വലത് നിരീക്ഷകനെന്ന് വിശേഷിപ്പിച്ചു,മീഡിയവണ്‍ ചര്‍ച്ച ബഹിഷ്‌കരിച്ച് ശ്രീജിത്ത് പണിക്കര്‍;നിക്ഷ്പക്ഷനായി അവതരിപ്പിക്കാനാകില്ലെന്ന് നിഷാദ്

വലത് നിരീക്ഷകനെന്ന് വിശേഷിപ്പിച്ചു,മീഡിയവണ്‍ ചര്‍ച്ച ബഹിഷ്‌കരിച്ച് ശ്രീജിത്ത് പണിക്കര്‍;നിക്ഷ്പക്ഷനായി അവതരിപ്പിക്കാനാകില്ലെന്ന് നിഷാദ്
Published on

വലത്പക്ഷ നിരീക്ഷകനെന്ന് വിശേഷിപ്പിച്ചാല്‍ ചാനല്‍ ചര്‍ച്ചക്ക് ഇല്ലെന്ന് ശ്രീജിത് പണിക്കര്‍. ഇന്നത്തെ മീഡിയ വണ്‍ ചാനല്‍ ചര്‍ച്ചയാണ് ശ്രീജിത്ത് ബഹിഷ്‌കരിച്ചത്.

ചാനല്‍ ചര്‍ച്ചകളിലെ സജീവ സാന്നിധ്യമായ ശ്രീജിത്ത് പണിക്കരെ എങ്ങനെ വിശേഷിപ്പിക്കണം എന്നതിനെചൊല്ലി സോഷ്യല്‍ മീഡിയയില്‍ നേരത്തേ മുതല്‍ തന്നെ വലിയ ചര്‍ച്ചയും അഭിപ്രായ വ്യത്യാസങ്ങളുമുണ്ട്. നിരന്തരം സംഘപരിവാര്‍ അനുകൂല രാഷ്ട്രീയം സംസാരിക്കുന്ന ശ്രീജിത്തിനെ മാധ്യമങ്ങള്‍ നിഷ്പക്ഷനാക്കി അവതരിപ്പിക്കുന്നുവെന്ന പരാതി ഇടത് പ്രതിനിധികള്‍ നിരന്തരമായി ചര്‍ച്ചകളില്‍ ഉന്നയിക്കാറുമുണ്ട്.

വൈകുന്നേരം ഏഴരക്കുള്ള ചര്‍ച്ചയില്‍ ശ്രീജിത്തിനെ മീഡിയവണ്‍ അതിഥിയായി നിശ്ചയിച്ചിരുന്നു. ശ്രീജിത്ത് ചര്‍ച്ചയില്‍ പങ്കെടുക്കാമെന്ന് സമ്മതിക്കുകയും ചെയ്തു. ചര്‍ച്ചക്ക് അരമണിക്കൂര്‍ മുന്‍പ് ചാനലിലെ പ്രൊഡക്ഷന്‍ വിഭാഗം ശ്രീജിത്തിനെ വിളിച്ച്, വലത് നിരീക്ഷകന്‍ എന്നായിരിക്കും പേരിനൊപ്പം നല്‍കുക എന്നറിയിച്ചു. അത് അംഗീകരിക്കാനാവില്ല എന്ന് പറഞ്ഞ ശ്രീജിത്ത് തന്റെ പൊസിഷന്‍ ചാനല്‍ നിര്‍ണ്ണയിക്കുന്നത് ശരിയല്ലെന്നും ജനാധിപത്യപരമല്ലെന്നും വാദിച്ചു. പക്ഷെ ചര്‍ച്ചകളില്‍ പൊതുവെ, ബിജെപി, സംഘപരിവാര്‍ അനുകൂല നിലപാട് സ്വീകരിക്കുന്ന ശ്രീജിത്തിനെ നിഷ്പക്ഷനായി അവതരിപ്പിക്കാന്‍ കഴിയില്ലെന്ന് ചാനല്‍ അറിയിച്ചതോടെയാണ് ചര്‍ച്ചയ്ക്കില്ലെന്ന് ശ്രീജിത് അറിയിച്ചത്.

ചര്‍ച്ചയില്‍ നിന്ന് ഒഴിവാക്കിയതോടെ ഫേസ്ബുക്ക് പേജില്‍ ലൈവില്‍ എത്തിയ ശ്രീജിത്ത് മീഡിയവണിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. ചാനല്‍ എഡിറ്റോറിയല്‍ ബോര്‍ഡും അവതാരകനായ നിഷാദ് റാവുത്തറും കാട്ടിയത് മര്യാദകേടാണെന്ന് ശ്രീജിത്ത് ആരോപിക്കുന്നു. ഏഷ്യാനെറ്റ്, മനോരമ, മാതൃഭൂമി തുടങ്ങി ചാനലുകളിലും സിപിഎം നിയന്ത്രണത്തില്‍ ഉള്ള കൈരളിയില്‍ ജോണ്‍ബ്രിട്ടാസ് പോലും തന്നെ സാമൂഹ്യനിരീക്ഷകനായി അംഗീകരിക്കുന്നുമ്പോള്‍ അതില്‍ നിന്ന് മാറി മീഡിയവണ്‍ ചാനലിനും അവതാരകന്‍ നിഷാദിനും അത് അംഗീകരിക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്നും പണിക്കര്‍ ചോദിക്കുന്നു.

ശ്രീജിത്ത് പണിക്കരെ പോലെ പ്രകടമായ സംഘ് അനുകൂല നിലപാട് പറയുന്നയാളെ, കേരളത്തിലെ പ്രേക്ഷകര്‍ക്ക് മുന്നില്‍ നിഷ്പക്ഷനായി അവതരിപ്പിക്കുന്നത് അപഹാസ്യമായിരിക്കുമെന്ന് നിഷാദ് റാവുത്തര്‍ ദ ക്യു'വിനോട് പ്രതികരിച്ചു. ശ്രീജിത്ത് മുന്നോട്ട് വെക്കുന്നതും ശ്രീജിത്തിന്റെ പിന്തുണക്കാരായി രംഗത്തുള്ളതും സംഘപരിവാര്‍ രാഷ്ട്രീയധാര തന്നെയാണെന്നും അത് കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും നിഷാദ് റാവുത്തര്‍ വ്യക്തമാക്കി.

Related Stories

No stories found.
logo
The Cue
www.thecue.in