നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന്‍. ഇക്കാര്യം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. സീറ്റ് കിട്ടാന്‍ വേണ്ടിയല്ല സമരത്തില്‍ പങ്കെടുക്കുന്നതെന്നും ശോഭ സുരേന്ദ്രന്‍ വ്യക്തമാക്കി. പാര്‍ട്ടി നേതൃത്വവുമായി അകന്ന് കഴിയുകയായിരുന്ന ശോഭ സുരേന്ദ്രന്‍ അടുത്തിടെയാണ് പരിപാടികളില്‍ സജീവമായത്. ശോഭ സുരേന്ദ്രന് സീറ്റ് നല്‍കുന്നതില്‍ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് എതിര്‍പ്പുണ്ടായിരുന്നെങ്കിലും എല്ലാവരെയും കൂട്ടി യോജിപ്പിച്ച് പോകണമെന്ന കേന്ദ്ര നിര്‍ദേശത്തെ തുടര്‍ന്നാണ് നിലപാട് മാറ്റിയത്. ശോഭ സുരേന്ദ്രന്‍ ആവശ്യപ്പെടുന്ന സീറ്റ് നല്‍കാമെന്ന നിലപാടിലായിരുന്നു പാര്‍ട്ടി നേതൃത്വം.
ശോഭ സുരേന്ദ്രന്റെ വാക്കുകള്‍
ഏതെങ്കിലുമൊരു നല്ല സീറ്റ് കിട്ടുക എന്ന ചിന്തയോട് കൂടിയാണ് ഞാന്‍ ഈ സമരപ്പന്തലില്‍ വന്നത് എന്ന അര്‍ത്ഥത്തിലുള്ള ഒരു വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടു. അത് വളരെ മനോഹരമായ വാര്‍ത്തയാണ്. ഞാനതിനെ ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നു. കാരണം, ഞാന്‍ തുറന്നുപറഞ്ഞിട്ടില്ലല്ലോ. എന്റെ സഹപ്രവര്‍ത്തകരോടും പൊതുസമൂഹത്തോടും ഞാന്‍ തുറന്നു പറയാന്‍ ആഗ്രഹിക്കുന്നത് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഞാന്‍ മത്സരിക്കുന്നില്ല എന്ന് എന്റെ സംസ്ഥാന നേതൃത്വത്തെയും അഖിലേന്ത്യാ നേതൃത്വത്തെയും മാസങ്ങള്‍ക്ക് മുമ്പ് ഞാന്‍ അറിയിച്ചിട്ടുണ്ട്. ഇനി ഏത് മണ്ഡലത്തിലാണ് ശോഭ സുരേന്ദ്രന്‍ മത്സരിക്കുന്നത്, എവിടെയാണ് ശോഭ സുരേന്ദ്രന് സീറ്റുകിട്ടാന്‍ പോവുന്നത് തുടങ്ങിയ ഒരു ചര്‍ച്ചയുടേയും ആവശ്യമില്ല', ശോഭാ സുരേന്ദ്രന്‍ വ്യക്തമാക്കി.
പാര്‍ട്ടിയുടെ പ്രധാന പദവികളില്‍ സ്ത്രീകളില്ലെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. നേതൃത്വത്തിനെതിരെ ഉയര്‍ത്തിയ പരാതികളില്‍ പരിഹാരമുണ്ടാകുന്നില്ലെന്നതും ശോഭയെ ചൊടിപ്പിച്ചിട്ടുണ്ട്. പാര്‍ട്ടി വേദികളില്‍ നിന്നും വിട്ടു നിന്നാല്‍ കേന്ദ്ര നേതൃത്വത്തിന്റെയും അണികളുടെയും പിന്തുണ കിട്ടില്ലെന്ന് ഉറപ്പായതോടെയാണ് സജീവമായത്.