അശ്ലീല ഗ്രൂപ്പുകളില്‍ തന്റെ ഫോണ്‍ നമ്പര്‍ പ്രചരിപ്പിച്ചതില്‍ ഡിജിപിക്ക് പരാതി നല്‍കി പൊതു പ്രവര്‍ത്തക ശ്രീജ നെയ്യാറ്റിന്‍കര. ലൈംഗികമായ ആവശ്യങ്ങള്‍ക്ക് സമീപിക്കാം എന്ന സന്ദേശത്തിനൊപ്പമാണ് ചിലര്‍ ശ്രീജയുടെ പേരും ഫോണ്‍നമ്പറും പ്രചരിപ്പിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ വാട്ട്‌സ് ആപ്പില്‍ അശ്ലീല സന്ദേശങ്ങളും വിളികളും വന്നുകൊണ്ടിരിക്കുകയാണെന്ന് ശ്രീജ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ശ്രീജയുടെ പേരില്‍ ടെലഗ്രാമില്‍ വ്യാജ ഐഡിയും നിര്‍മ്മിച്ചിട്ടുണ്ട്. ഇതിലെ അറയ്ക്കുന്ന ഭാഷയിലുള്ള സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടും ശ്രീജ ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ടു.
രാഷ്ട്രീയ അഭിപ്രായം തുറന്നുപറയുന്നതിന്റെ പേരിലാണ് ലൈംഗികാധിക്ഷേപങ്ങളോടെയുള്ള സൈബര്‍ ആക്രമണത്തിന് വിധേയയാകേണ്ടി വരുന്നതെന്നും കുറിച്ചു. ഇതിനകം 128 പേരെ വാട്ട്‌സ്ആപ്പില്‍ ബ്ലോക്ക് ചെയ്തു. ചിലര്‍ വാട്ട്‌സ് ആപ്പില്‍ അശ്ലീല ചിത്രങ്ങളും അയച്ചിട്ടുണ്ട്. വിളിച്ച ഒരാളെ എടുത്തിട്ട് കുടഞ്ഞപ്പോള്‍ ടെലഗ്രാം ഗ്രൂപ്പില്‍ നിന്നാണ് നമ്പര്‍ കിട്ടിയതെന്ന് പറഞ്ഞു. തുടര്‍ന്ന് ആ വ്യക്തിയെക്കൊണ്ട് ടെലഗ്രാമിലെ സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ അയച്ചുവാങ്ങിക്കുകയായിരുന്നുവെന്നും ശ്രീജ പറയുന്നു.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
രാഷ്ട്രീയം സംസാരിക്കുന്ന ഒരു സ്ത്രീയെ നേരിടാന്‍ നിങ്ങള്‍ക്കെന്തൊക്കെ വഴികള്‍ നോക്കണം ആണ്‍കൂട്ടങ്ങളേയെന്നും ശ്രീജ ചോദ്യമുയര്‍ത്തുന്നു. നെയ്യാറ്റിന്‍കര പൊലീസിനും സൈബര്‍ സെല്ലിനും ഡിജിപിക്കും പരാതി നല്‍കിയതായും ശ്രീജ അറിയിച്ചു. ഇത്തവണ സംഘപരിവാറിനെ മാത്രമല്ല കോണ്‍ഗ്രസുകാരെയും സംശയിക്കുന്നുണ്ട്. സംശയിക്കുന്ന വ്യക്തികളുടെ വിശദാംശങ്ങളും അതിനുള്ളസാഹചര്യങ്ങളും തെളിവ് സഹിതം പൊലീസിനെ ധരിപ്പിച്ചിട്ടുണ്ടെന്നും ശ്രീജ വിശദീകരിക്കുന്നു.