കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ അകപ്പെട്ട കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനുള്ള ദൗത്യം മത്സ്യത്തൊഴിലാളികളുടെ 8 അംഗ സംഘമായ ‘ഈശ്വർ മാൽപെ’ ഏറ്റെടുത്തു. ഗംഗാവലി പുഴയിലെ മൺതിട്ടയിൽ നിലയുറപ്പിച്ച സംഘം പുഴയിൽ ഇറങ്ങി അർജുൻ വേണ്ടി തിരച്ചിൽ നടത്തി. സമാനമായ ഇത്തരം സാഹചര്യങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള സംഘമാണിത്. ശക്തമായ അടിയൊഴുക്കുള്ള പുഴയിൽ ഇറങ്ങി പരിചയമുള്ളവരാണ്. ഉഡുപ്പിക്ക് സമീപം മാൽപെയിൽ നിന്നുള്ള സംഘമാണിവർ.
ഷിരൂരിലേത് ശ്രമകരമായ ദൗത്യമാണെന്ന് ഈശ്വർ മാൽപെ മാധ്യമങ്ങളോട് പറഞ്ഞു. നേവിയുടെ ബോട്ടിൽ പോയി വെള്ളത്തിനടിയിലേക്ക് നങ്കൂരം കയർകെട്ടി ഇടും.പിന്നീട് വെള്ളത്തിലേക്ക് ഇറങ്ങി നങ്കൂരത്തിന്റെ സഹായത്തോടെ പുഴയുടെ അടിത്തട്ടിൽ നിലയുറപ്പിക്കും. പുഴയുടെ അടിത്തട്ടിലേക്ക് പോയാൽ ഒന്നും കാണാനാകില്ലെന്നും കൈകൊണ്ട് തൊട്ടുനോക്കിയാണ് ശരീരഭാഗം ഏതാണെന്നും ലോഹഭാഗം ഏതാണെന്നും തിരിച്ചറിയുകയെന്നും ഈശ്വർ മാൽപെ പറഞ്ഞു. അടയൊഴുക്കിനൊപ്പം ചെളിയും മൂടിനിൽക്കുന്നത് വലിയ വെല്ലുവിളിയാണ്. മറ്റിടങ്ങളിൽനിന്ന് അർജുനെ കണ്ടെത്താൻ സാധിക്കാത്തതിനാൽ ലോറിക്ക് ഉള്ളിൽ തന്നെ ഉണ്ടാകുമെന്നാണ് വിശ്വാസം. റഡാറിൽ തെളിഞ്ഞ എല്ലാ പോയിന്റുകളിലും പരിശോധന നടത്തുമെന്നും വെള്ളത്തിൽ 100 അടിവരെ താഴെ പോയി മൃതദേഹങ്ങൾ പുറത്തെത്തിച്ചിട്ടുണ്ടെന്നും ഈശ്വർ മാൽപെ വിശദീകരിച്ചു. ആയിരത്തിലധികം മൃതദേഹങ്ങൾ തങ്ങൾ ഇതുവരെ മുങ്ങിയെടുത്തിട്ടുണ്ടെന്നും ഈശ്വർ മാൽപെ പറഞ്ഞു.
ഷിരൂരിൽ ശക്തമായ മഴ തുടരുകയാണ്. ഗംഗാവലിയിൽ അടിയൊഴുക്ക് ശക്തമാണ്. അർജുനായുള്ള തിരച്ചിൽ പന്ത്രണ്ട് ദിവസം പിന്നിടുമ്പോഴും പ്രതികൂല കാലാവസ്ഥ രക്ഷാ പ്രവർത്തനത്തിന് വെല്ലുവിളിയായി തുടരുന്നുണ്ട്. വൃഷ്ടി പ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ ഗംഗാവലി നദിയിൽ നീരൊഴുക്ക് കുറഞ്ഞിട്ടില്ല. തിരച്ചിൽ നിർത്തില്ലെന്നും ഇക്കാര്യം കളക്ടറോടും നേവിയോടും പറഞ്ഞിട്ടുണ്ടെന്നും സാധ്യമായ എല്ലാ കാര്യങ്ങളും ഷിരൂരിൽ ചെയ്യുന്നുണ്ടെന്നും എം കെ രാഘവൻ എംപി പറഞ്ഞു. ഫ്ലോട്ടിങ് പ്ലാറ്റ്ഫോം രാജസ്ഥാനിൽ നിന്ന് എത്തിക്കുമെന്ന് കളക്ടർ അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസും വ്യക്തമാക്കി.