അഴുക്കുവെള്ളത്തില്‍ നീന്തി കായിക താരങ്ങള്‍; മലിനജലത്തില്‍ മുങ്ങി കോഴിക്കോട് സായ് കേന്ദ്രം
മാലിന്യം നിറഞ്ഞ വെള്ളക്കെട്ട് നീന്തി പരിശീലനത്തിന് പോകേണ്ട ഗതികേടിലാണ് കോഴിക്കോട് സായ്(സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ)സെന്ററിലെ കായിക താരങ്ങള്‍. പരിശീലനത്തിനും പഠിക്കാന്‍ പോകാനും മലിനജലം നീന്തിക്കടക്കണം. ചെറിയൊരു മഴ പെയ്താന്‍ മതി. സായ് സെന്ററില്‍ ഓടയില്‍ നിന്നുള്ള മലിനജലം നിറയും. പരിശീലകരും വിദ്യാര്‍ത്ഥികളും മലിനജലം കടന്ന് വേണം പരിശീലനത്തിനെത്താന്‍. ഓരോ മഴക്കാലത്തും വെള്ളക്കെട്ടിലാകുമെങ്കിലും പരിഹാരമുണ്ടാക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്നാണ് ആരോപണം.
20 താരങ്ങളാണ് വോളിബോള്‍ പരിശീലിക്കുന്നത്. അത്‌ലറ്റിക്‌സ പരിശീലിക്കുന്ന 12 പേരുമുണ്ട്. ഇവര്‍ താമസിക്കുന്നതും സെന്ററില്‍ തന്നെയാണ്. പരിശീലന ഹാളിന് പുറത്തും വെള്ളം കയറിയിട്ടുണ്ട്.
രാജാജി റോഡിലെ ഓടകള്‍ അടഞ്ഞു കിടക്കുന്നതാണ് വെള്ളം സായ് സെന്ററിലേക്ക് ഒഴുകാന്‍ കാരണം. അസഹനീയമായ ദുര്‍ഗന്ധമാണ് പ്രദേശത്ത്. കൊതുകുകളും പെരുകുന്നു. പനിയും വയറിളക്കരോഗങ്ങളും ഭയന്ന് കഴിയുകയാണ് വിദ്യാര്‍ത്ഥികള്‍. വര്‍ഷങ്ങളായി പരാതി നല്‍കിയിട്ടും ദുരിതം തുടരുന്നതില്‍ പ്രതിഷേധമുയരുന്നുണ്ട്. കോഴിക്കോട് കോര്‍പ്പറേഷന്‍ അധികൃതര്‍ അധികൃതരുടെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായെന്നാണ് ആരോപണം. സ്‌പോട്‌സ് മന്ത്രി ഇ പി ജയരാജനും ജില്ലാ കലക്ടര്‍ക്കും സായ് അധികൃതര്‍ പരാതി നല്‍കിയിരുന്നു.
പരാതി നല്‍കി മൂന്നാമത്തെ ആഴ്ചയിലാണ് അധികൃതര്‍ പ്രതികരിക്കാന്‍ തയ്യാറായതെന്ന് പരിശീലകനായ അഗസ്റ്റിന്‍ ദ ക്യൂവിനോട് പറഞ്ഞു. പ്രശ്‌നം പരിഹരിക്കാന്‍ സമയമെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം പണി തുടങ്ങിയെങ്കിലും മഴ പെയ്തതോടെ നിര്‍ത്തിവെച്ചു. ചെറിയൊരു പാലമിട്ടിട്ടുണ്ട്. വെള്ളത്തിലൂടെ സ്‌കൂളില്‍ പോകാനാണ് ബുദ്ധിമുട്ട്. കുട്ടികളെ ബസില്‍ കയറ്റി പുറത്തെത്തിക്കുകയാണ്.
ഇന്ത്യന്‍ വോളിബോള്‍ ടീമിന്റെ നായകനായിരുന്ന ടോം ജോസഫ്, ഒളിംമ്പ്യന്‍ കെ ടി ഇര്‍ഫാന്‍, ആര്‍ രാജീവ്, വിപിന്‍ ജോര്‍ജ്ജ് എന്നിവരെല്ലാം സായ് സെന്റില്‍ നിന്ന് പരിശീലനം നേടിയവരാണ്. വെള്ളക്കെട്ടില്‍ കുട്ടികള്‍ കഴിയുന്നതിനെതിരെ ടോം ജോസഫ് രംഗത്തെത്തിയിരുന്നു.
നേട്ടങ്ങള്‍ കൈവരിക്കുമ്പോള്‍ മാത്രം കിട്ടുന്ന കൈയ്യടിയും നല്ല വാക്കുകളും മാത്രമല്ല പുതിയ കായിക താരങ്ങളുടെ ഉയര്‍ച്ചയ്ക്കും വളര്‍ച്ചയ്ക്കും വേണ്ടതെന്ന് ഭരണകൂടവും അധികൃതരും മനസിലാക്കുന്നത്. എല്ലാം ശരിയാക്കണമെന്ന് പറയുന്നില്ലെന്നും ആ അമിതാഗ്രഹമില്ലെന്നും ടോം ജോസഫ് കുറ്റപ്പെടുത്തിയിരുന്നു.
ഓടയിലെ വെള്ളമാണ് കൂടുതലായി കയറുന്നത്. ഹോട്ടലുകളില്‍ നിന്നുള്ള മാലിന്യം ഒഴുകിയെത്തി ഡ്രെയിനേജുകള്‍ അടഞ്ഞിരിക്കുകയാണെന്നാണ് കോര്‍പ്പറേഷന്റെ വാദം. സമീപത്തെ ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചു.
രോഗം പകരുമെന്ന ആശങ്കയും നിലനില്‍ക്കുന്നു. രോഗപ്രതിരോധ നടപടികള്‍ സ്വന്തം നിലയില്‍ സ്വീകരിച്ചിട്ടുണ്ടെന്ന് സായ് അധികൃതര്‍ അറിയിച്ചു.