ആകാശ് തില്ലങ്കേരിക്കൊക്കെ റഹീമിനേക്കാള്‍ റീച്ചുണ്ട്; 'കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാഫിയ' എന്നാക്കേണ്ട അവസ്ഥയാണ്;ഷാഫി പറമ്പില്‍

ആകാശ് തില്ലങ്കേരിക്കൊക്കെ റഹീമിനേക്കാള്‍ റീച്ചുണ്ട്; 'കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാഫിയ' എന്നാക്കേണ്ട അവസ്ഥയാണ്;ഷാഫി പറമ്പില്‍
Published on

കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ സിപിഐഎമ്മിനെ വിമര്‍ശിച്ച് പാലക്കാട് എം.എല്‍.എ ഷാഫി പറമ്പില്‍. സിപിഐഎമ്മിന്റെ നിര്‍വചനം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാഫിയ എന്നാക്കി തിരുത്തി എഴുതേണ്ട അവസ്ഥയിലേക്കാണ് പോവുന്നത്.

ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങളെ കേരളത്തില്‍ സിപിഐഎം സംഘടനാ വല്‍ക്കരിച്ചിരിക്കുന്നു. അവരുടെ സംഘടനയ്ക്കു വളരാനുള്ള പോഷക സംഘടനയെപോലെ ഈ മാഫിയ പ്രവര്‍ത്തനങ്ങളെയും കൂട്ടുപിടിച്ചിരിക്കുകയാണ്, ഷാഫി പറമ്പില്‍ പറഞ്ഞു.

''ശുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരിയെ സെലിബ്രിറ്റി സ്റ്റാറ്റസ് കൊടുത്താണ് സിപിഐഎം സംരക്ഷിച്ച് നിര്‍ത്തുന്നത്. അവരുടെയൊക്കെ പോസ്റ്റുകള്‍ക്ക് റഹീമിനേക്കാള്‍ റീച്ചുണ്ട്. കാരണം പാര്‍ട്ടി പ്രവര്‍ത്തകരുടെ മുമ്പില്‍ ഇവര്‍ക്കു വലിയൊരു സ്റ്റാറ്റസ് കല്‍പ്പിച്ചു കൊടുത്തിരിക്കുകയാണ്.

സിപിഐഎമ്മിനായി ക്വട്ടേഷനും മാഫിയ പ്രവര്‍ത്തനങ്ങളും നടത്താന്‍ കൊടി സുനിയും കിര്‍മാണി മനോജും മുഹമ്മദ് ഷാഫിയെയും പോലുള്ള ആളുകളും എസ്എഫ്ഐക്കും ഡിവൈഎഫ്ഐക്കുമായി ആകാശ് തില്ലങ്കേരി, അര്‍ജുന്‍ ആയങ്കിയെ പോലുള്ള ആളുകളുമാണ്.'' ഷാഫി പറമ്പില്‍ പറഞ്ഞു.

അതേസമയം ക്വട്ടേഷന്‍ ബന്ധങ്ങള്‍ നിഷേധിച്ച് സിപിഐഎം രംഗത്ത് വന്നിരുന്നു. അപരമുഖം സ്വീകരിച്ച അജ്ഞാത സംഘങ്ങള്‍ ആണ് കള്ളക്കടത്തിന് പിന്നിലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം പറഞ്ഞിരുന്നു.

ഫാന്‍സ്‌ക്ലബ്ബുകാര്‍ പിരിഞ്ഞു പോകണമെന്നും സമൂഹ മാധ്യമങ്ങളില്‍ ഇടപെടാന്‍ ഡിവൈഎഫ്ഐക്ക് പ്രത്യേക സംവിധാനം ഉണ്ടെന്നും റഹീം കൂട്ടിച്ചേര്‍ത്തു.

രാമനാട്ടുകര സ്വര്‍ണ്ണക്കടത്ത് കേസില്‍ അര്‍ജുന്‍ ആയങ്കിക്കെതിരെ സിപിഐഎം കണ്ണൂര്‍ നേതൃത്വവും രംഗത്തെത്തിയിരുന്നു. അര്‍ജുന്റെ സുഹൃത്ത് ആകാശ് തില്ലങ്കേരിക്കെതിരെയും സിപിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ വാര്‍ത്താ സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.

ഫേസ്ബുക്കില്‍ സിപിഎമ്മിന്റെ സജീവ പ്രചാരകനാണ് ആകാശ് തില്ലങ്കേരി. സിപിഐഎം സാമൂഹ്യമാധ്യമത്തില്‍ പ്രചാരവേല നടത്താന്‍ ഒരു ക്വട്ടേഷന്‍ സംഘത്തെയും ഏല്‍പ്പിച്ചിട്ടില്ലെന്നാണ് എം.വി.ജയരാജന്‍ പറഞ്ഞത്. അര്‍ജുനും ആകാശും പണം നല്‍കി സ്വാധീനിച്ച് നിരവധി യുവാക്കളെ ക്വട്ടേഷന്‍ സംഘത്തിലേക്ക് ചേര്‍ത്തുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. വാര്‍ഡ് തല സമിതി രൂപീകരിച്ച് പ്രതിരോധം തീര്‍ക്കുമെന്നായിരുന്നു മന്ത്രി എംവി ഗോവിന്ദന്‍ മാസ്റ്റര്‍ പ്രതികരിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in