സ്ത്രീകള്‍ക്ക് ഏറ്റവുമധികം പരിരക്ഷ നല്‍കുന്നത് ഇസ്ലാം മതമെന്ന് ഷംസീര്‍; തുല്യതയാണ് നല്‍കേണ്ടതെന്ന് ഷാനി, ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

സ്ത്രീകള്‍ക്ക് ഏറ്റവുമധികം പരിരക്ഷ നല്‍കുന്നത് ഇസ്ലാം മതമെന്ന് ഷംസീര്‍; തുല്യതയാണ് നല്‍കേണ്ടതെന്ന് ഷാനി, ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
Published on

സ്ത്രീകള്‍ക്ക് ഏറ്റവും കൂടുതല്‍ പരിരക്ഷ നല്‍കുന്നത് ഇസ്ലാം മതമെന്ന സിപിഎം എംഎല്‍എ എഎന്‍ ഷംസീറിന്റെ വാദവും, അതിന് മാധ്യമപ്രവര്‍ത്തക ഷാനി പ്രഭാകരന്‍ നല്‍കിയ മറുപടിയും ചര്‍ച്ചയാകുന്നു. സെപ്റ്റംബര്‍ 22ന് മനോരമ ന്യൂസിലെ കൗണ്ടര്‍ പോയന്റ് ചര്‍ച്ചക്കിടെയായിരുന്നു സംഭവം.

സത്യത്തില്‍ ആരാണ് ഖുര്‍ആന് പിന്നാലെ പോകുന്നത് എന്ന വിഷയത്തിലായിരുന്നു ചര്‍ച്ച. സിപിഎം പ്രതിനിധിയായി എഎന്‍ ഷംസീര്‍, മുസ്ലീംലീഗ് പ്രതിനിധിയായി അബ്ദുറഹിമാന്‍ രണ്ടത്താണി, ബിജെപി പ്രതിനിധിയായി എസ് സുരേഷ് എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നത്.

ലീഗും മുസ്ലീമും ഖുര്‍ആനും തമ്മിലുള്ള ബന്ധം മുതലക്കുളം മൈതാനം പോലെയാണെന്ന് പറഞ്ഞു തുടങ്ങിയ പ്രസ്താവനയിലായിലാണ് ഷംസീര്‍ വിവാദ പരാമര്‍ശം നടത്തിയത്. ഇസ്ലാമിക് ശരീയത്ത് നിലനില്‍ക്കില്ലെന്ന് ഇ.എം.എസ് നമ്പൂതിരിപ്പാട് പറഞ്ഞിട്ടുണ്ടെന്നും, അതിനര്‍ത്ഥം ഖുര്‍ആന്‍ നിലനില്‍ക്കില്ലെന്നാണെന്നും അങ്ങനെ പറഞ്ഞവര്‍ക്ക് എന്നാണ് ഖുര്‍ആനോട് സ്നേഹം തോന്നാന്‍ തുടങ്ങിയതെന്നും മുസ്ലിം ലീഗ് നേതാവ് അബ്ദുറഹിമാന്‍ രണ്ടത്താണി ചര്‍ച്ചയില്‍ ചോദിച്ചിരുന്നു. ഇതിനുള്ള മറുപടിയായായിരുന്നു ഷംസീറിന്റെ പ്രസ്താവന.

മതഗ്രന്ഥങ്ങളെല്ലാം മനുഷ്യസ്‌നേഹമാണ് പറയുന്നത്. പരിശുദ്ധ ഖുര്‍ആന്‍ വളരെ പുരോഗമനപരമായ കാഴ്ചപ്പാടുകള്‍ പങ്കുവെക്കുന്ന ഗ്രന്ഥമാണ്. സ്ത്രീകള്‍ക്ക് ഏറ്റവും അധികം പരിരക്ഷ കൊടുക്കുന്ന മതം ഇസ് ലാമാണ്. ഇക്കാര്യത്തില്‍ ആര്‍ക്കും തര്‍ക്കം വേണ്ടെന്നും ഷംസീര്‍ പറഞ്ഞു.

ഒരു മതവും സ്ത്രീകള്‍ക്ക് പരിരക്ഷ നല്‍കുന്നില്ലെന്നായിരുന്നു അവതാരികയായിരുന്ന ഷാനി ഷംസീറിന്റെപ്രസ്താവനയോട് പ്രതികരിച്ചത്. പരിരക്ഷയല്ല മതങ്ങള്‍ സ്ത്രീകള്‍ക്ക് നല്‍കേണ്ടത് തുല്യതയും അധികാരവുമാണെന്നും ഷാനി പ്രതികരിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സ്ത്രീകള്‍ക്ക് തുല്യതയും ചില സ്ഥലങ്ങളിലെല്ലാം പുരുഷന്മാരേക്കാള്‍ ഒരുപടി സ്വാതന്ത്ര്യവും നല്‍കുന്ന മതമാണ് ഇസ്ലാമെന്നും ഷംസീര്‍ മറുപടിയായി പറഞ്ഞു. ആ പരിശുദ്ധ ഖുര്‍ആന്‍ അറബിയില്‍ നിന്നും ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയപ്പോള്‍, യാഥാസ്ഥികത മതപൗരോഹിത്യം വ്യാഖ്യാനിച്ച് സ്ത്രീവിരുദ്ധമാക്കിയതിനെ മാത്രമാണ് ഇ.എം.എസ് വിമര്‍ശിച്ചത് എന്നും ഷംസീര്‍ പറഞ്ഞു.

ചര്‍ച്ചയുടെ വീഡിയോ പങ്കുവെച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. കമ്മ്യൂണിസ്റ്റുകാര്‍ ഇങ്ങനെ അധപതിച്ച് പോകുന്നത് കാണുമ്പോള്‍ വിഷമം ഉണ്ടെന്നും ഷാനിയുടെ കൃത്യമായ നിലപാടിന് അഭിനന്ദങ്ങളുമെന്നുമാണ് ചിലര്‍ കുറിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in