‘പപ്പയുടെ മരണത്തിന് കാരണക്കാരായ കോണ്‍ഗ്രസുകാരെ നിയമത്തിന് മുന്നിലെത്തിക്കണം’; മുല്ലപ്പള്ളിക്ക് ചെറുപുഴയിലെ കരാറുകാരന്റെ മകന്റെ കത്ത്
നല്ല കോണ്‍ഗ്രസുകാരനായിരുന്ന അച്ഛനെ കോണ്‍ഗ്രസുകാര്‍ ചതിച്ച് ഇല്ലാതാക്കിയതെന്തിനാണെന്ന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനോട് കണ്ണൂര്‍ ചെറുപുഴയിലെ കരാറുകാരന്‍ മുതുപാറക്കുന്നേല്‍ ജോസഫിന്റെ മകന്‍. ജോസഫിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സത്യാവസ്ഥ പുറത്തു കൊണ്ടു വരണമെന്നാവശ്യപ്പെട്ട് ജോസഫിന്റെ മകന്‍ ഡെന്‍സ് മുല്ലപ്പള്ളി രാമചന്ദ്രന് എഴുതിയ കത്തിലാണ് ചോദ്യം.
മരണത്തിന് കാരണമായവരെ നിയമത്തിന് മുന്നില്‍ എത്തിക്കാന്‍ കുടുംബത്തെ സഹായിക്കണം. പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മരണത്തില്‍ പങ്കുണ്ടെന്നാണ് ഡെന്‍സ് ആരോപിക്കുന്നത്. കെ കരുണാകരന്‍ സ്മാരക ട്രസ്റ്റ് കെട്ടിടത്തിന്റെ കരാറുകാരനായിരുന്നു ജോസഫ്.
‘പപ്പ ഞങ്ങള്‍ക്ക് ജീവനായിരുന്നു. പപ്പ ഉണ്ടായിരുന്നപ്പോള്‍ വീട്ടില്‍ എന്തു സന്തോഷമായിരുന്നെന്നോ. ഞങ്ങളുടെ സന്തോഷവും ജീവിതത്തിന്റെ വെളിച്ചവും സെപ്റ്റംബര്‍ 5ന് അണഞ്ഞു പോയിരിക്കുന്നു’.
ഡെന്‍സ്
കോണ്‍ഗ്രസുകാരനായത് കൊണ്ടാണ് ജോസഫ് കരുണാകരന്‍ സ്മാരക ട്രസ്റ്റിന്റെ നിര്‍മ്മാണ കരാര്‍ ഏറ്റെടുത്തതെന്നും കിട്ടാനുള്ള പണത്തിന് വേണ്ടി വഴക്കുണ്ടാക്കില്ലെന്നും കത്തിലുണ്ട്. വേദനിക്കുന്ന മനുഷ്യര്‍ക്ക് മുന്നില്‍ പൊഴിയുന്ന കണ്ണുനീര്‍ സത്യമാണെങ്കില്‍ പാര്‍ട്ടി നേതാക്കള്‍ കാരണം അനാഥമാക്കുപ്പെട്ട കുടുംബത്തിന്റെ ദുംഖം കാണണമെന്നും കത്തിലൂടെ ഡെന്‍സ് ആവശ്യപ്പെടുന്നു.