മുഖ്യമന്ത്രിക്കായി വിദേശത്തേക്ക് പണം കടത്തിയെന്ന് സരിത്തിന്റെ മൊഴി

മുഖ്യമന്ത്രിക്കായി വിദേശത്തേക്ക് പണം കടത്തിയെന്ന് സരിത്തിന്റെ മൊഴി
Published on

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിക്ക് പങ്കെന്ന് സരിത്തിന്റെ മൊഴി.

വിദേശയാത്രയ്ക്കിടെ ഡോളര്‍ കടത്തിയെന്നാണ് നയതന്ത്ര ബാഗിലൂടെയുള്ള സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതികൂടിയായ സരിത്തിന്റെ മൊഴിയിലുള്ളത്. പ്രതികള്‍ക്ക് കസ്റ്റംസ് നല്‍കിയ ഷോകോസ് നോട്ടീസിലാണ് ഇക്കാര്യം ഉള്‍പ്പെട്ടിരിക്കുന്നത്.

'' മുഖ്യമന്ത്രിയുടെ യുഎഇ സന്ദര്‍ശനത്തിനിടെയാണ് സ്വപ്‌ന സുരേഷ് തന്നെ വിളിച്ചത്. വിദേശത്തേക്ക് കൊണ്ടു പോകേണ്ട ഒരു പാക്കറ്റ് എടുക്കാന്‍ മുഖ്യമന്ത്രി മറന്നെന്നും സെക്രട്ടറിയേറ്റില്‍ പോയി കൈപ്പറ്റണമെന്നുമായിരുന്നു നിര്‍ദേശം. സെക്രട്ടറിയേറ്റിലെത്തി ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തിലെ ഹരികൃഷ്ണനില്‍ നിന്ന് പാക്കറ്റ് ഏറ്റുവാങ്ങി.

പാക്കറ്റ് കോണ്‍സുലേറ്റില്‍ കൊണ്ടുവന്നു. കോണ്‍സുലേറ്റിലെ സ്‌കാനറില്‍ വെച്ച് പാക്കറ്റ് പരിശോധിച്ചപ്പോഴാണ് കെട്ടുകണക്കിന് പണമാണ് പാക്കറ്റിലെന്ന് മനസിലായത്,'' എന്താണ് പാക്കറ്റിലുള്ളത് എന്നറിയാന്‍ തനിക്ക് കൗതുകമുണ്ടായിരുന്നെന്നും സരിത്ത് മൊഴിയില്‍ പറയുന്നു.

ഇക്കാര്യം സ്വപ്നയെ അറിയിച്ചെന്നും സ്വപ്‌നയുടെ നിര്‍ദേശ പ്രകാരം ഈ പാക്കറ്റ് അഡ്മിന്‍ അറ്റാഷയെ ഏല്‍പ്പിച്ചെന്നും മൊഴിയില്‍ പറയുന്നു. അദ്ദേഹമാണ് പാക്കറ്റ് മുഖ്യമന്ത്രിക്ക് കൈമാറാന്‍ യു.എ.ഇയിലേക്ക് കൊണ്ടു പോയത്. കോണ്‍സല്‍ ജനറലിന്റെ നിര്‍ദേശവുമുണ്ടായിരുന്നു. പണം മുഖ്യമന്ത്രിക്ക് കൈമാറിയതായി സ്വപ്‌ന പിന്നീട് തന്നോട് പറഞ്ഞെന്നും സരിത്ത് പറയുന്നു.

നേരത്തെ ഡോളര്‍കടത്ത് കേസിലെ കസ്റ്റംസ് ഷോക്കോസ് നോട്ടീസില്‍ സ്വപ്‌നയുടെ മൊഴിയിലും സമാനമായ പരാമര്‍ശമുണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ ശ്രീരാമകൃഷ്ണനും വേണ്ടി വിദേശ കറന്‍സി കടത്തിയിട്ടുണ്ടെന്നായിരുന്നു സ്വപ്‌നയുടെ മൊഴി.

2017ലെ മുഖ്യമന്ത്രിയുടെ യു.എ.ഇ യാത്രയോട് അനുബന്ധിച്ച് വിദേശ കറന്‍സി കടത്തിയിട്ടുണ്ടെന്നാണ് സ്വപ്‌നയുടെ മൊഴിയിലുള്ളത്. യുഎഇ കോണ്‍സുലേറ്റിലെ അഹമ്മദ് അല്‍ദൗബി എന്ന നയതന്ത്രജ്ഞന്‍ വഴിയാണ് വിദേശ കറന്‍സി കടത്തിയതെന്നും സ്വപ്‌ന പറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in