സിപിഎമ്മിന്റെ ആയുധപ്പുര സജീവമാണ് എന്നതിന്റെ സൂചനയാണ് തോട്ടടയിലെ വിവാഹ വീട്ടിലെ ബോംബേറെന്ന് ഷാഫി പറമ്പില്‍ എം.എല്‍.എ. പല വിവാഹ വീട്ടിലും തര്‍ക്കങ്ങളും തടസങ്ങളും ഉണ്ടാകാറുണ്ട്, അവിടെയൊക്കെ ബോംബെറിഞ്ഞ് ആളെ കൊല്ലുകയല്ലല്ലോ. വിവാഹ വീട്ടിലെ തര്‍ക്കത്തിന് നിന്നെ കാണിച്ച് തരാമെന്ന് പറഞ്ഞ് ഒരാള്‍ പോകുമ്പോള്‍ മണിക്കൂറിനകം എങ്ങനെയാണ് ബോംബ് കിട്ടുന്നത്. മാധ്യമങ്ങളോട് ഷാഫി പറഞ്ഞു.
ഷാഫി പറമ്പിലിന്റെ വാക്കുകള്‍
എത്രയും പെട്ടെന്ന് സിപിഎം കണ്ണൂരിലെ ആയുധപ്പുരകള്‍ അടച്ചുപൂട്ടാനുള്ള തീരുമാനം എടുക്കണം. നാടിനെ കരുതി ഇത് നടപ്പാക്കണം. കേസിലെ പ്രതി മിഥുൻ ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറിയാണ്. രാഷ്ട്രീയ പ്രവര്‍ത്തനവും ഗുണ്ടാപണിയും ഒരുമിച്ച് നടത്തുന്നവരെ സിപിഎം നിയന്ത്രിക്കണം.
അതേസമയം, തോട്ടട ജിഷ്ണു വധക്കേസില്‍ മൂന്ന് പേരെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ബോംബ് ഉണ്ടാക്കിയ സ്ഥലവും ബോംബിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ടെന്നും മിഥുൻറെ വീടിന്റെ പരിസരത്തുനിന്നാണ് ബോംബുണ്ടാക്കിയതെന്നും പൊലീസ് പറഞ്ഞു.
വീടിന്‍റെ പരിസരത്ത് ബോംബ് പൊട്ടിച്ച് പരീക്ഷിച്ചതായും പൊലീസ് കണ്ടെത്തി. തലേ ദിവസമാണ് ബോംബ് നിര്‍മ്മിച്ചത്. താഴേചൊവ്വയിലെ കടയിൽ നിന്ന് പടക്കം വാങ്ങിയെങ്കിലും ബോംബ് നിർമാണത്തിന് ഈ പടക്കം ഉപയോഗിച്ചില്ലെന്നും പൊലീസ് വ്യക്തമാക്കി. കൂടുതൽ പ്രതികളുണ്ടോ എന്നത് അന്വേഷിച്ച് വരികയാണ്.