ദേശീയ നേതൃത്വം ഇടപെട്ടു; പരസ്യവിമര്‍ശനം വേണ്ടെന്ന് മുല്ലപ്പള്ളി; തരൂരല്ല ശത്രുവെന്ന് ബെന്നി ബെഹനാന്‍

ദേശീയ നേതൃത്വം ഇടപെട്ടു; പരസ്യവിമര്‍ശനം വേണ്ടെന്ന് മുല്ലപ്പള്ളി; തരൂരല്ല ശത്രുവെന്ന് ബെന്നി ബെഹനാന്‍
Published on

ദേശീയ നേതൃത്വമാറ്റം ആവശ്യപ്പെട്ട് കത്തെഴുതിയ ശശി തരൂര്‍ എംപിക്കെതിരെ കോണ്‍ഗ്രസിലെ ഒരുവിഭാഗം നടത്തുന്ന പോരിന് തടയിടാന്‍ ഹൈക്കമാന്‍ഡിന്റെ ഇടപെടല്‍. കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യപ്രസ്താവന നടത്തരുതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കത്ത് നല്‍കിയതിന് ശേഷം ഹൈക്കമാന്‍ഡ് എടുത്ത തീരുമാനം ശശി തരൂര്‍ അംഗീകരിച്ചിട്ടുണ്ടെന്നും വിമര്‍ശനം ഉന്നയിക്കുന്നത് ശരിയല്ലെന്നും യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാനും വ്യക്തമാക്കി.

ഗസ്റ്റ് ആര്‍ട്ടിസ്റ്റെന്ന് കൊടിക്കുന്നില്‍ സുരേഷ് ശശി തരൂരിനെ കളിയാക്കിയിരുന്നു. ഇത് ശശി തരൂര്‍ തന്നെ എഐസിസി നേതൃത്വത്തെ അറിയിച്ചിരുന്നു. ദേശീയ നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് കെപിസിസി പരസ്യപ്രസ്താവനകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ശശി തരൂരിനെതിരായ നീക്കങ്ങള്‍ക്ക് പിന്തുണ നല്‍കിയിരുന്ന കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ തന്നെ വിമര്‍ശനങ്ങള്‍ പാര്‍ട്ടി വേദികളില്‍ പറയണമെന്ന് നിര്‍ദേശിച്ചു.

വ്യക്തിപരമായി ശശി തരൂരിനെ വിമര്‍ശിക്കരുതെന്ന് ബെന്നി ബെഹ്നാന്‍ പറഞ്ഞു. ശശി തരൂരല്ല കോണ്‍ഗ്രസിന്റെ എതിരാളി. ദേശീയതലത്തില്‍ ബിജെപിയെയും സംസ്ഥാനത്ത് സിപിഎമ്മിനെയുമാണ് കോണ്‍ഗ്രസ് ഒറ്റക്കെട്ടായി എതിര്‍ക്കേണ്ടതെന്നും ബെന്നി ബെഹ്നാന്‍ പറഞ്ഞു.

നിലവിലുള്ള ദേശീയ നേതൃത്വം തുടരട്ടെയെന്നായിരുന്നു കെപിസിസിയുടെ നിലപാട്. കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ പ്രമേയവും പാസാക്കിയിരുന്നു. നേതൃമാറ്റം ആവശ്യപ്പെട്ട ശശി തരൂരിന് സംസ്ഥാനത്തെ ഒരുവിഭാഗം നേതാക്കളില്‍ നിന്നും ലഭിച്ച പിന്തുന്ത കെപിസിസി നേതൃത്വത്തെ ഞെട്ടിച്ചു. ഗസ്റ്റ് ആര്‍ട്ടിസ്റ്റെന്ന് വിളിച്ച കൊടിക്കുന്നില്‍ സുരേഷിനെ പാര്‍ട്ടിയിലെ യുവ നേതാക്കളും വിമര്‍ശിച്ചു. പാര്‍ട്ടി താല്‍പര്യം മുന്‍നിര്‍ത്തി ഖേദം പ്രകടപ്പിക്കുന്നതായി കൊടിക്കുന്നില്‍ സുരേഷും ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. തങ്ങളാരും വിശ്വപൗരന്‍മാരല്ലെന്ന് കെ മുരളീധരന്‍ എംപിയും പരിഹസിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in