സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിക്ക് മയക്കുമരുന്ന് കേസിലെ പ്രതികളുമായുള്ള ബന്ധം അന്വേഷിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സംഭവം മുഖ്യമന്ത്രി നിസ്സാരവല്‍ക്കരിക്കുകയാണ്. ഇത് ശരിയായ സമീപനമല്ല. പ്രതികള്‍ക്ക് ബിനീഷുമായുള്ള ബന്ധവും അടുപ്പവും പണമിടപാടുകളുമൊക്കെ ഞെട്ടിപ്പിക്കുന്നതാണ്. പ്രതിയുമായി ബന്ധമുണ്ടെന്ന് ബിനീഷ് സമ്മതിച്ചെന്നത് തന്നെ ഗൗരവമുള്ളതാണെന്നും ചെന്നിത്തല പറഞ്ഞു.
സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി മയക്കുമരുന്ന് സംഘത്തിന് ബന്ധമുണ്ടെന്ന വാര്‍ത്തയും പുറത്തുവരുന്നു. റമീസും അനൂപും നിരവധി തവണ ഫോണില്‍ ബന്ധപ്പെട്ടതായാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഇവരുമായൊക്കെയാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകന് ബന്ധം. സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ ഒളിവില്‍ താമസിച്ചത് ബംഗളൂരുവിലാണ്. അതും പരിശോധിക്കപ്പെടേണ്ടതുണ്ട്. സ്വപ്‌നയ്ക്ക് മയക്കുമരുന്ന് സംഘവുമായുള്ള ബന്ധം പുറത്തുവരണം. ദിവസങ്ങള്‍ ചെല്ലുന്തോറും ചിലരുടെ നെഞ്ചിടിപ്പ് വര്‍ധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇക്കാര്യം ഉദ്ദേശിച്ചാണോ മുഖ്യമന്ത്രി അങ്ങനെ പറഞ്ഞതെന്നും ഇപ്പോള്‍ ആരുടെ നെഞ്ചിടിപ്പാണ് കൂടുന്നതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
കോട്ടയത്ത് നൈറ്റ് പാര്‍ട്ടി നടന്നു. എന്നാല്‍ ഇതേക്കുറിച്ച് അന്വേഷണങ്ങള്‍ നടന്നില്ല. ഭരിക്കുന്ന പാര്‍ട്ടിയുടെ മകന് ബന്ധമുള്ളതുകൊണ്ടാണോ പൊലീസ് ഇത് അനുവദിച്ചുകൊടുക്കുന്നത്. പാര്‍ട്ടിയുടെ ആശിര്‍വാദത്തോടെ കള്ളക്കടത്തും മയക്കുമരുന്ന് വിതരണവുമൊക്കെ നടക്കുന്നതിനാലാണോ പൊലീസ് അന്വേഷിക്കാത്തതെന്നും ചെന്നിത്തല ചോദിച്ചു. വിഷയത്തില്‍ മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമാണ്. സര്‍ക്കാരിന്റെ പ്രധാനപ്പെട്ട ജോലി മയക്കുമരുന്ന് വിപണനും സ്വര്‍ണക്കള്ളക്കടത്തുമായി മാറുന്നുവെന്നത് ഞെട്ടിപ്പിക്കുന്നതാണ്. നാര്‍കോട്ടിക് സെല്ലിന്റെ സമഗ്രമായ അന്വേഷണത്തിലൂടെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.