പഞ്ചാബ് നിയമസഭാ തെരഞ്ഞൈടുപ്പ് പുരോഗമിക്കവേ പോളിംഗ് ബൂത്തിലെത്തിയ ബോളിവുഡ് നടൻ സോനു സൂദിനെ പൊലീസ് തടഞ്ഞു. പഞ്ചാബിലെ മോഗ ജില്ലയിലാണ് സംഭവം നടന്നത്. കാർ പിടിച്ചെടുത്ത ശേഷം സോനു സൂദിനെ വീട്ടിലേക്ക് തിരിച്ചയച്ചു. വീടിനു പുറത്തിറങ്ങിയാൽ സോനുവിനെതിരെ നടപടിയുണ്ടാകുമെന്ന് മോഗ ജില്ലാ പി.ആർ.ഒ അറിയിച്ചു.
സോനു സൂദിന്റെ സഹോദരി മാളവിക സൂദ് മോഗ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിയാണ്. പോളിംഗ് ബൂത്തിന് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ ഒരു എസ് യുവി കണ്ടുവെന്ന പരാതിയെ തുടർന്നാണ് വാഹനം കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് പറയുന്നു. എന്നാൽ പരാതി വ്യാജമാണെന്നും ചില ബൂത്തുകളിൽ അകാലി ദൾ പണം വിതരണം ചെയ്യുന്നതറിഞ്ഞ് അന്വേഷിക്കാൻ ചെന്നപ്പോഴാണ് പോലീസ് തടഞ്ഞതെന്ന് സോനു സൂദ് പറഞ്ഞു.
പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 117 മണ്ഡലങ്ങളിലേക്കുള്ള പോളിംഗ് ഞാറാഴ്ച രാവിലെ 8 മണിക്ക് കനത്ത സുരക്ഷയിലാണ് ആരംഭിച്ചത്. 2017ലെ പഞ്ചാബ് 117 അംഗ നിയമസഭയിൽ കോൺഗ്രസ് 77 സീറ്റുകൾ നേടിയപ്പോൾ ശിരോമണി അകാലിദളിന് 18 സീറ്റുകൾ മാത്രമാണ് നേടാനായത്. മറുവശത്തു എ.എ.പി. 20 സീറ്റുകൾ നേടി രണ്ടാമത്തെ വലിയ ഒറ്റകക്ഷിയായിരുന്നു.