കടത്തിയ സ്വര്‍ണം ഉപയോഗിച്ചത് മെറ്റല്‍ കറന്‍സിയായെന്ന് കേസിലെ ഒന്നാം പ്രതി സരിത്തിന്റെ മൊഴി. ഹവാല പണത്തിന് പകരമാണ് സ്വര്‍ണം നല്‍കിയതെന്നും മൊഴിയിലുണ്ടെന്ന് ട്വന്റിഫോര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകള്‍ക്കും, സിനിമാ നിര്‍മ്മാതാക്കള്‍ക്ക് നല്‍കാനും മെറ്റല്‍ കറന്‍സി ഉപയോഗിച്ചു. സിനിമാതാരങ്ങള്‍ക്കുള്‍പ്പടെ പ്രതിഫലം നല്‍കാന്‍ പലരും സ്വര്‍ണം ഉപയോഗപ്പെടുത്തിയെന്നും മൊഴിയിലുണ്ട്.
അതേസമയം കേസില്‍ അറസ്റ്റിലായ സ്വപ്‌ന സുരേഷിന്റെയും സന്ദീപ് നായരുടെയും അറസ്റ്റ് രേഖപ്പെടുത്തി. ഇവരില്‍ നിന്ന് പാസ്‌പോര്‍ട്ടും രണ്ട് ലക്ഷം രൂപയും പിടിച്ചെടുത്തിട്ടുണ്ട്. ഇവരെ ഉച്ചയോടെ കൊച്ചിയിലെത്തിക്കുമെന്നാണ് വിവരം.
സ്വര്‍ണക്കടത്ത് കേസില്‍ പ്രധാന കണ്ണിയെന്ന് സംശയിക്കുന്ന ഒരാളെ മലപ്പുറത്ത് നിന്ന് കസ്റ്റംസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്വപ്‌ന സുരേഷും സരിത്തും സന്ദീപ് നായരുമടക്കമുള്ളവര്‍ കാരിയര്‍മാര്‍ മാത്രമാണെന്നും, പിന്നില്‍ ഉന്നത ബന്ധമുണ്ടെന്നുമാണ് സംശയം. അറസ്റ്റിലായ ആളെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.