ബി.ജെ.പി സംസ്ഥാന ഭാരവാഹിയോഗത്തില്‍ പങ്കെടുക്കാതെ ശോഭ സുരേന്ദ്രന്‍. പാര്‍ട്ടി നേതൃത്വത്തിനെതിരെ ഉന്നയിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ യോഗത്തില്‍ പങ്കെടുക്കില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ശോഭ സുരേന്ദ്രന്‍. ശോഭ സുരേന്ദ്രനുമായി പ്രശ്‌നമില്ലെന്നായിരുന്നു കെ.സുരേന്ദ്രന്റെ പ്രതികരണം. തൃശൂരിലാണ് സംസ്ഥാന ഭാരവാഹി യോഗം നടക്കുന്നത്.
സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെതിരെ ദേശീയ നേതൃത്വത്തിന് ശോഭ സുരേന്ദ്രന്‍ പരാതി നല്‍കിയിരുന്നു. പ്രശ്‌നം പരിഹരിക്കുമെന്ന് ദേശീയ നേതൃത്വം ഉറപ്പ് നല്‍കിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം ബി.ജെ.പി നേടാതിരുന്നത് സംസ്ഥാനത്തെ ഗ്രൂപ്പ് വഴക്കാണെന്ന് കാണിച്ച് ശോഭ സുരേന്ദ്രന്‍ വീണ്ടും ദേശീയ നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു.
ദേശീയ നേതൃത്വം ഇടപെട്ടിട്ടും സംസ്ഥാനത്തെ നേതാക്കള്‍ തന്നെ തഴയുന്നുവെന്നാണ് ശോഭ സുരേന്ദ്രന്റെ പരാതി. കെ.സുരേന്ദ്രനെ സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുത്തതിന് ശേഷം പാര്‍ട്ടി പരിപാടികളില്‍ നിന്നും ശോഭ സുരേന്ദ്രന്‍ വിട്ടുനില്‍ക്കുകയാണ്. വിഷയം ചര്‍ച്ചയായതിന് ശേഷം വാളയാര്‍ പെണ്‍കുട്ടികളുടെ രക്ഷിതാക്കളെ സന്ദര്‍ശിച്ചിരുന്നു. നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്ത് വരികയും ചെയ്തിരുന്നു.
സ്വര്‍ണക്കടത്ത് കേസിലെ സമരങ്ങളിലും തെരഞ്ഞെടുപ്പ് പ്രചരണത്തിലും ശോഭ സുരേന്ദ്രന്‍ പങ്കെടുത്തില്ലെന്നതാണ് എതിര്‍പക്ഷം ആയുധമാക്കുന്നത്. ഇക്കാര്യം കെ.സുരേന്ദ്രന്‍ ദേശീയ നേതൃത്വത്തെ നേരിട്ട് അറിയിച്ചിരുന്നു. ശോഭ സുരേന്ദ്രനോട് വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിയിരുന്നു കെ.സുരേന്ദ്രന്.
നിയമസഭ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ച് ചേര്‍ത്ത യോഗത്തിലും ശോഭ സുരേന്ദ്രന്‍ പങ്കെടുക്കാത്തത് വലിയ ചര്‍ച്ചയാകും. കെ.സുരേന്ദ്രന്‍ നയിക്കുന്ന കേരള യാത്രയുടെ നടത്തിപ്പും ഇന്നത്തെ യോഗം ചര്‍ച്ച ചെയ്യും