ഷെയ്ഖ് ഹസീന രാജ്യംവിട്ടു! ബംഗ്ലാദേശ് വിദ്യാർത്ഥി സമരം വിജയം കാണുമോ?

ഷെയ്ഖ് ഹസീന രാജ്യംവിട്ടു! ബംഗ്ലാദേശ് വിദ്യാർത്ഥി സമരം വിജയം കാണുമോ?
Published on

പ്രതിഷേധങ്ങൾക്കും കലാപങ്ങൾക്കുമൊടുവിൽ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചു. സർക്കാർ ജോലികൾക്കുള്ള സംവരണ സമ്പ്രദായം നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു മാസത്തിലേറെയായി ബംഗ്ലാദേശിൽ വിദ്യാർത്ഥികൾ പ്രതിഷേധത്തിലായിരുന്നു. അക്രമാസക്തമായ പ്രക്ഷോഭത്തിൽ ഇതുവരെ രാജ്യത്തുടനീളം ഇരുനൂറോളം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. പ്രധാനമന്ത്രി ഷെയ്ഖ് ഹസീന സൈനിക പിന്തുണയോടെ രാജ്യം വിട്ട് ഇന്ത്യയിലെത്തിയതായി റിപ്പോർട്ടുകളുണ്ട്. പ്രധാനമന്ത്രിയുടെ രാജിയിൽ തീരുന്നതല്ല ഇവിടുത്തെ പ്രതിഷേധങ്ങൾ എന്നാണ് സമരക്കാരുടെ വിശദീകരണം.

തലസ്ഥാനമായ ധാക്കയിലാണ് പ്രതിഷേധങ്ങൾക്ക് തുടക്കം കുറിച്ചത്. ബംഗ്ലാദേശിലെ 1971ലെ സ്വാതന്ത്ര്യ സമര സേനാനികളുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലിയുടെ 30 ശതമാനം സംവരണം ചെയ്യുന്ന ക്വാട്ട സമ്പ്രദായത്തെച്ചൊല്ലിയാണ് പ്രതിഷേധം ആരംഭിച്ചത്. പ്രകടനങ്ങൾ ശക്തമായപ്പോൾ, സുപ്രീം കോടതി ക്വാട്ട 5 ശതമാനമായി കുറച്ചു, 3 ശതമാനം സൈനികരുടെ ബന്ധുക്കൾക്ക് സമർപ്പിച്ചു. എങ്കിലും പ്രതിഷേധം തുടർന്നു. പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും പാർട്ടിയും പ്രതിഷേധക്കാരുടെ സമ്മർദ്ദം തള്ളിക്കളഞ്ഞു. അക്രമത്തിന് പ്രേരിപ്പിച്ചതിന് പ്രതിപക്ഷ പാർട്ടികളെയും ഇപ്പോൾ നിരോധിച്ചിരിക്കുന്ന വലതുപക്ഷ ജമാഅത്തെ ഇസ്ലാമി പാർട്ടിയെയും അവരുടെ വിദ്യാർത്ഥി സംഘടനകളെയും സർക്കാർ കുറ്റപ്പെടുത്തി.

പ്രതിഷേധിക്കാനെത്തിയ പതിനായിരക്കണക്കിനാളുകളെ പിരിച്ചുവിടാൻ പോലീസ് കണ്ണീർ വാതകവും സ്റ്റൺ ഗ്രനേഡുകളും ഉപയോഗിച്ചത് പ്രതിഷേധക്കാരെ പ്രകോപിതരാക്കി. ഞായറാഴ്ച വൈകുന്നേരം 6 മണി മുതൽ സർക്കാർ അനിശ്ചിതകാല രാജ്യവ്യാപക കർഫ്യൂ പ്രഖ്യാപിച്ചിരുന്നു. ഫെയ്സ്ബുക്ക്, വാട്സാപ്പ് തുടങ്ങി സാമൂഹിക മാധ്യമങ്ങളെല്ലാം സർക്കാർ നിർദേശത്തെ തുടർന്ന് പ്രവർത്തനം നിർത്തിവെച്ചു. 4 ജി ഇന്റർനെറ്റ് സേവനം ലഭ്യമാക്കരുതെന്ന് മൊബൈൽ ഓപ്പറേറ്റർമാരോടും ആവശ്യപ്പെട്ടിട്ടുണ്ട്.

 ഷെയ്ഖ് ഹസീന
ഷെയ്ഖ് ഹസീന

പ്രധാന പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ പിന്തുണയുള്ള വിദ്യാർത്ഥികൾ 'നിസഹകരണത്തിന്' ആഹ്വാനം ചെയ്തു. നികുതിയും യൂട്ടിലിറ്റി ബില്ലുകളും അടയ്ക്കരുതെന്നും ബംഗ്ലാദേശിലെ പ്രവൃത്തി ദിവസമായ ഞായറാഴ്ച ജോലിക്ക് ഹാജരാകരുതെന്നും ജനങ്ങളോട് അഭ്യർത്ഥിച്ചു. ധാക്കയിലെ ഷാബാഗ് ഏരിയയിലെ പ്രധാന പൊതു ആശുപത്രിയായ ബംഗബന്ധു ഷെയ്ഖ് മുജീബ് മെഡിക്കൽ യൂണിവേഴ്സിറ്റി ഉൾപ്പെടെ തുറന്ന ഓഫീസുകളും സ്ഥാപനങ്ങളും പ്രതിഷേധക്കാർ ആക്രമിച്ചു. ജൂലൈയിൽ നടന്ന സമരം പോലീസ് അടിച്ചമർത്തിയതിനാൽ ഇത്തവണ സമരത്തിനെത്തുന്നവരോട് ആയുധം മുളവടികൾ കരുതാൻ നേതാക്കൾ നിർദേശം നൽകിയിരുന്നു. അവാമി ലീഗിൻ്റെയും ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെയും അംഗങ്ങൾ നേരിട്ട് ഏറ്റുമുട്ടിയ ബൊഗുര, മഗുര, രംഗ്പൂർ, സിരാജ്ഗഞ്ച് എന്നിവയുൾപ്പെടെ 11 ജില്ലകളിലാണ് മരണം റിപ്പോർട്ട് ചെയ്തതെന്ന് ബംഗ്ലാദേശ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ബം​ഗ്ലാദേശിലുള്ള ഇന്ത്യൻ പൗരന്മാരോട് ജാ​ഗ്രത പാലിക്കണമെന്ന് കേന്ദ്രസർക്കാർ നിർദേശിച്ചു. ബംഗ്ലാദേശിലേക്കുള്ള ഇന്ത്യൻ പൗരന്മാരുടെ യാത്രയും കേന്ദ്രസർക്കാർ വിലക്കിയിട്ടുണ്ട്. സില്‍ഹറ്റിലെ ഇന്ത്യന്‍ അസിസ്റ്റന്റ് ഹൈക്കമ്മീഷണറുടെ അധികാരപരിധിയിൽ താമസിക്കുന്ന വിദ്യാർഥികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ ഓഫീസുമായി ബന്ധപ്പെടണമെന്നും നിർദേശിച്ചിട്ടുണ്ട്. ഇന്ത്യക്കാർക്കായി ഹെൽപ്‌ലൈൻ തുറന്നിട്ടുണ്ട്. നമ്പർ - +8801958383679, +8801958383680, +8801937400591.

Related Stories

No stories found.
logo
The Cue
www.thecue.in