ശ്രീലങ്കയിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം; പ്രസിഡന്റിന്റെ വസതി കയ്യേറി നീന്തല്‍ കുളത്തില്‍ കുളിച്ചും ഭക്ഷണം കഴിച്ചും പ്രതിഷേധക്കാര്‍

ശ്രീലങ്കയിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം; പ്രസിഡന്റിന്റെ വസതി കയ്യേറി നീന്തല്‍ കുളത്തില്‍ കുളിച്ചും ഭക്ഷണം കഴിച്ചും പ്രതിഷേധക്കാര്‍
Published on

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പ്രക്ഷോഭം ശക്തമായ ശ്രീലങ്കയില്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതി കയ്യേറി പ്രതിഷേധക്കാര്‍. വസതിയിലേക്ക് കയ്യേറിയ പ്രതിഷേധക്കാര്‍ രജപക്‌സെ കയ്യേറിയിരുന്ന മുറികളിലടക്കം കടക്കുകയും സാധനങ്ങള്‍ കയ്യേറുകയും ചെയ്തു.

ഔദ്യോഗിക വസതിയിലുള്ള നീന്തല്‍ കുളത്തില്‍ പ്രതിഷേധക്കാര്‍ കുളിക്കുന്നതിന്റെയും അടുക്കളയില്‍ കയറി ഭക്ഷണം കഴിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തു വരുന്നുണ്ട്.

ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് കൊളംബോയിലുള്ള പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലേക്ക് എത്തിയത്. സുരക്ഷ സേനയുടെ എല്ലാ പ്രതിരോധവും മറികടന്നാണ് പ്രതിഷേധക്കാര്‍ ഗെയ്റ്റ് കടന്ന് വസതിയിലേക്ക് എത്തിയത്.

അതേസമയം ഗോതബായ രജപ്കസെയെ നേരത്തെ തന്നെ വസതിയില്‍ നിന്ന് മാറ്റി. ഗോതബായ രാജ്യം വിട്ടുവെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.

കൂടുതല്‍ പ്രതിഷേധക്കാര്‍ ട്രെയിനില്‍ കൊളംബോയിലേക്ക് കടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കാന്‍ഡി റെയില്‍വേ സ്‌റ്റേഷന്‍ പൂര്‍ണമായും പ്രതിഷേധക്കാര്‍ പിടിച്ചെടുത്തു. പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും യോഗം വിളിച്ചിട്ടുണ്ട്.

കൊളംബോയില്‍ കര്‍ഫ്യൂ പിന്‍വലിച്ചതിന് പിന്നാലെയാണ് പതിനായിരക്കണക്കിന് ആളുകള്‍ പ്രസിഡന്റിന്റെ വസതിയിലെത്തിയത്. ജനങ്ങളോട് വീടുകളില്‍ തന്നെ കഴിയണമെന്ന് ഇന്നലെ പൊലീസ് ഉത്തരവിട്ടിരുന്നു. നഗരത്തില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തിന് പിന്നാലെയാണ് കര്‍ഫ്യൂ പിന്‍വലിച്ചത്.

ലങ്കന്‍ പതാകയുമായാണ് ആളുകള്‍ തെരുവില്‍ ഇറങ്ങിയത്. വലിയ ബഹുജന റാലിക്ക് ഇന്ന് വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്തിരുന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെയാണ് ശ്രീലങ്കന്‍ ജനത പ്രക്ഷോഭവുമായി തെരുവിലിറങ്ങിയത്.

Related Stories

No stories found.
logo
The Cue
www.thecue.in