കൂടുതല്‍ പേര്‍ക്കെതിരെ നടപടി, സ്‌കൂള്‍ മുറിയിലെ കുഴികള്‍ അടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

കൂടുതല്‍ പേര്‍ക്കെതിരെ നടപടി, സ്‌കൂള്‍ മുറിയിലെ കുഴികള്‍ അടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

Published on
സ്‌കൂളിന് പുതിയ കെട്ടിടത്തിനായി ഒരു കോടി രൂപാ നേരത്തെ അനുവദിച്ചിരുന്നു

വയനാട് ബത്തേരിയില്‍ സ്‌കൂള്‍ ക്ലാസ് മുറിയില്‍ പാമ്പ് കടിയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ സംഭവത്തില്‍ സ്‌കൂളിന് വീഴ്ച പറ്റിയെന്ന് വിദ്യാഭ്യാസ മന്ത്രി. കൂടുതല്‍ പേര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി രവീന്ദ്രനാഥ്. പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഒരു അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തത്. സര്‍വജന ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ക്ലാസ് മുറികളിലെ കുഴികള്‍ അടക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി രവീന്ദ്രനാഥ് മാധ്യമങ്ങളോട് പറഞ്ഞു. ബുധനാഴ്ച വൈകിട്ടാണ് ബത്തേരി ഗവണ്‍മെന്റ് സര്‍വജന സ്‌കൂളിലെ വിദ്യാര്‍ത്ഥി പുത്തന്‍കുന്ന് ചിറ്റൂരിലെ നൊത്തന്‍ വീട്ടില്‍ ഷഹ്‌ല ഷെറിന്‍ പാമ്പു കടിയേറ്റ് മരിച്ചത്.

സ്‌കൂളിന് പുതിയ കെട്ടിടത്തിനായി ഒരു കോടി രൂപാ നേരത്തെ അനുവദിച്ചിരുന്നു. ഇത്തരം വീഴ്ചകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടിയെടുക്കും. ക്ലാസിന് പുറത്ത് ചെരിപ്പ് അഴിച്ച് വയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശമില്ലെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു. ശനിയാഴ്ച ഷഹ്ലയുടെ വീട് മന്ത്രി രവീന്ദ്രനാഥ് സന്ദര്‍ശിക്കും.

ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് ഡിവൈഎഫ്ഐ

അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ക്ലാസ്മുറിയില്‍ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ കടുത്ത അനാസ്ഥ കാട്ടിയെന്ന വിമര്‍ശനം ശക്തമാണ്. കുറ്റക്കാരായ അധ്യാപകര്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. വകുപ്പുതലത്തില്‍ ശക്തമായ നടപടിയെടുക്കണം. പാമ്പ് കടിച്ചതാണെന്ന് പറഞ്ഞിട്ടും അത് കേള്‍ക്കാതെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും തയ്യാറാകാത്ത അധ്യാപകര്‍ കേരള സമൂഹത്തിന് അപമാനമാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ലാത്തതാണ്. മരിച്ച കുട്ടിയുടെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം പ്രഖ്യാപിക്കണം. മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിക്ക് ഡിവൈഎഫ്ഐ വയനാട് ജില്ലാകമ്മിറ്റി നിവേദനം നല്‍കും. ശക്തമായ വകുപ്പുതല നടപടി ആവശ്യപ്പെട്ടും സംഭവത്തില്‍ പ്രതിഷേധിച്ചും ഡിവൈഎഫ്ഐ നാളെ കല്‍പ്പറ്റ ഡിഡിഇ ഓഫീസിലേക്ക് പ്രതിഷേധമാര്‍ച്ച് സംഘടിപ്പിക്കുമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

logo
The Cue
www.thecue.in