പൊലീസിൽ നിന്നും, സിപിഐഎമ്മിൽ നിന്നും നിരന്തരം വേട്ടയാടപ്പെടുന്നുവെന്ന് കാണിച്ച് മാധ്യമ പ്രവർത്തക വിനീത വേണു എഴുതിയ ഫേസ്ബുക്ക് പോസ്സ് ചർച്ചയായിരുന്നു. അഭിമാനത്തോടെ തല ഉയർത്തി അദ്ധ്വാനിച്ച് ആരേയും ഭയപ്പെടാതെ ജീവിക്കാനുള്ള വിനീത വേണുവിന്റേയും കുടുംബത്തിന്റെയും അവകാശത്തിന് നിലകൊള്ളുമെന്ന് പാലക്കാട് എം എൽ എ ഷാഫി പറമ്പിൽ എം എൽ എ.
മാധ്യമ പ്രവർത്തക വിനീത വേണുവും ഭര്‍ത്താവും അനുഭവിക്കേണ്ടി വന്നതൊന്നും ജനാധിപത്യ സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയുന്നതല്ല. ഒറ്റ വെട്ടിന് തീർത്തോളു എന്ന് പറയേണ്ട ഗതികേടിലേക്ക് നിങ്ങളെ തള്ളി വിട്ടവരുടെ ശിരസ്സാണ് കുനിയേണ്ടതെന്ന് ഷാഫി പറമ്പിൽ എംഎൽഎ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി.സിവിൽ പൊലീസ് ഉദ്യോഗസ്ഥനായ ഭർത്താവ് സുമേഷിന് സദാചാര ഗുണ്ടായിസം നേരിടേണ്ടി വന്നതിന്റെ പശ്ചാത്തലത്തിലാണ് വിനീത വേണു ഫേസ്ബുക്കിൽ രൂക്ഷ വിമർശനം ഉന്നയിച്ചത്.
ഷാഫി പറമ്പിലിന്റെ സോഷ്യൽ മീഡിയ കുറിപ്പ്
സദാചാര പോലീസിംഗ് മുതൽ ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതിയുടെ ഭീഷണി വരെ, ഇടത് അനുകൂല പോലീസ് ഉദ്ദ്യോഗസ്ഥരുടെ whatsapp ഗ്രൂപ്പുകളിലെ വധഭീഷണി തൊട്ട് നിയമവിരുദ്ധ ട്രാൻസ്ഫറുകളുടെ ഘോഷായാത്ര, എടുക്കുന്ന തൊഴിലിനെ സംബന്ധിച്ചും നവമാധ്യമങ്ങളില്‍ ആക്ഷേപവർഷവും പരിഹാസവും സ്വഭാവഹത്യയും. രാഷ്ട്രീയ പ്രേരിതമായി വാദിയെ പ്രതിയാക്കുന്ന അന്വേഷണ പ്രഹസനങ്ങള്‍, അപമാനിക്കല്‍, വേട്ടയാടലുകള്‍.. മാധ്യമ പ്രവർത്തക വിനീത വേണുവും ഭര്‍ത്താവും അനുഭവിക്കേണ്ടി വന്നതൊന്നും ജനാധിപത്യ സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയുന്നതല്ല . ഒറ്റ വെട്ടിന് തീർത്തോളു എന്ന് പറയേണ്ട ഗതികേടിലേക്ക് നിങ്ങളെ തള്ളി വിട്ടവരുടെ ശിരസ്സാണ് കുനിയേണ്ടത്. അഭിമാനത്തോടെ തല ഉയർത്തി അദ്ധ്വാനിച്ച് ആരേയും ഭയപ്പെടാതെ ജീവിക്കാനുള്ള ഈ കുടുംബത്തിന്റെ അവകാശത്തിന് വേണ്ടി നിലകൊള്ളും .