'സ്ത്രീകള്‍ കുട്ടികളെ ഉണ്ടാക്കുന്ന മെഷീനോ?'; വിവാദമായി ചാവറ മാട്രിമോണി പരസ്യം

'സ്ത്രീകള്‍ കുട്ടികളെ ഉണ്ടാക്കുന്ന മെഷീനോ?'; വിവാദമായി ചാവറ മാട്രിമോണി പരസ്യം
Published on

വിവാദമായി ചാവറ മാട്രിമോണിയുടെ പുതിയ പരസ്യം. വിവാഹവും കുട്ടികളും വേണ്ടെന്ന് സ്വയം തീരുമാനിച്ച ഒരു സ്ത്രീ ചാവറ മാട്രിമോണിയിലൂടെ പങ്കാളിയെ കണ്ടെത്തിയാല്‍ ജീവിതത്തില്‍ മാറ്റം വരുമെന്നാണ് പരസ്യം സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. സ്ത്രീകളുടെ തെരഞ്ഞെടുപ്പ് സ്വാതന്ത്ര്യത്തെ പരിഗണിക്കാതെയുള്ള പരസ്യത്തിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്.

'ഇഷ്ടക്കേടുകള്‍ ഇഷ്ടങ്ങളായി മാറുന്നു, ചേരുന്ന ജീവിത പങ്കാളിയെ കിട്ടുമ്പോള്‍' എന്ന ടാഗ് ലൈനോടെ പുറത്തിറങ്ങിയ പരസ്യത്തിനെതിരെ ഇതിനോടകം നിരവധി പേര്‍ സമൂഹമാധ്യങ്ങളിലൂടെ രംഗത്തെത്തി. പരസ്യം സ്ത്രീ വിരുദ്ധമാണെന്നും വ്യക്തി സ്വാതന്ത്ര്യത്തിനെതിരെയാണെന്നും ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനങ്ങള്‍.

THE CUE OFFICIAL
THE CUE OFFICIAL

കലാകാരിയായ, കുട്ടികളെയും വിവാഹത്തെയും ഇഷ്ടപ്പെടാത്ത സാറാ എന്ന യുവതി, ചാവറ മാട്രിമോണിയിലൂടെ ജീവിത പങ്കാളിയെ കണ്ടെത്തുന്നതോടെ തന്റെ വ്യക്തിപരമായ താത്പര്യങ്ങള്‍ വേണ്ടെന്ന് വെച്ച് പുതിയൊരു ജീവിതം തുടങ്ങുകയാണ്. കുട്ടികള്‍ വേണ്ടെന്ന തീരുമാനത്തില്‍ നിന്ന സാറ, വിവാഹത്തിന് ശേഷം മൂന്ന് കുട്ടികള്‍ക്കും ഭര്‍ത്താവിനും ഒപ്പം ഗര്‍ഭിണിയായി സന്തോഷത്തോടെ കഴിയുന്നതാണ് പരസ്യത്തിലുള്ളത്.

ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത 'സാറാസ്' എന്ന അന്ന ബെന്‍ ചിത്രത്തിനെതിരയാണോ ചാവറ മാട്രിമോണിയുടെ പരസ്യമെന്നും സമൂഹമാധ്യമത്തില്‍ ചോദ്യം ഉയരുന്നുണ്ട്. സംവിധായകനും ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റുമായ ജിസ് ജോയിയാണ് പരസ്യം സംവിധാനം ചെയ്തിരിക്കുന്നത്. പരസ്യത്തിന് ശബ്ദം നല്‍കിയിരിക്കുന്നതും ജിസ് ജോയിയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in