ശോഭ സുരേന്ദ്രനെ ഒഴിവാക്കി ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി, ഇടംപിടിച്ച് കുമ്മനവും മുരളീധരനും

ശോഭ സുരേന്ദ്രനെ ഒഴിവാക്കി ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി, ഇടംപിടിച്ച് കുമ്മനവും മുരളീധരനും
Published on

ബി.ജെ.പിയുടെ പുതിയ ദേശീയ നിര്‍വാഹക സമിതിയില്‍ നിന്ന് ശോഭ സുരേന്ദ്രനെ ഒഴിവാക്കി. അല്‍ഫോണ്‍സ് കണ്ണന്താനത്തെയും ഇത്തവണ നിര്‍വാഹക സമിതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം പ്രത്യേക ക്ഷണിതാക്കളായി ഇ. ശ്രീധരനെയും പി.കെ കൃഷ്ണദാസിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കേരളത്തിലെ ബി.ജെ.പി നേതൃത്വവുമായി ശോഭ ഇടഞ്ഞു നില്‍ക്കുന്നതിനിടെയാണ് ദേശീയ നിര്‍വാഹക സമിതിയില്‍ നിന്നും പുറത്താക്കിയിരിക്കുന്നത്. അതൃപ്തി പ്രകടിപ്പിച്ച് ശോഭാ സുരേന്ദ്രനും പി.കെ കൃഷ്ണദാസും രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാന നേതൃത്വം ഇടപെട്ട് വെട്ടിയതാണെന്നാണ് പരാതി. കൃഷ്ണദാസ് പക്ഷവും അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്. കൃഷ്ണദാസിനെ ക്ഷണിതാവായി ഒതുക്കിയെന്നാണ് വിമര്‍ശനം.

80 അംഗ ദേശീയ നിര്‍വാഹക സമിതിയില്‍ കേരളത്തില്‍ നിന്നും കേന്ദ്ര സഹമന്ത്രി വി. മുരളീധരനും മുന്‍ മിസ്സോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരനും ഇടംപിടിച്ചു. ദേശീയ ഉപാധ്യക്ഷനെന്ന നിലയില്‍ എ.പി അബ്ദുള്ളക്കുട്ടിയും ദേശീയ വക്താവായി ടോം വടക്കനും സമിതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അതേസമയം ഒ. രാജഗോപാലിനെ ഒഴിവാക്കിയിട്ടുണ്ട്.

നിര്‍വ്വാഹക സമിതി യോഗം ചേര്‍ന്നിട്ട് രണ്ട് വര്‍ഷമാകുന്നുവെന്ന ആക്ഷേപങ്ങള്‍ക്കൊടുവിലാണ് സമിതി പുനസംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. 50 പ്രത്യേകം ക്ഷണിതാക്കളും 179 സ്ഥിരം ക്ഷണിതാക്കളും അടങ്ങിയതാണ് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി.

ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയാണ് നിര്‍വ്വാഹക സമിതി അംഗങ്ങളെ നിര്‍ദേശിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി, മുതിര്‍ന്ന നേതാക്കളായ എല്‍.കെ അധ്വാനി, മുരളീമനോഹര്‍ ജോഷി, രാജ്‌നാഥ് സിംഗ്, അമിത് ഷാ, നിതിന്‍ ഗഡ്ഗരി എന്നിവരും സമിതിയിലുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in