അഭയ കേസിന് സമാനം, സഭ നിന്നത് ഫ്രാങ്കോയ്ക്ക് വേണ്ടി; സിസ്റ്റര്‍ ടീന ജോസ്

അഭയ കേസിന് സമാനം, സഭ നിന്നത് ഫ്രാങ്കോയ്ക്ക് വേണ്ടി;  സിസ്റ്റര്‍ ടീന ജോസ്
Published on

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ കോടതി വിധി അപ്രതീക്ഷിതമായിരുന്നെന്നും ഈ കേസില്‍ തങ്ങള്‍ക്ക് നീതി കിട്ടേണ്ടതായിരുന്നുവെന്നും പറയുകയാണ് സിസ്റ്റര്‍ ടീന ജോസ് ദ ക്യുവിനോട്

ബിഷപ്പ് ഫ്രാങ്കോ കേസില്‍ നിര്‍ഭാഗ്യകരമായൊരു വിധിയാണ് വന്നിരിക്കുന്നത്.സാമ്പത്തികമായും മറ്റ് പലവിധത്തിലും വലിയ സമ്മര്‍ദ്ദങ്ങളുണ്ടായിരുന്നു. അതുകൊണ്ട് കേസ് അട്ടിമറിക്കപ്പെടുമോ എന്നൊരു ചെറിയ ഭയമുണ്ടായിരുന്നു. അതേസമയം 99ശതമാനം നീതി കിട്ടുമെന്ന വിശ്വാസത്തിലായിരുന്നു. കാരണം ഞങ്ങള്‍ കോടതിയില്‍ പ്രതീക്ഷവെച്ചിരുന്നു, വിശ്വസിച്ചിരുന്നു.

സഭയിലെ പ്രബലരില്‍ നിന്ന് സാക്ഷികളെ സ്വാധീനിക്കാന്‍ ഉള്‍പ്പെടെയുള്ള സമ്മര്‍ദ്ദമുണ്ടാകുമെന്നത് ഇതുവരെയുള്ള അനുഭവങ്ങളില്‍ നിന്ന് നമുക്ക് മനസിലാക്കാവുന്നതേയുള്ളൂ. കേസ് അട്ടിമറിഞ്ഞ് പോയിട്ടുണ്ട് എന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്. വിധിയുടെ മുഴുവന്‍ പകര്‍പ്പ് വായിച്ച് എവിടെയൊക്കെയാണ് ഇത് അട്ടിമറിഞ്ഞ് പോയിരിക്കുന്ന ഭാഗങ്ങള്‍, ദുര്‍ബലമായി പോയിരിക്കുന്ന ഭാഗങ്ങള്‍ എന്നെല്ലാം നമ്മള്‍ മനസിലാക്കണം.

നൂറില്‍ നൂറ്റെന്നു ശതമാനം ശരിയായ വിധി വരുമെന്നായിരുന്നു കരുതിയിരുന്നത്. ഇങ്ങനെയൊരു വിധി വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. നമ്മള്‍ക്ക് അനുകൂല വിധി വരുക എന്നല്ല, നീതി കിട്ടുക എന്നതാണ്. സത്യത്തില്‍ ഈ കേസില്‍ ഞങ്ങള്‍ക്ക് നീതി കിട്ടണമായിരുന്നു. മഠങ്ങളില്‍ എല്ലാം ഇങ്ങനെയുള്ള പീഡനങ്ങള്‍ കൂടി കൂടി വരുന്ന ഒരു സാഹചര്യമാണുള്ളത്. മരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഈ സിസ്റ്ററിനെ എന്തായാലും കൊന്ന് കിണറ്റില്‍ ഒന്നും ഇട്ടിട്ടില്ല. ആ വശത്ത് ഭാഗ്യമാണ്. ഇത് തന്നെ തുടര്‍ന്നുകൊണ്ട് പോയാല്‍ ഇങ്ങനെയുള്ള കുറ്റകൃത്യങ്ങള്‍ സഭയുമായും കോണ്‍വെന്റുകളുമായി ബന്ധപ്പെട്ട് കൂടുതലായി വരും. അവര്‍ക്കൊന്നു കൂടി തഴച്ചുവളരാനുള്ള വളമായി മാറുന്നു ഇപ്രകാരമുള്ള വിധികള്‍.

തുടക്കം മുതല്‍ കേസ് അട്ടിമറിക്കാനുള്ള ശ്രമം ഉണ്ടായിരുന്നു. വളരെ ചുരുക്കം ചിലര്‍ മാത്രമാണ് അക്രമം നേരിട്ട സിസ്റ്ററുടെ കൂടെയുള്ളത്. ബാക്കിയുള്ള എല്ലാ ഉന്നതരും പ്രതിയുടെ കൂടെയായിരുന്നു. ബലാത്സംഗത്തിന് ഇരയായ സിസ്റ്ററിന് സഭയില്‍ നിന്ന് ഒരു വിധത്തിലുള്ള പിന്തുണയും ഉണ്ടായിട്ടില്ല. അഭയ കേസ് ഒന്ന് ആലോചിച്ച് നോക്ക്. ആ കേസില്‍ സാക്ഷിയായ സിസ്റ്റര്‍ പോലും അവസാനം കൂറുമാറി. അതിജീവിച്ച് പോകണമെങ്കില്‍ മാറിയേ പറ്റൂ, അതാണ് സ്ഥിതി. അവര്‍ ഇപ്പോള്‍ പഠിപ്പിക്കുന്ന അനുസരണം സത്യത്തിനും നീതിക്കും അധിഷ്ടിതമായ അനുസരണം അല്ല, സാമ്പത്തികമാകട്ടെ ലൈംഗികമാകട്ടെ എന്ത് തെറ്റ് അധികാരികള്‍ ചെയ്താലും സഭയ്ക്ക് ചീത്തപ്പേരുണ്ടാകാത്ത വിധത്തില്‍ അവരെ രക്ഷിച്ചെടുക്കുക എന്നതാണ് അനുസരണമായി കണക്കാക്കുന്നത്. സംഭവിക്കാനുള്ളതെല്ലാം സംഭവിച്ച് പോയി ഇനി നമ്മള്‍ മൗനമായി സഹിക്കുക എന്ന ഒരു രീതിയാണ് എപ്പോഴും സഭാ അധികാരികള്‍ കാണിച്ച് വരുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in