രാഹുല്‍ ഗാന്ധി ഹിന്ദുമതത്തെ അവഹേളിച്ചില്ല; പറഞ്ഞത് ഭരണകര്‍ത്താക്കളെ- ശങ്കരാചാര്യര്‍ അവിമുക്തേശ്വരാനന്ദ് സരസ്വതി

രാഹുല്‍ ഗാന്ധി ഹിന്ദുമതത്തെ അവഹേളിച്ചില്ല; പറഞ്ഞത് ഭരണകര്‍ത്താക്കളെ- ശങ്കരാചാര്യര്‍ അവിമുക്തേശ്വരാനന്ദ് സരസ്വതി
Published on

പാര്‍ലമെന്റിലെ പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രിയടക്കം ഉന്നയിച്ച ആരോപണങ്ങള്‍ തെറ്റാണെന്ന് ഉത്തരാഖണ്ഡ് ജ്യോതിര്‍മഠം ശങ്കരാചാര്യര്‍ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി. രാഹുല്‍ ഗാന്ധി ഹിന്ദു വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് കേട്ടപ്പോള്‍ താന്‍ അദ്ദേഹത്തിന്റെ പ്രസംഗം പൂര്‍ണ്ണമായും കണ്ടുവെന്നും അതില്‍ തെറ്റായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും ശങ്കരാചാര്യര്‍ പറഞ്ഞു. ഹിന്ദുമതത്തില്‍ ഹിംസയ്ക്ക് സ്ഥാനമില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞത് സത്യമാണെന്നും ശങ്കരാചാര്യര്‍ കൂട്ടിച്ചേര്‍ത്തു. പ്രസംഗത്തിലെ ഭാഗങ്ങള്‍ എഡിറ്റ് ചെയ്ത് തെറ്റിദ്ധാരണാജനകമായ വിധത്തില്‍ പ്രചരിപ്പിക്കുന്നത് കുറ്റകൃത്യമാണ്. അത് ചെയ്യുന്നത് പത്രങ്ങളിലുള്ളവരായാലും ചാനല്‍ പ്രവര്‍ത്തകരായാലും അവര്‍ ശിക്ഷിക്കപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിക്കെതിരെയാണ്. ഇക്കാര്യം രാഹുല്‍ തന്നെ പിന്നീട് വ്യക്തമാക്കിയിട്ടുണ്ട്. മതത്തിന്റെ പേരില്‍ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നത് ഭരണപക്ഷമാണെന്ന ആരോപണമാണ് രാഹുല്‍ ഉന്നയിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

രാഹുല്‍ ഗാന്ധി തന്റെ പ്രസംഗത്തില്‍ ഹിന്ദുക്കളെ ആകമാനം അധിക്ഷേപിക്കുകയായിരുന്നുവെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും അടക്കമുള്ളവര്‍ ലോക്‌സഭയില്‍ ആരോപിച്ചത്. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ പ്രസംഗിക്കുന്നതിനിടെയാണ് രാഹുല്‍ ബിജെപിയെയും ആര്‍എസ്എസിനെയും രൂക്ഷമായ ഭാഷയില്‍ കടന്നാക്രമിച്ചത്. ബിജെപിയും ഭരണപക്ഷവും മൊത്തം ഹിന്ദുക്കളുടെ പ്രതിനിധികളല്ലെന്ന് രാഹുല്‍ പറഞ്ഞു. ഹിന്ദുമതം ഭയവും വിദ്വേഷവും പ്രചരിപ്പിക്കാനുള്ളതല്ല. അതേസമയം ഹിന്ദുവെന്ന് അവകാശപ്പെടുന്ന ചിലര്‍ ഹിംസയെയും വെറുപ്പിനെയും അസത്യങ്ങളെയും കുറിച്ച് സംസാരിക്കുന്നുവെന്നും രാഹുല്‍ പറഞ്ഞു. ഹിന്ദുമതം ഭയവും വിദ്വേഷവും അസത്യവും പ്രചരിപ്പിക്കുന്നതിന് എതിരാണ്. നിങ്ങള്‍ ഹിന്ദുക്കളേയല്ലെന്ന് പ്രധാനമന്ത്രിയെയു ഭരണപക്ഷത്തെയും നോക്കി രാഹുല്‍ ആഞ്ഞടിച്ചിരുന്നു.

പ്രസംഗത്തില്‍ രണ്ടു തവണ ഇടപെട്ട പ്രധാനമന്ത്രി രാഹുല്‍ ഹിന്ദുസമൂഹത്തെ ഒന്നാകെ അക്രമാസക്തരെന്ന് വിളിച്ചുവെന്ന് ആരോപണം ഉന്നയിച്ചു. ഇത് ഗൗരവമുള്ള കാര്യമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു. പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ ആവശ്യപ്പെട്ടു. പിന്നീട് രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ സഭാരേഖകളില്‍ നിന്ന് സ്പീക്കര്‍ ഓം ബിര്‍ള നീക്കം ചെയ്തു.

Related Stories

No stories found.
logo
The Cue
www.thecue.in