'ജഡ്ജിയെ മാറ്റാനല്ല പറയേണ്ടത്, വിധിയില്‍ തൃപ്തയല്ലെങ്കില്‍ മേല്‍ക്കോടതിയില്‍ പോകണം'; അതിജീവിതയ്ക്കെതിരെ സിദ്ദിഖ്

'ജഡ്ജിയെ മാറ്റാനല്ല പറയേണ്ടത്, വിധിയില്‍ തൃപ്തയല്ലെങ്കില്‍ മേല്‍ക്കോടതിയില്‍ പോകണം'; അതിജീവിതയ്ക്കെതിരെ സിദ്ദിഖ്
Published on

ദിലീപ് പ്രതിയായ ലൈംഗിക ആക്രമണ കേസിലെ അതിജീവിതയ്‌ക്കെതിരെ വിമര്‍ശനവുമായി നടന്‍ സിദ്ദിഖ്. വിധിയില്‍ തൃപ്തയല്ലെങ്കില്‍ മേല്‍കോടതിയെ സമീപിക്കുകയാണ് വേണ്ടത്. അല്ലാതെ ജഡ്ജിയെ മാറ്റാന്‍ പറയുകയല്ല വേണ്ടതെന്ന് സിദ്ദിഖ് പറഞ്ഞു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ അതിജീവിതയുടെ പരാതി ചര്‍ച്ചാ വിഷയമായല്ലോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയവെയായിരുന്നു സിദ്ദിഖിന്റെ വിമര്‍ശനം.

സിദ്ദിഖ് പറഞ്ഞത്:

അത് കോടതിയില്‍ നില്‍ക്കുന്ന വിഷയമല്ലേ, അതില്‍ നമ്മള്‍ എന്തിനാണ് സംശയം പ്രകടിപ്പിക്കുന്നത്. അങ്ങനെയൊരു സംശയം ഉണ്ടെങ്കില്‍ വിധി വരട്ടെ. വിധി വന്നിട്ട് അതില്‍ തൃപ്തരല്ലെങ്കില്‍ നമ്മള്‍ മേല്‍ കോടതിയെ സമീപിക്കും. ആ വിധിയിലും തൃപ്തരല്ലെങ്കില്‍ അതിന്റെ മേല്‍ കോടതിയെ സമീപിക്കും. അതാണ് സാധാരണ നമ്മള്‍ ഇത്രയും കാലം കണ്ടിട്ടുള്ളത്.

എനിക്ക് എതിരെ ഒരു കേസ് കോടതിയില്‍ ഉണ്ടെങ്കില്‍ ഞാന്‍ ഒരിക്കലും ഈ ജഡ്ജി ശരിയല്ല, ഈ ജഡ്ജിയില്‍ നിന്ന് എനിക്ക് നീതി കിട്ടില്ല, ഈ ജഡ്ജിയെ മാറ്റിയിട്ട് വേറെ നല്ല ജഡ്ജിയെ കൊണ്ടുവരണമെന്ന് ഞാന്‍ പറയില്ല. ആ ജഡ്ജിയുടെ വിധി എനിക്ക് അനുകൂലമല്ലെങ്കില്‍ എനിക്ക് അനുകൂലമായ വിധിക്കായി ഞാന്‍ മേല്‍ കോടതിയെ സമീപിക്കും. അതാണ് ഒരു ജനാധിപത്യ ഭരണ സംവിധാനത്തിന്റെ രീതിയും, നമ്മള്‍ പാലിച്ച് പോകുന്നൊരു മര്യാദ അതാണ്. അങ്ങനെയാണ് ചെയ്യേണ്ടത് എന്നാണ് എന്റെ അഭ്യാര്‍ത്ഥന.

അതിജീവിതയെ കുറിച്ചുള്ള ചോദ്യത്തിന് ' അതിന് അതിജീവിത തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി നില്‍ക്കുന്നുണ്ടോ എന്നാണ് സിദ്ദിഖ് ചോദിച്ചത്. പാലച്ചോട്ടില്‍ 142ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയപ്പോഴായിരുന്നു സിദ്ധിഖിന്റെ പ്രതികരണം.

Related Stories

No stories found.
logo
The Cue
www.thecue.in