പൂരവും ആൾക്കൂട്ടവും വേണ്ട ; വീണ്ടുമൊരു കോവിഡ്‌ അങ്കം കൂടി താങ്ങാനുള്ള ശേഷിയില്ലെന്ന് ഡോ ഷിംന അസീസ്

പൂരവും ആൾക്കൂട്ടവും വേണ്ട ; വീണ്ടുമൊരു കോവിഡ്‌ അങ്കം കൂടി താങ്ങാനുള്ള ശേഷിയില്ലെന്ന് ഡോ ഷിംന അസീസ്
Published on

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തൃശൂർ പൂരം നടത്തുന്നതിനെ വിമർശിച്ച് ഡോ ഷിംന അസീസ്. രോഗികളെ ചികിത്സിക്കുന്ന ഡോക്ടർമാർ പോലും ആശങ്കപ്പെട്ട്‌ തുടങ്ങുന്നത്രയും ഗുരുതരമായ സാഹചര്യത്തിലൂടെയാണ് കോവിഡ് വ്യാപിച്ചിരിക്കുന്നത്. ഇലക്ഷന്റെ പേരിൽ ഇവിടെ നടന്ന പൂരക്കളിയും, സൂപ്പർമാർക്കറ്റുകളിലേക്ക്‌ ഫാമിലി മൊത്തം പർച്ചേസിന്‌ പോയതും, ബീച്ചാഘോഷവും മൂക്കിന്‌ താഴെയും ചിലപ്പോൾ ബാഗിലും പോക്കറ്റിലുമുറങ്ങുന്ന മാസ്‌കും ചരിത്രമായ സാനിറ്റൈസറും നമ്മളോരോരുത്തരുടേയും അശ്രദ്ധയും ഇന്നത്തെ അവസ്‌ഥക്ക്‌ പിന്നിലുണ്ടെന്ന് ഡോ ഷിംന അസീസ് കുറിപ്പിൽ വ്യക്തമാക്കി. വീണ്ടുമൊരു കോവിഡ്‌ അങ്കം കൂടി താങ്ങാനുള്ള ശേഷിയില്ലെന്നും . പൂരം ആൾക്കൂട്ടങ്ങളുമല്ല ജീവനും ജീവിതവുമാണ് പ്രധാനമെന്ന് ഷിംന പറഞ്ഞു.

ഡോ ഷിംന അസീസ് ഫേസ്ബുക് കുറിപ്പ്

തൃശൂർ പൂരം ആചാരമാണ്‌ അനുഷ്‌ഠാനമാണ്‌ എന്നൊക്കെ പറഞ്ഞ്‌ ബഹളം വെക്കാൻ പോകുന്നവർക്കുള്ള സ്‌ഥലം പന്തലിന്റെ വടക്കേ ഭാഗത്ത്‌ ഒരുക്കീട്ടുണ്ട്‌. നിങ്ങളവിടെയിരുന്ന്‌ ബഹളം വെക്ക്‌, നിങ്ങളോട്‌ പറഞ്ഞിട്ട്‌ യാതൊരു കാര്യോമില്ല. ബാക്കിയുള്ളവരോടാണ്‌.

ഇപ്പോൾ നമ്മുടെ ചുറ്റുപാടുമുള്ള കോവിഡ്‌ രോഗവ്യാപനത്തിന്റെ സ്‌ഥിതി സാമാന്യം ഗുരുതരമാണ്‌. എത്രത്തോളം ഗുരുതരമെന്ന്‌ ചോദിച്ചാൽ, രോഗികളെ ചികിത്സിക്കുന്ന ഡോക്ടർമാർ പോലും ആശങ്കപ്പെട്ട്‌ തുടങ്ങുന്നത്രയും എന്ന്‌ പറയേണ്ടി വരും.

ഇലക്ഷന്റെ പേരിൽ ഇവിടെ നടന്ന പൂരക്കളിയും, സൂപ്പർമാർക്കറ്റുകളിലേക്ക്‌ ഫാമിലി മൊത്തം പർച്ചേസിന്‌ പോയതും, ബീച്ചാഘോഷവും മൂക്കിന്‌ താഴെയും ചിലപ്പോൾ ബാഗിലും പോക്കറ്റിലുമുറങ്ങുന്ന മാസ്‌കും ചരിത്രമായ സാനിറ്റൈസറും നമ്മളോരോരുത്തരുടേയും അശ്രദ്ധയും ഇന്നത്തെ അവസ്‌ഥക്ക്‌ പിന്നിലുണ്ട്‌. ഇല്ലാന്ന്‌ ആർക്കെങ്കിലും നെഞ്ചത്ത്‌ കൈ വെച്ച്‌ പറയാൻ പറ്റ്വോ? അതില്ല. ഇന്നലെ വരെ കഴിഞ്ഞത്‌ ഇനി undo ചെയ്‌ത്‌ കളയാനൊന്നും പറ്റില്ല. 'മുന്നോട്ടെന്ത്' എന്നതാണ്‌ ചോദ്യം.

'അവൻ ചെയ്‌തില്ല, ഇവൻ ചെയ്‌തില്ല... പിന്നെന്തിന്‌ ഞാൻ' എന്ന സോ കോൾഡ്‌ രീതിക്കെതിരെയുള്ള #breakthechain ക്യാംപെയിന്റെ പോസ്‌റ്റർ കണ്ടിരുന്നോ?ചുറ്റുമുള്ള ആരേലും എന്തേലും ചെയ്‌തോട്ടെ, നമ്മൾ നമ്മളെ കരുതാതെ ഇനിയിതൊന്നും ശരിയാകില്ല.

തിരിച്ച്‌ പൂരം നടക്കുന്നിടത്തേക്ക്‌ വരാം. രണ്ട്‌ വാക്‌സിനെടുത്ത്‌ ആൾക്കൂട്ടത്തിലെ പെരുംചൂടിലേക്ക്‌ വന്ന്‌ കൂടിയാൽ കൊറോണ പകരില്ലെന്നാണോ? കുംഭമേള കൊണ്ട്‌ വന്ന ദുരിതം നമുക്കൊരു നേർക്കാഴ്‌ചയായി മുന്നിലുണ്ട്‌. എത്ര പേർ രോഗികളായി, എത്രയെത്ര പേർ മരിച്ചു. റായ്‌പൂരിലും ഗുജറാത്തിലുമൊക്കെ ആംബുലൻസുകൾ 'ശവ്‌ വാഹൻ' എന്നെഴുതിയ ട്രക്കുകൾക്ക്‌ വഴി മാറിയിരിക്കുന്നു. മൃതശരീരങ്ങൾ ഒന്നിച്ച്‌ കൊണ്ട്‌ പോയി ഗ്രൗണ്ടുകളിൽ ഡമ്പ് ചെയ്യുകയാണ്‌. ഒറ്റ ഓക്‌സിജൻ ഔട്ട്‌ലെറ്റിൽ നിന്ന്‌ ഒട്ടേറെ പേർക്ക്‌ ഓക്‌സിജൻ ലഭിക്കാൻ വാൽവിട്ട്‌ പല വഴിക്ക്‌ തിരിക്കുന്ന ശ്വസനവള്ളികൾ അവിടെ നിന്നുമുള്ള ചിത്രങ്ങളിൽ കണ്ടു, ഒരു ബെഡിൽ ഒന്നിലേറെ പേർ കിടക്കുന്നത്‌ കണ്ടു.

ഈ സ്‌ഥിതി നമ്മുടെ കേരളത്തിൽ വന്നാൽ അതിന്റെ പ്രത്യാഘാതം നമുക്ക്‌ ഊഹിക്കാവുന്നതിലുമപ്പുറമാവും. അതിന്‌ കാരണം പൂരമായാലും പെരുന്നാളായാലും ഇനി വേറെന്ത് പേരിട്ട്‌ വിളിക്കുന്ന ആൾക്കൂട്ടമായാലുമതേ.

മാസ്‌ക്‌ 'കൃത്യമായി' ധരിക്കുക, കൈകൾ കൂടെക്കൂടെ കഴുകുക, സാധിക്കുന്നത്ര ആൾക്കൂട്ടങ്ങൾ ഒഴിവാക്കുക, വളരെ അത്യാവശ്യമല്ലാത്ത ഇടങ്ങളിലേക്കുള്ള യാത്രകളും വേണ്ട. ഏറ്റവും പ്രധാനം- വാക്‌സിനേഷനെതിരേ മുഖം തിരിക്കാതിരിക്കുക എന്നതാണ്‌. കൃത്യസമയത്ത്‌ വാക്‌സിനേഷൻ സ്വീകരിക്കുക തന്നെ വേണം. "വാക്‌സിൻ സ്വീകരിച്ചിട്ടും രോഗം വരുന്നില്ലേ?" എന്നാകും. 30 ശതമാനത്തോളം പേർക്ക്‌ രോഗം വരാം, അങ്ങനെ വന്നാലും സാരമായ രീതിയിലേക്ക് അവരുടെ രോഗം ചെന്നെത്താൻ സാധ്യത കുറവാണ് എന്ന വസ്‌തുത മനസ്സിലാക്കുക.

പൂരമെന്നല്ല, ഒരാൾക്കൂട്ടവും വേണ്ട. രാഷ്‌ട്രീയക്കാർക്കും മതം സമം രാഷ്‌ട്രീയം മിക്‌സ്‌ ചെയ്‌ത്‌ പറയുന്നോർക്കും ചീത്ത വിളിക്കണേൽ വിളിക്കാം. മകൻ മരിച്ചിട്ടാണേലും മരുമോൾടെ കണ്ണീര്‌ കണ്ടാൽ മതി എന്ന ഈ ചിന്താഗതിയോട്‌ തൽക്കാലം വാഗ്വാദത്തിനില്ല. അതൊരു വെറും ഒച്ചയായി കണ്ട്‌ പൂർണമായും അവഗണിക്കും.

ഇത്‌ വായിച്ചിട്ട്‌ ഒരാൾക്കെങ്കിലും ബോധം വന്നുവെങ്കിൽ അത്‌ മതി. ഒരാൾക്കും ഒന്നും ദോഷമായി വരരുത്‌, രോഗം വരരുത്‌. ഇവിടെ ഇനിയും രോഗം പടരരുത്‌. ആവശ്യത്തിന്‌ നമ്മൾ അനുഭവിച്ച്‌ കഴിഞ്ഞതാണ്‌.

നമുക്കാർക്കും വീണ്ടുമൊരു കോവിഡ്‌ അങ്കം കൂടി താങ്ങാനുള്ള ശേഷിയില്ല. പൂരം വേണ്ട, ആൾക്കൂട്ടങ്ങൾ വേണ്ട. ജീവനും ജീവിതവും മതി.

Related Stories

No stories found.
logo
The Cue
www.thecue.in