'സര്‍ക്കാര്‍ നീതി നല്‍കുന്നില്ല', കര്‍ഷകസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സിഖ് പുരോഹിതന്‍ സ്വയം വെടിവെച്ച് മരിച്ചു

'സര്‍ക്കാര്‍ നീതി നല്‍കുന്നില്ല', കര്‍ഷകസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സിഖ് പുരോഹിതന്‍ സ്വയം വെടിവെച്ച് മരിച്ചു
Published on

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സിഖ് പുരോഹിതന്‍ സ്വയം വെടി വെച്ച് മരിച്ചു. ഹരിയാനയിലെ കര്‍ണാല്‍ സ്വദേശിയായ ബാബാ രാംസിങ് (65) ആണ് മരിച്ചത്. ലൈസന്‍സുള്ള തോക്ക് ഉപയോഗിച്ച് സ്വയം വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

കര്‍ഷകരുടെ വേദനയില്‍ താനും പങ്കുചേരുകയാണെന്ന് വ്യക്തമാക്കുന്ന ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. കര്‍ഷകരുടെ ദുരവസ്ഥയും സര്‍ക്കാരിന്റെ അടിച്ചമര്‍ത്തലും തന്നെ വേദനിപ്പിക്കുന്നുവെന്നും, കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യവുമായി തന്റെ ജീവന്‍ ബലി നല്‍കുകയാണെന്നും ആത്മഹത്യ കുറിപ്പില്‍ പറയുന്നുണ്ട്.

'കര്‍ഷകരുടെ ദുരവസ്ഥയും അവകാശങ്ങള്‍ക്കായി വഴിയില്‍ അവര്‍ നടത്തിയ പോരാട്ടങ്ങള്‍ക്കും ഞാന്‍ സാക്ഷിയായി. അവകാശങ്ങള്‍ക്കായി പോരാടുന്ന അവരുടെ വേദന ഞാന്‍ അറിയുന്നു. ഞാന്‍ അവരുടെ വേദന പങ്കിടുന്നു. കാരണം സര്‍ക്കാര്‍ അവര്‍ക്ക് നീതി നല്‍കുന്നില്ല. അതൊരു കുറ്റകൃത്യമാണ്, അത് സഹിക്കുന്നതും പാപമാണ്. ആരും കര്‍ഷകരുടെ അവകാശത്തിനായോ സര്‍ക്കാരിന്റെ അടിച്ചമര്‍ത്തലിന് എതിരായോ ഒന്നും ചെയ്തിട്ടില്ല. പലരും തങ്ങള്‍ക്ക് ലഭിച്ച പുരസ്‌കാരങ്ങള്‍ തിരികെ നല്‍കിയ പ്രതിഷേധം രേഖപ്പെടുത്തി. സര്‍ക്കാരിന്റ അടിച്ചമര്‍ത്തലിനെതിരെ, കര്‍ഷകരെ പിന്തുണച്ച് ഞാന്‍ എന്റെ ജീവന്‍ ബലി നല്‍കുകയാണ്', കുറിപ്പില്‍ പറയുന്നു.

കാറിനുള്ളില്‍ വെച്ചായിരുന്നു ബാബ രാംസിങ് സ്വയം വെടിയുതിര്‍ത്തതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. അദ്ദേഹത്തെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹരിയാനയിലും പഞ്ചാബിലുമുള്‍പ്പടെ അനുയായികളുള്ള ബാബ രാംസിങ് ഹരിയാ എസ്ജിപിസി ഉള്‍പ്പടെയുള്ള സിഖ് സംഘടനകളുടെ ഭാരവാഹി കൂടിയായിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അടക്കം രംഗത്തെത്തിയിട്ടുണ്ട്. മോദി സര്‍ക്കാര്‍ ക്രൂരതയുടെ എല്ലാ പരിധികളും കടന്നെന്നും, വിവാദമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
The Cue
www.thecue.in