍കിയിരുന്നു. 5000 രൂപ കൊണ്ട് കുറച്ച് പേര്‍ക്കെങ്കിലും വാക്സിന്‍ സൗജന്യമായി നല്‍കാന്‍ കഴിഞ്ഞാല്‍ അതൊരു സന്തോഷമാണെന്നും സുബൈദ ബീവി പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയിലാണ് പ്രതികരണം.

സുബൈദ ബീവിയുടെ വാക്കുകള്‍

അഞ്ച് ആടും നാലു ആട്ടിന്‍കുട്ടികളുമുണ്ട്. കഴിഞ്ഞ കൊവിഡ് കാലത്തും ആടുകളെ വിറ്റാണ് സംഭാവന നല്‍കിയത്. രണ്ട് കുഞ്ഞുങ്ങളേയും ഒരു വലിയ ആടിനെയുമാണ് ഇത്തവണ കൊടുത്തത്. പതിനാറായിരം രൂപയ്ക്കാണ് ആടുകളെ വിറ്റത്. നോമ്പുകാലമായതുകൊണ്ട്. നോമ്പുകാര്‍ക്ക് അഞ്ച് കിലോ അരിയുടെ കിറ്റ് കൊടുക്കാന്‍ തീരുമാനിച്ചു. അങ്ങനെയാണ് ആടിനെ വിറ്റത്. കുറച്ച് പേര്‍ കിറ്റും 100 രൂപയും വെച്ച് കൊടുത്തു. നോമ്പുകാര്‍ക്കും ഭര്‍ത്താക്കന്മാര്‍ ഇല്ലാത്തവര്‍ക്കുമാണ് കിറ്റ് നല്‍കുന്നത്. ഇനിയും കുറച്ചു പേര്‍ക്ക് കൂടി കൊടുക്കാനുണ്ട്. അതിനിടെയാണ് രാവിലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസത്തെ പറ്റി കേള്‍ക്കുന്നത്. അപ്പോള്‍ അതിലേക്കും കൊടുക്കണം എന്ന് തീരുമാനിച്ചു.

മുഖ്യമന്ത്രി മുഖാന്തിരം സംഭാവന നല്‍കുമ്പോള്‍ ഒരു പ്രത്യേക സന്തോഷവും താല്‍പര്യവുമുണ്ട്. കൊവിഡ് കാലം തൊട്ട് ഇപ്പോ വരെ എല്ലാവര്‍ക്കും സഹായം നല്‍കുന്ന ആളാണ് മുഖ്യമന്ത്രി. പ്രായമായവര്‍ക്ക് സമയാ സമയം വീടുകളില്‍ പെന്‍ഷന്‍ എത്തിക്കുന്നു. അങ്ങനെയൊക്കെ ചെയ്യുന്നത് കൊണ്ട് ഒരു പ്രത്യേക സ്നേഹവുമുണ്ട്. ഞാന്‍ സിപിഎമ്മുകാരിയല്ല. കഴിഞ്ഞ തവണ ദുരിതാശ്വാസത്തിലേക്ക് പണം നല്‍കിയതിന് ശേഷമാണ് ഇതിനെ കുറിച്ചെല്ലാം അറിയുന്നത്. കൊല്ലത്ത് മുഖ്യമന്ത്രി വന്നപ്പോള്‍ അവിടെ പോയി കണ്ടിരുന്നു.

കൊല്ലം പള്ളിത്തോട്ടം പൊലീസ് സ്​റ്റേഷന് സമീപം ചായക്കട നടത്തിയും ആടിനെ വളർത്തിയുമാണ് സുബൈദ ഉപജീവനം നടത്തുന്നത്. ഹൃദ്രോഗിയായ ഭര്‍ത്താവ് അബ്​ദുല്‍ സലാമിനും സഹോദരനുമൊപ്പമാണ് സുബൈദയുടെ താമസം.

കേന്ദ്രസര്‍ക്കാരിന്റെ വാക്സിന്‍ നയത്തില്‍ പ്രതിഷേധമറിയിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വാക്സിന്‍ സംഭാവനയായി ഇതുവരെ എത്തിയത് ഒരു കോടിക്ക് മുകളിലാണ്. കൊവിഡ് തുടക്കകാലമായ 2020 ഏപ്രിലില്‍ ആടിനെ വിറ്റ് 5510 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയച്ച കൊല്ലം സ്വദേശി സുബൈദ വാക്‌സിന്‍ വിതരണത്തിനായി 5000 രൂപ ദുരിതാശ്വാസ നിധിയിലേക്ക് അയച്ചു. വളര്‍ത്തുന്ന ആടിനെ വിറ്റാണ് തുക സമാഹരിച്ചത്. കൊല്ലം പോര്‍ട്ട് ഓഫീസിന് സമീപം ചായക്കട നടത്തുന്ന സുബൈദ ജില്ലാകലക്ടര്‍ മുഖേനയാണ് പണം കൈമാറിയത്.

കൊല്ലം പള്ളിത്തോട്ടം പൊലീസ് സ്​റ്റേഷന് സമീപം ചായക്കട നടത്തിയും ആടിനെ വളർത്തിയുമാണ് സുബൈദ ഉപജീവനം നടത്തുന്നത്. ഹൃദ്രോഗിയായ ഭര്‍ത്താവ് അബ്​ദുല്‍ സലാമിനും സഹോദരനുമൊപ്പമാണ് സുബൈദയുടെ താമസം.

Vaccine Challenge
പതറില്ല കേരളം, ആടിനെ വിറ്റ് സുബൈദ നല്‍കിയത് 5000, വാക്‌സിന്‍ ചലഞ്ചില്‍ വന്‍ പങ്കാളിത്തം; ലോകമാതൃകയെന്ന് മുഖ്യമന്ത്രി

മുഖ്യമന്ത്രി പറഞ്ഞത്

വാക്സിന്‍ വില നിശ്ചയിക്കാനുള്ള അധികാരം കമ്പനികള്‍ക്ക് കൈമാറിയതാണ് പ്രശ്നം. കേന്ദ്ര സര്‍ക്കാരിനു 150 രൂപയ്ക്ക് നല്‍കുന്ന വാക്സിന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 400 രൂപയ്ക്കാണ് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാനങ്ങള്‍ക്ക് ക്വാട്ട നിശ്ചയിക്കാത്തതിനാല്‍ വാക്സിനു വേണ്ടിയുള്ള മത്സരവും ഉടലെടുക്കും. ലക്ഷക്കണക്കിനു മനുഷ്യരെ നിത്യേന രോഗികളാക്കുന്ന മഹാമാരിയെ നേരിടുമ്പോള്‍ ഒട്ടും ആശാസ്യമായ അവസ്ഥയല്ല ഇത്. സാമ്പത്തിക പ്രതിസന്ധികളില്‍ ഉഴലുന്ന സംസ്ഥാനങ്ങളെ കൂടുതല്‍ വിഷമകതകളിലേയ്ക്ക് തള്ളിവിടുന്നതാണ് കേന്ദ്ര ഗവൺമെന്റിന്റെ വാക്സിന്‍ നയം. കയ്യില്‍ പണമുള്ളവര്‍ മാത്രം വാക്സിന്‍ സ്വീകരിച്ചോട്ടെ എന്ന നിലപാട് നമുക്ക് സ്വീകരിക്കാനാകില്ല. സ്വതന്ത്ര ഇന്ത്യയില്‍ ഇത്ര കാലം തുടര്‍ന്നു വന്ന സൗജന്യവും സാര്‍വത്രികവുമായ വാക്സിനേഷന്‍ എന്ന നയം നടപ്പിലാക്കാന്‍ തന്നെയാണ് സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനം. ജനങ്ങള്‍ക്ക് നല്‍കിയ വാക്ക് പാലിക്കുക തന്നെ ചെയ്യും.

ഈ മഹാമാരിയെ തടയാന്‍ നമുക്ക് മുന്‍പിലുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗമാണ് വാക്സിനേഷന്‍. ഭൂരിഭാഗം പേരും വാക്സിന്‍ സ്വീകരിച്ചു കഴിഞ്ഞാല്‍ മാത്രമേ, സമൂഹത്തിനും പ്രതിരോധം ആര്‍ജ്ജിക്കാന്‍ സാധിക്കൂ. ജനങ്ങളുടെ ജീവന്‍ കാക്കുന്നതിനോടൊപ്പം, നമ്മുടെ സാമ്പത്തിക വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനും വാക്സിനേഷന്‍ എത്രയും പെട്ടെന്ന് പരമാവധി ആളുകളിലേക്ക് എത്തണം. അതിനായി പ്രതിബദ്ധതയോടെ സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കും. ഇക്കാര്യത്തില്‍ സര്‍ക്കാരിനേറ്റവും വലിയ പിന്തുണയായി മാറുന്നത് ജനങ്ങള്‍ തന്നെയാണ്. ഇന്നലെ നിങ്ങളുടെ ചോദ്യത്തിനുത്തരമായി ഇക്കാര്യത്തിൽ യുവാക്കൾ അടക്കമുള്ളവരുടെ ആവേശകരമായ പ്രതികരണത്തെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. വാക്സിനുകള്‍ വാങ്ങുന്നതിലേയ്ക്കായി സിഎംഡിആര്‍എഫിലേക്ക് സംഭാവനകള്‍ ഇന്നലെ മുതല്‍ വന്നുകൊണ്ടിരിക്കുകയാണ്. ഇന്നുമാത്രം ഒരുകോടിയിലധികം രൂപയാണ് ഇങ്ങനെ എത്തിയത്.

പ്രതിസന്ധി ഘട്ടങ്ങളില്‍, തങ്ങളുടെ സഹോദരങ്ങളുടെ സുരക്ഷയ്ക്കും നാടിന്‍റെ നന്മയ്ക്കും വേണ്ടി ഒത്തൊരുമിക്കുന്ന കേരള ജനത ഈ ലോകത്തിനു തന്നെ മാതൃകയായി മാറിയിരിക്കുന്നു. കേരളീയന്‍ എന്ന നിലയില്‍ അഭിമാനം തോന്നുന്ന മറ്റൊരു സന്ദര്‍ഭമാണിത്. ആരുടെയും ആഹ്വാനമനുസരിച്ചല്ല, ജനങ്ങള്‍ സ്വയമേവ മുന്നോട്ടുവന്നാണ് സംഭാവനകള്‍ നല്‍കുന്നത്. ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളില്‍നിന്നും വാക്സിന്‍ വാങ്ങാനുള്ള സംഭാവന എത്തുകയാണ്.ഇത്തരത്തില്‍ വാക്സിന്‍ വാങ്ങുന്നതിനായി ജനങ്ങള്‍ നല്‍കുന്ന തുക സംഭരിക്കുന്നതിന് സിഎംഡിആര്‍എഫില്‍ പ്രത്യേക അക്കൗണ്ട് ഉണ്ടാകും. ആ തുക വാക്സിനേഷനു വേണ്ടി മാത്രം ചെലവഴിക്കും. ഇപ്പോള്‍ വാക്സിനേഷന്‍ സ്വീകരിച്ചവരാണ് സംഭാവന അയക്കുന്നത്. എല്ലാവരും ഇതിന് സന്നദ്ധരാകണം. ഈ മുന്നേറ്റത്തില്‍ കൂടുതല്‍ ആളുകള്‍ പങ്കാളികളാകണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്. വ്യക്തികള്‍ മാത്രമല്ല, സംഘടനകളും സ്ഥാപനങ്ങളും ഈ ലക്ഷ്യത്തിനായി കൈകോര്‍ക്കണം.

വാക്സിനേഷന്‍ ശക്തമായി നടപ്പിലാക്കി എത്രയും പെട്ടെന്ന് ഈ മഹാമാരിയില്‍ നിന്നും മുക്തമാവുക എന്ന ലക്ഷ്യം നമുക്ക് സഫലീകരിക്കണം. സാമ്പത്തികമായ വേര്‍തിരിവുകളെ മറികടന്ന് വാക്സിന്‍ ഏറ്റവും സാധാരണക്കാരനും ലഭ്യമാക്കണം. അതിനായി നമുക്കൊരുമിച്ചു നില്‍ക്കാം.

ആവര്‍ത്തിച്ച് നടത്താനുള്ള ഒരു അഭ്യര്‍ത്ഥന എല്ലാവരും അത്യാവശ്യ കാര്യങ്ങള്‍ക്കു മാത്രമേ പുറത്തിറങ്ങാവൂ എന്നതാണ്. നിര്‍ണായകമായ ഒരു ഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഓരോ നിമിഷവും ജാഗ്രതയോടെ ഇരിക്കേണ്ടതുണ്ട്. ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തിയവര്‍ റിസര്‍ട്ട് കിട്ടുന്നതുവരെ നിര്‍ബന്ധമായും ക്വാറന്‍റൈനില്‍ കഴിയണം. രോഗം പടരുന്നതിന്‍റെ വേഗവും രീതിയും മാറിയിട്ടുണ്ട് എന്നതും ഓര്‍മ വേണം. അതിനനുസരിച്ച് സൗകര്യങ്ങളൊരുക്കാനുള്ള ശ്രമത്തിലാണ് നമ്മള്‍ ഓരോരുത്തരും എന്നു കാണണം. ഇക്കാര്യം മാധ്യമങ്ങളോടും കൂടി പറയുകയാണ്. സമൂഹത്തെ അപകടത്തില്‍നിന്ന് രക്ഷിക്കുകയാണ് എല്ലാവരുടെയും കടമ.ദുരിതാശ്വാസനിധികഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ആടിനെ വിറ്റ് കിട്ടിയ 5510 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയ പോര്‍ട്ട് കൊല്ലം സ്വദേശിനി സുബൈദ ഒരു വര്‍ഷത്തിനുശേഷം വാക്സിന്‍ വിതരണത്തിനും തന്‍റെ സംഭാവന നല്‍കി. ആടിനെ വിറ്റ് കിട്ടിയ 5000 രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നതിനായി ജില്ലാ കലക്ടര്‍ക്ക് കൈമാറി.

Related Stories

No stories found.
logo
The Cue
www.thecue.in