കടല്‍കയറ്റവും കൊവിഡ് വ്യാപനവും മൂലം ദുരിതത്തിലാണ് ചെല്ലാനം പഞ്ചായത്തിലെ ജനങ്ങള്‍. രണ്ട് തവണയായുണ്ടായ കടല്‍കയറ്റത്തില്‍ സാമ്പാദ്യമെല്ലാം നഷ്ടപ്പെട്ടു. പല വീടുകളും ഇപ്പോഴും വാസയോഗ്യമായിട്ടില്ല. ആഴ്ചകള്‍ പിന്നിട്ടിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് ഇതുവരെ യാതൊരു നടപടിയുമുണ്ടായില്ലെന്ന് ചെല്ലാനം പഞ്ചായത്തിലെ കണ്ണമാലി സ്വദേശികള്‍ പറയുന്നു. ഈ സാഹചര്യത്തില്‍ തങ്ങളുടെ അവസ്ഥ അധികാരികള്‍ക്ക് മുന്നിലെത്തിക്കാന്‍ വ്യത്യസ്ത ആശയവുമായാണ് കണ്ണമാലിയിലെ ഒരു കൂട്ടം യുവാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
എല്ലാം നഷ്ടപ്പെട്ടവര്‍ക്കിടയിലേക്ക് മാവേലി വരുന്നതും, ദുരിതം കണ്ട് തിരിച്ചുപോകേണ്ടി വരുന്നതും ചിത്രങ്ങളിലൂടെ ആവിഷ്‌കരിച്ചിരിക്കുകയാണ് ഇവര്‍. പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറായ റെനീഷ് റെന്‍ ആണ് ഇത്തരമൊരു ആശയം മുന്നോട്ട് വെച്ചത്. മാത്യു ഷൈമോന്‍, ജാക്‌സന്‍ ആന്റണി, സനല്‍ ജോസഫ്, ഷെബിന്‍ കെവി എന്നിവരുടെ സഹായത്തോടെയായിരുന്നു ചിത്രങ്ങള്‍ എടുത്തത്. നിലവിലെ തങ്ങളുടെ അവസ്ഥ മാവേലി വന്നു കണ്ടാല്‍ എങ്ങനെയിരിക്കുമെന്നതാണ് ചിത്രങ്ങളിലൂടെ അവതരിപ്പിച്ചതെന്ന് ഇവര്‍ പറയുന്നു.
'മാവേലിയോട് ഒന്നും തോന്നല്ലെ മക്കളെ', എന്ന് തുടങ്ങുന്ന കുറിപ്പോടെയാണ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിന്റെ പൂര്‍ണരൂപം:
'തിരകള്‍ തല്ലി തകര്‍ത്ത കണ്ണമാലിയുടെ തീരദേശത്തില്‍ വീണ്ടുമൊരു ഓണക്കാലം. രണ്ടാഴ്ച നീണ്ട കടലാക്രമണത്തിനു ശേഷം കടല്‍ ശാന്തമായി. തിരകള്‍ തല്ലി തകര്‍ത്ത വീടുകളും ചെളിയും മണ്ണും നിറഞ്ഞ് ഇനിയും വാസയോഗ്യമല്ലാത്ത വീടുകളും ഇന്നിവിടെ ഒരു ചോദ്യ ചിഹ്നമാണ്. അവിടേക്കാണ് വീണ്ടും ഓണം കടന്ന് വരുന്നത്.
വാഴയിലയില്‍ ഓണം ഉണ്ടും, ഓണക്കോടി ഉടുത്തും, ഒത്തൊരുമിച്ച് സന്തോഷങ്ങള്‍ പങ്കുവെക്കുന്ന ഓണം എന്ന ദേശീയ ഉത്സവം തീരത്ത് ഈ പ്രാവശ്യം ഇല്ല. ഉപ്പുവെള്ളം കേറി ചീഞ്ഞു പോയ വാഴയിലകള്‍ ഓരോ വീട്ടിലും ഓണമില്ലെന്ന് വിളിച്ചോതുന്നുണ്ട്. ഉപ്പ് വെള്ളത്തില്‍ കരിഞ്ഞു പോയ മരങ്ങളും ചെടികളും ഇനി പൂക്കളങ്ങള്‍ക്ക് പൂതരുമോ?
കൊറോണ കാലത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നേരിട്ട സമയത്ത് സര്‍ക്കാര്‍ തന്ന റേഷനരി പോലും കടല്‍ കവര്‍ന്നെടുത്തപ്പോള്‍ നോക്കുകുത്തിയായി നില്‍ക്കേണ്ടി വന്ന ഒരു ജനത ഇനി സന്മനസുകള്‍ നല്‍കിയ ഭക്ഷ്യ കിറ്റുകള്‍കൊണ്ട് ഓണമാഘോഷിക്കാനല്ല, പട്ടിണി മാറ്റാനാണ് നോക്കുന്നത്.
ചെല്ലാനം തീരത്തിന്റെ ദുരിതങ്ങള്‍ കാണാന്‍ കഴിയാത്ത അധികാരികളെ അല്ല ജനങ്ങള്‍ക്ക് വേണ്ടത്, മറിച്ച് ജനങ്ങളുടെ വിഷമങ്ങള്‍ കേള്‍ക്കാന്‍ മനസുള്ള മാവേലി തമ്പുരാനെയാണ്. ദാരിദ്ര്യത്തിന്റെ അങ്ങേയറ്റത്ത് ഭക്ഷണ കിറ്റുമായി വരുന്നവന്റെ മുന്നില്‍ തല്ല് കൂടുന്നവരെ കണ്ടു മൗനമായി നില്‍ക്കുവാനെ മവേലിക്കു കഴിയൂ. അധികാരം മാവേലിക്കുമില്ലല്ലോ?'