വിഭിന്നശേഷിക്കാരായ കുട്ടികളോട് സര്‍ക്കാരുള്‍പ്പടെ തുടരുന്ന അവഗണന ചൂണ്ടിക്കാട്ടി അമ്മയുടെ കുറിപ്പ്. ഒരു വാക്കു കൊണ്ട് പോലും പരിഗണനയും ചേര്‍ത്ത് നിര്‍ത്തലും ഇത്തരം കുട്ടികള്‍ക്ക് സമൂഹം നല്‍കുന്നില്ലെന്ന് തന്റെ അനുഭവം പങ്കുവെച്ച് സിബി പൗലോസ് ജോളി കുറിച്ചു.
വിഭിന്നശേഷിക്കാരനായ തന്റെ മകന്റെ വലിയ ആഗ്രഹമായിരുന്നു ഹോട്ടല്‍ മാനേജ്‌മെന്റ് പഠിക്കുക എന്നതെന്നും, എന്നാല്‍ തൊടുപുഴയിലെ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതരില്‍ നിന്നും നേരിടേണ്ടി വന്നത് മോശം അനുഭവമായിരുന്നുവെന്നും കുറിപ്പില്‍ പറയുന്നു.
'വീടിനടുത്തായതുകൊണ്ടാണ് തൊടുപുഴ സെന്റര്‍ തെരഞ്ഞെടുത്തത്. അവിടുന്ന് വിളിച്ച അധ്യാപകരോട് മകന് അക്ഷരങ്ങള്‍ കൂട്ടിവായിക്കാനുള്ള പ്രയാസം അറിയിച്ചപ്പോള്‍ പരിഹാസമായിരുന്നു മറുപടി. നേരിട്ട് ചെന്നപ്പോള്‍ സ്‌പെഷ്യല്‍ എജ്യുക്കേഷന്‍ വിഭാഗത്തിനുള്ള കോഴ്‌സ് വരും അപ്പോള്‍ ചേരാം എന്ന മറുപടിയാണ് ലഭിച്ചത്.
സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്. സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി ശ്രീ. മുഹമ്മദ് റിയാസിന്റെ ശ്രദ്ധയില്‍ ഈ വിഷയം കൊണ്ട് വരുവാന്‍ ആഗ്രഹിക്കുന്നു. സംസ്ഥാന ഗവണ്‍മെന്റിനോടും, വിദ്യാഭ്യാസ വകുപ്പിനോടും ബന്ധപ്പെട്ട വകുപ്പിനോടും ഒരപേക്ഷ മാത്രമേയുള്ളൂ. ഒരു വിദ്യാര്‍ത്ഥി എന്തെങ്കിലും പരിമിതികള്‍ക്കുള്ളിലാണെങ്കില്‍ അവന്‍/ അവളെ അതില്‍ നിന്ന് പുറത്ത് കൊണ്ട് വരാനുള്ള പിന്തുണയാണ് നല്‍കേണ്ടത്.
ഗവണ്‍മെന്റ് നയങ്ങളില്‍ മാറ്റം ഉണ്ടാകേണ്ടിയിരിക്കുന്നു. എത്രയെത്ര കുട്ടികള്‍ക്ക് അവരുടെ അഭിരുചിക്കനുസരിച്ച് ഒരു ജീവിതം കണ്ട് പിടിക്കുവാന്‍ സാധിക്കും ഇത്തരം പിന്തുണകള്‍ കൊണ്ട്. സത്യത്തില്‍ ഇന്ന് എന്റെ അപ്പുവിന് നേരെയുണ്ടായത് വിദ്യാഭ്യാസം നിഷേധിക്കലാണ്. അവന് പഠിക്കുവാനുള്ള അവകാശം ഉപയോഗിക്കുവാനുള്ള സാഹചര്യം ഒരുക്കി നല്‍കുവാന്‍ ഗവണ്‍മെന്റ് തയ്യാറാവണം', സിബി പൗലോസ് ആവശ്യപ്പെട്ടു.
പോസ്റ്റിന്റെ പൂര്‍ണരൂപം:
ഒരു അമ്മയുടെ മനസ്സ് എത്രമാത്രം ദുര്‍ബലമായ പോകും എന്ന് ഇന്നെനിക്ക് മനസ്സിലായി. വിഭിന്നശേഷിക്കാരനായ മക്കള്‍ ഉള്ള എല്ലാ അമ്മമാരുടെയും ഹൃദയം ചില നേരങ്ങളില്‍ വല്ലാതെ വേദനിക്കുന്നുണ്ടാകും. അത് പക്ഷെ പലരും പ്രകടിപ്പിക്കാത്തതാകാം. അല്ലെങ്കില്‍ ചുറ്റുപാടും ഉള്ള സമൂഹവും, സംവിധാനങ്ങളും തിരിച്ച് എങ്ങിനെ പ്രതികരിക്കും എന്നോര്‍ത്താകണം പലപ്പോഴും പല അമ്മമാരും നിശബ്ദരായി പോകുന്നതത്രയും എന്ന് തോന്നുന്നു.
അപ്പുവിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഹോട്ടല്‍ മാനേജ്‌മെന്റ് പഠിക്കുക എന്നത്. പ്‌ളസ് ടു റിസല്‍ട്ട് വന്നത് മുതല്‍ അതിനുള്ള മാനസികമായ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. പക്ഷെ കഴിഞ്ഞ വര്‍ഷം ചേര്‍ന്നില്ല. ഈ വര്‍ഷം ഞാന്‍ പ്രിയപ്പെട്ട Sreejan Balakrishnan നോട് സംസാരിക്കുകയും സംസ്ഥാന ഗവണ്‍മെന്റിന്റെ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലുള്ള കോഴ്‌സുകളെക്കുറിച്ച് പറയുകയും ചെയ്തു. കൂടാതെ തിരുവനന്തപുരത്തുള്ള വേറൊരു സ്ഥാപനത്തില്‍ നടത്തുന്ന 6 മാസത്തെ കോഴ്‌സിനെക്കുറിച്ചും പറയുകയുണ്ടായി. പക്ഷെ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ കോഴ്‌സിനായിരുന്നു അപ്പുവിന് താല്പര്യം.തുടര്‍ന്ന് അതിനുള്ള കാത്തിരിപ്പായിരുന്നു.ഇതിനൊപ്പം ചെന്നൈ, ബാംഗ്‌ളൂര്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലൊക്കെ അപ്പു തനിയെ രജിസ്റ്റര്‍ ചെയ്യുകയും , എല്ലാ സ്ഥാപനങ്ങളില്‍ നിന്നും ഫോണ്‍ വരികയും ഞാന്‍ സംസാരിക്കുകയും ചെയ്തിട്ടുണ്ട്. അവസാനം സംസ്ഥാന ഗവ: കോഴ്‌സ് അറിയിപ്പ് വരികയും അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തു. ഫുഡ് മേക്കിങ്ങ് ആണ് അവന്റെ ഇഷ്ടം എന്നത് കൊണ്ടും, തൊടുപുഴ സെന്റര്‍ അടുത്തായത് കൊണ്ടും ഫസ്റ്റ് ഓപ്ഷന്‍ തൊടുപുഴ ആണ് കൊടുത്തത്. ഇന്നലെ വൈകിട്ട് അവിടെ നിന്നും ഫോണ്‍ വരികയും ഇന്ന് 12.00 PM ന് കോളേജില്‍ എത്തിച്ചേരുവാന്‍ അറിയിച്ചു. ??
ഇന്ന് രാവിലെ ഞാന്‍ കോളേജിലെ നമ്പരില്‍ വിളിച്ചു അവിടെയുള്ള അദ്ധ്യാപകനോട് സംസാരിച്ചു. അപ്പുവിന് കൂട്ടി വായിക്കുവാന്‍ ഉള്ള പ്രയാസം അറിയിച്ചു. കൂടാതെ SSLC, പ്‌ളസ് ടു പരീക്ഷകള്‍ എങ്ങിനെ എഴുതി എന്ന ഒരു കളിയാക്കലോട് കൂടിയ ചോദ്യത്തിന് ഞാന്‍ മറുപടി വളരെ എളിമയോടെ പറഞ്ഞു, ' സര്‍, സ്‌ക്രൈബ് സപ്പോര്‍ട്ട് കിട്ടിയിരുന്നു ' എന്ന്.
അദ്ദേഹം മറുപടിയായി പറഞ്ഞു, ' രണ്ട് വര്‍ഷം മുന്‍പ് വരെ സ്‌ക്രൈബ് സപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഇപ്പോള്‍ അതൊന്നും ലഭ്യമല്ല എന്ന് ' ഞാന്‍ ഒന്നു കൂടെ വിനയത്തോടെ പറഞ്ഞു 'സര്‍, വേറെ യാതൊരു വിധ പ്രശ്‌നങ്ങളുമില്ലാത്ത കുട്ടിയാണ്, ഫിസിക്കലി വേറെ ഒരു കുഴപ്പവും ഇല്ല, തീയറി കുറവുള്ളത് കൊണ്ട് മാത്രമാണ് സര്‍ ഫുഡ് മേക്കിങ് കോഴ്‌സ് തെരഞ്ഞെടുത്തതെന്ന് '
അദ്ദേഹം അല്പം പോലും താല്പര്യമില്ലാതെ പറഞ്ഞു ' ആ.. ഒന്ന് വന്ന് നോക്ക്, ഞാന്‍ ഒന്ന് നോക്കട്ടെ എന്ന് '
എന്റെ എല്ലാ പ്രതീക്ഷകളും ആ ഫോണ്‍ വിളിയില്‍ തീര്‍ന്ന് പോയിരുന്നു എന്നതാണ് സത്യം.
പക്ഷെ അപ്പുവിനെ തൊടുപുഴ, മങ്ങാട്ട് കവലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ ഇന്റര്‍വ്യൂ വില്‍ പങ്കെടുക്കാന്‍ വിട്ടു. ഈ കുട്ടിയോട് ' നിനക്ക് ഒട്ടും എഴുതാനും, വായിക്കാനും അറിയില്ലേ എന്ന് ചോദ്യം ഉണ്ടായിരുന്നു.ഇത് പഠിക്കണമെങ്കില്‍ എഴുതാനും, വായിക്കാനും അറിയണം, കൂടാതെ ഇംഗ്ലീഷും, ഫ്രഞ്ചും ഭാഷകള്‍ കൈകാര്യം ചെയ്യേണ്ടി വരും എന്നും പറഞ്ഞു.
ഒപ്പം ഒന്ന് കൂടെ ചേര്‍ത്തു കേട്ടോ..
സ്‌പെഷല്‍ എജ്യുക്കേഷന്‍ വിഭാഗത്തിനുള്ള കോഴ്‌സ് വരും, അപ്പോള്‍ നിനക്ക് ചേരാം എന്ന് പറഞ്ഞു.
എല്ലാം കേട്ട് അപ്പു അവിടെ നിന്നും പോന്നു. എന്റെ അനുജത്തിക്കൊപ്പം ആണ് കോളേജില്‍ അപ്പു പോയത്. എന്നെ ഫോണ്‍ വിളിച്ച് ഇത്രയും കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ ഞാന്‍ സത്യം പറഞ്ഞാല്‍ വല്ലാതെ പ്രയാസത്തിലായി. കാരണം ഒരു വാക്ക് കൊണ്ട് പോലും ഒരു പരിഗണനയോ, ചേര്‍ത്ത് നിര്‍ത്തലുകളോ ഇത്തരം കുട്ടികള്‍ക്ക് നല്‍കാന്‍ സമൂഹം തയ്യാറാകുന്നില്ല എന്ന യാഥാര്‍ത്ഥ്യം എന്നെ വല്ലാതെ ചുട്ടുപൊള്ളിക്കുകയാണ്.ഈ സമയത്ത് അപ്പുവിനെ സ്വന്തമെന്ന് കരുതി വളര്‍ത്തിയ Mtm Hss Pampakuda ലെ അദ്ധ്യാപകരെ എല്ലാവരെയും നന്ദിയോടെ ഓര്‍ക്കുകയാണ്. പ്രിയപ്പെട്ട Sreeram Mangalas സര്‍, Sivankuttan K N സര്‍ ഉള്‍പ്പെടെയുള്ള എല്ലാവരും തന്ന കരുതലും ,സ്‌നേഹവുമാണ് അപ്പുവിനെ ഇത്രയും വളര്‍ത്തിയത് എന്നത് സത്യമാണ്. നന്ദി.. നന്ദി...
സംസ്ഥാന ഗവണ്‍മെന്റിനോടും, വിദ്യാഭ്യാസ വകുപ്പിനോടും ,ബന്ധപ്പെട്ട വകുപ്പിനോടും ഒരപേക്ഷ മാത്രമേയുള്ളൂ. ഒരു വിദ്യാര്‍ത്ഥി എന്തെങ്കിലും പരിമിതികള്‍ക്കുള്ളിലാണെങ്കില്‍ അവന്‍/ അവളെ അതില്‍ നിന്ന് പുറത്ത് കൊണ്ട് വരാനുള്ള പിന്തുണയാണ് നല്‍കേണ്ടത്. ഗവണ്‍മെന്റ് നയങ്ങളില്‍ മാറ്റം ഉണ്ടാകേണ്ടിയിരിക്കുന്നു. എത്രയെത്ര കുട്ടികള്‍ക്ക് അവരുടെ അഭിരുചിക്കനുസരിച്ച് ഒരു ജീവിതം കണ്ട് പിടിക്കുവാന്‍ സാധിക്കും ഇത്തരം പിന്തുണകള്‍ കൊണ്ട്. സത്യത്തില്‍ ഇന്ന് എന്റെ അപ്പുവിന് നേരെയുണ്ടായത് വിദ്യാഭ്യാസം നിഷേധിക്കലാണ്. അവന് പഠിക്കുവാനുള്ള അവകാശം ഉപയോഗിക്കുവാനുള്ള സാഹചര്യം ഒരുക്കി നല്‍കുവാന്‍ ഗവണ്‍മെന്റ് തയ്യാറാവണം, അപ്പു മാത്രമല്ല, അവനെ പോലെയുള്ള അനേകം കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയാണ് ഇതെഴുതുന്നത്.
ഒപ്പം രണ്ട് വര്‍ഷം മുന്‍പ് വരെ നല്കിയിരുന്നു എന്ന് പറഞ്ഞ സ്‌ക്രൈബ് സംവിധാനം എന്ത് കാരണത്തിന്റെ പേരിലാണ് നിര്‍ത്തിയത് എന്നറിയണം എന്നാഗ്രഹമുണ്ട്.. സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്. സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി ശ്രീ. മുഹമ്മദ് റിയാസിന്റെ ശ്രദ്ധയില്‍ ഈ വിഷയം കൊണ്ട് വരുവാന്‍ ആഗ്രഹിക്കുന്നു. പറ്റുന്നവര്‍ എന്നെ സഹായിക്കുമല്ലോ.
എന്റെ മാനസിക അവസ്ഥയിലൂടെ കടന്ന് പോകുന്ന ഒട്ടനവധി അമ്മമാര്‍ക്കൊപ്പം, ഞാനും, എന്റെ അപ്പുവും ഞങ്ങളായി ഇവിടെയുണ്ടാകും.