ഷംനാ കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്യാനും പണം തട്ടാനും ശ്രമിച്ച സംഘത്തിനെതിരെ ഗുരുതര ആരോപണവുമായി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി പട്ടിക്കര. സിനിമാ നിര്‍മ്മാതാക്കളെന്ന വ്യാജേനയാണ് അഷ്‌കര്‍ അലി എന്ന പേരില്‍ ഒരാള്‍ തന്നെ ആദ്യം സമീപിച്ചതെന്നും ഷാജി പട്ടിക്കര പറയുന്നു.
നിര്‍മ്മാതാക്കളെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഷംനാ കാസിമിന്റെയും മറ്റ് താരങ്ങളുടെയും നമ്പര്‍ ഇവര്‍ സംഘടിപ്പിച്ചതെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ വിജയ് സാഖറെ പറഞ്ഞിരുന്നു. ഭീഷണിപ്പെടുത്തി തട്ടിക്കൊട്ടുപോകാനും മോചദദ്രവ്യം ആവശ്യപ്പെടാനുമായിരുന്നു ഈ സംഘത്തിന്റെ പ്ലാന്‍. ഷംനാ കാസിം പരാതി നല്‍കിയതോടെയാണ് ഈ ശ്രമം പൊളിഞ്ഞതെന്നും വിജയ് സാഖറെ വ്യക്തമാക്കിയിരുന്നു
ഷാജി പട്ടിക്കര പറയുന്നത്
നടി ഷംന കാസിമിനെ തട്ടിക്കൊണ്ട് പോകുവാന്‍ ശ്രമിച്ച കേസിലെ മുഴുവന്‍ പ്രതികളേയും അറസ്റ്റ് ചെയ്തു കഴിഞ്ഞുവെന്ന വാര്‍ത്ത പത്രത്തില്‍ കണ്ടു. പ്രതികളില്‍ സിനിമാരംഗത്തെ ആരും തന്നെ ഉള്‍പ്പെട്ടിട്ടില്ല എന്നത് സന്തോഷകരമാണ്. ഈ പ്രതികളില്‍ ഒരാള്‍ അഷ്‌ക്കര്‍ അലി എന്ന വ്യാജ പേരില്‍ സിനിമ നിര്‍മ്മാതാവ് എന്ന നിലയില്‍ മാര്‍ച്ച് 22-ാം തീയതി എന്നെ ഫോണില്‍ വിളിച്ച് പരിചയപ്പെടുകയുണ്ടായി. ഒരു സിനിമ ചെയ്യുവാന്‍ ആഗ്രഹമുണ്ട് എന്നും, പണം ഒരു പ്രശ്‌നമല്ല പക്ഷേ സിനിമ പെട്ടെന്ന് നടക്കണം എന്നുമായിരുന്നു ആവശ്യം. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു സംവിധായകന്റെ ഫോണ്‍ നമ്പര്‍ ഞാന്‍ വാട്ട്‌സപ്പില്‍ അയച്ചുകൊടുത്തു. അവര്‍ തമ്മില്‍ ഫോണില്‍ സംസാരിച്ചു. ഫോണിലൂടെ തന്നെ ഒരു കഥയും പറഞ്ഞു. പിറ്റേ ദിവസം അഷ്‌ക്കര്‍ അലി എന്ന ഇയാള്‍ എന്നെ വിളിക്കുകയും കഥ ഇഷ്ടപ്പെട്ടു എന്ന് അറിയിക്കുകയും ചെയ്തു. തൊട്ടടുത്ത ദിവസം ഇയാള്‍ വിളിച്ച് ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടേയും,ഷംന കാസിമിന്റെയും നമ്പര്‍ ചോദിച്ചു.
ഞാന്‍ അത് വാട്ട്‌സപ്പില്‍ അയച്ചുകൊടുത്തു. ഇവിടെ ഇദ്ദേഹമല്ല, മറ്റൊരാള്‍ ചോദിച്ചാലും പ്രത്യേകിച്ച്, സിനിമാക്കാരനാണെങ്കില്‍ ഏത് പാതിരാത്രിയിലും നമ്പര്‍ കൊടുക്കുന്ന ഒരാളാണ് ഞാന്‍. കഴിഞ്ഞ എത്രയോ വര്‍ഷങ്ങളായി മലയാള സിനിമയില്‍ ആധികാരികമായി ഉപയോഗിക്കുന്ന ഫിലിം ഡയറക്ടറി പുറത്തിറക്കുന്നതും ഞാനാണ്. ഞാന്‍ സംവിധായകന്റെ നമ്പര്‍ കൊടുത്ത ശേഷം,ഇയാള്‍ നിരന്തരം ആ സംവിധായകനെ വിളിക്കുകയും, സംവിധായകനോട് അദ്ദേഹത്തിന്റെ അക്കൗണ്ടില്‍ 25 ലക്ഷം രൂപ ഇടട്ടെ എന്ന് ചോദിക്കുകയും ചെയ്തു. എന്നാല്‍ അത് വേണ്ടെന്ന് ആ സംവിധായകന്‍ അറിയിച്ചു. അതിനടുത്ത ദിവസം ഇയാള്‍ എന്നെ വിളിച്ച് നടി അനു സിത്താരയുടെ നമ്പര്‍ ചോദിച്ചു. ഞാന്‍ അപ്പോള്‍അനുസിത്താരയുടെ പിതാവ്‌സലാം കല്‍പ്പറ്റയുടെനമ്പര്‍ കൊടുത്തു.സലാംക്കഎന്റെ അടുത്ത സുഹൃത്താണ്. മാത്രമല്ല അനുസിത്താര ആദ്യമായി അഭിനയിക്കുന്നത് ഞാന്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറായപൊട്ടാസ് ബോംബ്എന്ന ചിത്രത്തിലാണ്.അതു മാത്രമല്ല,അനു സിത്താരയുടെ അനുജത്തിഅനുസോനാരആദ്യമായി അഭിനയിച്ചതുംഞാന്‍ കണ്‍ട്രോളറായ ക്ഷണം എന്ന ചിത്രത്തിലാണ്.
സലാംക്ക എന്നെ വിളിച്ച് ഇങ്ങനെ അഷ്‌ക്കര്‍ അലി എന്ന ഒരു നിര്‍മ്മാതാവ് വിളിച്ചിരുന്നു എന്നും, അവരുടെ സിനിമയിലെ നായികാ വേഷം സംസാരിക്കാനാണ് എന്നും,ബാക്കി കാര്യങ്ങള്‍ നിങ്ങള്‍ സംസാരിക്കൂ..പറ്റില്ലെങ്കില്‍ വിട്ടോളൂ എന്നും പറഞ്ഞു. അതിന് ശേഷം,ചിത്രം ചെയ്യാമെന്നേറ്റ സംവിധായകന്‍ എന്നെ വിളിച്ച് ഇവരുടെ രീതി അത്ര കണ്ട് ശരിയല്ല എന്നു പറഞ്ഞു.അങ്ങനെയെങ്കില്‍ ആ പ്രൊജക്റ്റ് ചെയ്യണ്ട എന്ന് ഞാനും പറഞ്ഞു. അത് അവിടെ അവസാനിച്ചു.
അത് പറയുന്നത് 2020 മേയ് 3 ന് ആണ്. കോവിഡ് കാലമായതിനാല്‍ 2020 മാര്‍ച്ച് 19 മുതല്‍ ജൂണ്‍ 28 വരെ കോഴിക്കോട് ടൗണ്‍ വിട്ട ്ഒരു സ്ഥലത്തും ഞാന്‍ പോയിട്ടില്ല. എന്നെ വിളിച്ച ഈ പ്രതിയെ മുന്‍പ് നേരിട്ട് കാണുകയോ,അല്ലാതെ മറ്റുള്ള പരിചയമോ എനിക്ക് ഉണ്ടായിരുന്നതുമില്ല. ഇദ്ദേഹത്തെ ഞാന്‍ നേരിട്ട് കാണുന്നത് ജൂണ്‍ 29ന് എറണാകുളം വെസ്റ്റ് ട്രാഫിക്ക് പോലീസ് ഓഫീസില്‍ വച്ചാണ്. പോലീസ് ഓഫീസര്‍മാര്‍ വിവരങ്ങള്‍ ചോദിച്ചു. എന്റെ മറുപടി രേഖപ്പെടുത്തി.ഞാന്‍ തിരിച്ച് കോഴിക്കോട്ടേക്ക് പോരുകയും ചെയ്തു.ജൂണ്‍ 30 ന് എന്നെ ധര്‍മ്മജന്‍ ബോള്‍ഗാട്ടി വിളിക്കുകയും എന്നോടും, ഭാര്യയോടും സംസാരിക്കുകയും ചെയ്തു.
അദ്ദേഹത്തോട് മാദ്ധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ തന്റെ നമ്പര്‍ കൊടുത്തത് ഷാജി പട്ടിക്കരയാണ് എന്ന വിവരം പറയുക മാത്രമേ ചെയ്തിട്ടുള്ളൂ എന്നും അറിയിച്ചു
സ്വര്‍ണ്ണത്തട്ടിപ്പിന് പിന്നാലെ വിവാഹത്തട്ടിപ്പ് പ്ലാന്‍
സ്വര്‍ണക്കടത്തെന്ന് പേരില്‍ ഷംനാ കാസിമിനെ സമീപിച്ചപ്പോള്‍ അത് നടക്കില്ലെന്ന് മനസിലാക്കിയതിന് പിന്നാലെയാണ് ഹാരിസ്, റഫീക്ക്, ഷെരീഫ് എന്നിവരുടെ നേതൃത്വത്തില്‍ വിവാഹാലോചന ആയി അടുത്ത തട്ടിപ്പ് പ്ലാന്‍ ചെയ്തത്. ആകെ 12 പ്രതികളാണ് കേസിലുള്ളത്. നാല് പേരെ കൂടി പിടികൂടാനുണ്ട്. മോഡലിനെ പാലക്കാട്ട് തടങ്കലില്‍ പാര്‍പ്പിച്ച് ഭീഷണിപ്പെടുത്തിയ പ്രതിയെ കൊവിഡ് ബാധിതനായതിനാല്‍ അറസ്റ്റ് ചെയ്തിട്ടില്ല. നിര്‍മ്മാതാക്കളെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഷാജി പട്ടിക്കരയില്‍ നിന്ന് പ്രതികള്‍ നമ്പര്‍ സംഘടിപ്പിച്ചതെന്നും ഐജി വിജയ് സാഖറെ അറിയിച്ചിരുന്നു. പ്രതികള്‍ക്ക് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. ഷംനാ കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്തത് ഉള്‍പ്പെടെ എട്ട് കേസുകളാണ് ഈ സംഘത്തിനെതിരെ നിലവില്‍ ഉള്ളത്.