സി.പി.എം-ആര്‍.എസ്.എസ് ചര്‍ച്ചയ്ക്ക് മധ്യസ്ഥനായെന്ന് സത്സംഘ് ഫൗണ്ടേഷന്‍ സ്ഥാപകന്‍ ശ്രീ എം. കണ്ണൂരിലെ സംഘര്‍ഷം തീര്‍ക്കുന്നതിനായിരുന്നു ചര്‍ച്ച. ഇതിനായി രണ്ട് യോഗങ്ങള്‍ നടത്തി. രണ്ട് യോഗങ്ങളിലും മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം നേതാക്കളും പങ്കെടുത്തു. ആര്‍.എസ്.എസ് നേതാവ് ഗോപാലന്‍കുട്ടി മാഷ് ഉള്‍പ്പെടെയുള്ള നേതാക്കളും യോഗത്തിലുണ്ടായിരുന്നുവെന്നും ശ്രീ എം മാതൃഭൂമിയോട് പറഞ്ഞു.
തിരുവനന്തപുരത്തും കണ്ണൂരുമായിരുന്നു ചര്‍ച്ച. രാഷ്ട്രീയ ഉദ്ദേശത്തോടെയായിരുന്നില്ല യോഗങ്ങള്‍. കേരള സമൂഹത്തിന്റെ നന്‍മ മാത്രമായിരുന്നു ലക്ഷ്യമെന്നും ശ്രീ എം വ്യക്തമാക്കി.
ഒരു നല്ല കാര്യത്തിന് വേണ്ടിയുള്ള ഇടപെടലായിരുന്നു അത്. വിവേകാനന്ദന്റെ കൃതികളും ദാസ് ക്യാപിറ്റലും വായിക്കുന്നയാളാണ് ഞാന്‍. ആര്‍.എസ്.എസിലും സി.പി.എമ്മിലും പരിചയക്കാരുണ്ട്. എന്നാല്‍ പിന്നെ ഒരു ശ്രമം നടത്താമെന്നായിരുന്നു ചിന്ത.
ജില്ലാ സെക്രട്ടറിയായിരുന്ന പി.ജയരാജനെ കണ്ടപ്പോള്‍ സംഘര്‍ഷം തീര്‍ക്കാനുള്ള ശ്രമങ്ങള്‍ക്ക് അദ്ദേഹം താല്‍പര്യം അറിയിച്ചു.പിന്നീട് ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതിനെ കണ്ടു. പിന്നീട് കോടിയേരി ബാലകൃഷ്ണനുമായും ഗോപാലന്‍കുട്ടി മാഷുമായും സംസാരിച്ചു.
സി.പി.എമ്മിനും ആര്‍.എസ്.എസിനും ഇടയിലുള്ള ആളെന്ന നിലയിലാണ് ഭൂമി നല്‍കിയതെന്ന ആരോപണം വളരെ വേദനയുണ്ടാക്കുന്നതാണ്. തനിക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളില്ല. വിവാദത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ ഭൂമി വേണ്ടെന്ന് വെച്ചാലോ എന്ന് വരെ തോന്നിപ്പോയി. എന്നാല്‍ യോഗ സെന്ററുമായി മുന്നോട്ട് പോകുമെന്നും ശ്രീ എം വ്യക്തമാക്കി.
യോഗ കേന്ദ്രത്തിനായി ഭൂമി ആവശ്യപ്പെട്ട് ഒരു മാസം മുമ്പാണ് അപേക്ഷ നല്‍കിയത്. ആന്ധ്രയിലും ഡല്‍ഹിയിലും കേന്ദ്രങ്ങളുണ്ട്. ജനിച്ച് വളര്‍ന്ന കേരളത്തിലും കേന്ദ്രം വേണമെന്ന ചിന്തയിലാണ് അപേക്ഷ നല്‍കിയത്. തിരുവനന്തപുരത്തെ ഭാരവാഹികളാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ അപേക്ഷ നല്‍കിയത്.
2014ല്‍ സി.പി.എം കണ്ണൂരില്‍ സംഘടിപ്പിച്ച യോഗ ക്യാമ്പിലേക്ക് ക്ഷണിച്ചിരുന്നു. പിണറായി വിജയനും അതില്‍ പങ്കെടുത്തിരുന്നു. അന്നാണ് പിണറായി വിജയനെ ആദ്യമായി പരിചയപ്പെടുന്നതെന്നും ശ്രീ എം പറഞ്ഞു. താന്‍ ഒരു പാര്‍ട്ടിയുടെയും ആളല്ല.
ആര്‍.എസ്.എസ് മുഖപ്രസിദ്ധീകരണമായ ഓര്‍ഗനൈസറില്‍ ജോലി നോക്കിയിട്ടില്ലെന്നും ശ്രീ എം വ്യക്തമാക്കി. ഓര്‍ഗനൈസറുമായി ബന്ധമുണ്ടായിരുന്നു. ചില ലേഖനങ്ങള്‍ എഴുതിയിരുന്നുവെന്നും ശ്രീ എം പറഞ്ഞു.